ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്ട് പോലീസിന്റെ ഉറക്കം കെടുത്തി കവർച്ചക്കാരുടെ സ്വൈര്യ വിഹാരം
കാഞ്ഞങ്ങാട്: നഗരമധ്യത്തിൽ മൊബൈൽ ഷോപ്പിന്റെ പൂട്ട് തകർത്ത കവർച്ചാ സംഘം 15 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർച്ച ചെയ്തു. ബസ് സ്റ്റാന്റിന് സമീപം നയബസാർ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മെജസ്റ്റിക് കമ്മ്യൂണിക്കേഷൻ മൊബൈൽ ഷോപ്പിലാണ് ഇന്ന് പുലർച്ചെ നഗരത്തെ നടുക്കിയ കവർച്ച നടന്നത്. മടിക്കൈ കാഞ്ഞിരപ്പൊയിൽ സ്വദേശി അബ്ദുൾ സത്താറിന്റെ ഉടമസ്ഥയിലുള്ളതാണ് കട.
ഇന്ന് രാവിലെ ഇതു വഴി പോയവരാണ് മൊബൈൽ ഷോപ്പ് കുത്തിതുറന്ന നിലയിൽ കണ്ടത്. വിവരമറിഞ്ഞ് അബ്ദുൾ സത്താർ കടയിലെത്തി പരിശോധിച്ചപ്പോഴാണ് സ്ഥാപനത്തിലുണ്ടായിരുന്ന ഒട്ടുമുക്കാൽ മൊബൈൽ ഫോണുകളും കവർച്ച ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ഹൊസ്ദുർഗ് എസ്ഐ, കെ.പി.സതീഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
നയബസാർ ഷോപ്പിംഗ് കോംപ്ലക്സിൽ പടിഞ്ഞാറെ അറ്റം ഇന്ത്യൻ കോഫി ഹൗസിന് തൊട്ട് താഴെയാണ് മെജിസ്റ്റിക് മൊബൈൽ ഷോപ്പ്. റെയിൽവെ സ്റ്റേഷനിലേക്ക് നടന്നു പോകേണ്ട വഴി ഇതിലൂടെയുണ്ട്. ഷോപ്പിംഗ് കോംപ്ലക്സ് കഴിഞ്ഞാൽ പിന്നെയുള്ള ഒഴിഞ്ഞ പ്രദേശം കാട് മൂടി ഭീകരത സൃഷ്ടിക്കുന്ന പ്രദേശമാണ്. കഞ്ചാവ് ലോബികളുടെയും മദ്യപാനികളുടെയും ഇടത്താവളമായ പ്രദേശത്ത് കൂടി സന്ധ്യ കഴിഞ്ഞാൽ ഭയപ്പാടോടെയാണ് യാത്രക്കാർക്ക് റെയിൽവെ സ്റ്റേഷനിലെത്തുന്നത്.
കാടുമൂടി കിടക്കുന്ന പ്രദേശത്തിന് തൊട്ടടുത്തുള്ള കടയായതുകൊണ്ടു തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പതിയാതെ കവർച്ച പൂർത്തിയാക്കാൻ പ്രതികൾക്ക് സാധിച്ചു. ഇന്നലെ അർധരാത്രിക്ക് ശേഷം കവർച്ച നടന്നുവെന്നാണ് സംശയം. സത്താറിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. കഴിഞ്ഞ ദിവസം ബസ് സ്റ്റാന്റിന് സമീപത്തെ മൊബൈൽ ഷോപ്പിന്റെ പൂട്ട് തകർത്ത് ലാപ്പ് ടോപ്പും 5 മൊബൈൽ ഫോണുകളും കവർച്ച ചെയ്തതിന് പിന്നാലെയാണ് നയാബസാറിൽ വൻ കവർച്ച അരങ്ങേറിയത്. നഗരത്തിലെ രണ്ട് വസ്ത്രാലയങ്ങളിലും കവർച്ച നടന്നിരുന്നു.
അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പിലും ഇന്നലെ രാത്രി കവർച്ച നടന്നു. മേശ വലിപ്പിൽ സൂക്ഷിച്ച 70,000 രൂപയും വിലപിടിപ്പുള്ള മരുന്നുകളും കവർച്ച ചെയ്യപ്പെട്ടു. ഷട്ടർ പൂട്ട് മുറിച്ചാണ് ഇവിടെയും കവർച്ച നടന്നത്. നഗരത്തിൽ കവർച്ചാ സംഘം പിടിമുറുക്കി തുടർച്ചയായി കവർച്ചകൾ അരങ്ങേറുകയാണ്. കവർച്ചക്കാരെ പിടികൂടാൻ പോലീസ് ഉറക്കമിളിച്ചിരിക്കുമ്പോഴാണ് നഗരത്തിൽ ഇന്നും രണ്ടിടത്തായി വൻ കവർച്ചകൾ നടന്നത്. ജഡ്ജിയുടെ കാഞ്ഞങ്ങാട്ടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന കവർച്ചാ ശ്രമം പോലീസ് പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ രണ്ട് കവർച്ചക്കാരെ പോലീസിന് പിടികൂടാൻ സാധിച്ചു.