എംഎൽഏയുടെ രാജി ലീഗ് ആവശ്യപ്പെട്ടേക്കും

ഖമറുദ്ദീൻ 9-ന് പാണക്കാട്ടെത്തണം ∙ എംഎൽഏ രാഷ്ട്രീയ മര്യാദകൾ ലംഘിച്ചു

കാഞ്ഞങ്ങാട്: നൂറുകോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസ്സിൽ പ്രതിയായ  മഞ്ചേശ്വരം എംഎൽഏ, എം.സി. ഖമറുദ്ദീൻ സപ്തംബർ 9-ന് പാണക്കാട്ടെത്തണം.

ഫാഷൻ ഗോൾഡ് തട്ടിപ്പുകേസ്സുകൾ സംബന്ധിച്ച് യഥാർത്ഥ വസ്തുതകൾ ഖമറുദ്ദീൻ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ ബോധ്യപ്പെടുത്തണം.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ഖമറുദ്ദീൻ എംഎൽഏയുടെ പേരിൽ 19 കേസ്സുകൾ ഇതിനകം പോലീസ് റജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഖമറുദ്ദീനെ ഇനിയും എംഎൽഏ പദവിയിൽ തുടരാൻ അനുവദിക്കുന്നതിൽ അർത്ഥമില്ലെന്ന്  പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പറയാതെ പറഞ്ഞുകഴിഞ്ഞു.

ഖമറുദ്ദീന് എതിരായ നീക്കം അദ്ദേഹത്തിന്റെ മണ്ഡലമായ മഞ്ചേശ്വരത്തും കാസർകോട് ജില്ലയിലെ മുസ്്ലീംലീഗ് പ്രവർത്തകരിലും ശക്തമായിട്ടുണ്ട്.

ഖമറുദ്ദീൻ എംഎൽഏ പദവി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിൽ നിന്ന് അനുദിനം പാണക്കാട്ടേക്ക് ഫോൺ വിളികളും, സന്ദേശങ്ങളും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.

ഖമറുദ്ദീന്റെ തട്ടിപ്പുകൾ ലീഗിൽ ബോധ്യപ്പെട്ട ഒരേ ഒരാൾ പി.കെ. കുഞ്ഞാലിക്കുട്ടിയാണ്.

കുഞ്ഞാലിക്കുട്ടി നേരത്തെ തന്നെ ഫാഷൻ ഗോൾഡിൽ തട്ടിപ്പു നടന്നതായി അന്വേഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്.

ഖമറുദ്ദീൻ വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടേതായി പുറത്തുവന്ന പ്രസ്ഥാവനകൾ ഖമറുദ്ദീന് എതിരായിരുന്നു.

എംഎൽഏ പദവിയിൽ നിന്ന് ഖമറുദ്ദീനെ ഒഴിവാക്കിയില്ലെങ്കിൽ അത് ഇന്ത്യൻ യൂണിയൻ മുസ്്ലീം ലീഗ് പ്രസ്ഥാനത്തിന് വലിയ തിരിച്ചടിയായിത്തീരുമെന്ന തുറന്ന അഭിപ്രായക്കാരനാണ് പി.കെ. കുഞ്ഞാലിക്കുട്ടി.

തൽസമയം അച്ചടി ദൃശ്യമാധ്യമങ്ങളിൽ ഭൂരിഭാഗവും ഖമറുദ്ദീന്റെ നിക്ഷേപത്തട്ടിപ്പിന് എതിരെ രംഗത്തുവന്നിട്ടും, ഒന്നും സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് ഖമറുദ്ദീൻ ഇപ്പോഴുമുള്ളത്. താൻ നടത്തിയ നിക്ഷേപത്തട്ടിപ്പുകൾ  ജനങ്ങൾക്ക് ബോധ്യപ്പെട്ടതും, പോലീസ് എംഎൽഏയെ പ്രതിചേർത്ത് 19 കേസ്സുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതും, തട്ടിപ്പു രേഖകൾ പിടിച്ചെടുക്കാൻ പോലീസ്, ഖമറുദ്ദീന്റെ പടന്ന എടച്ചാക്കൈയിലുള്ള സ്വന്തം വീട്ടിൽ റെയ്ഡ് നടത്തിയതും ഖമറുദ്ദീന്റെ പേരിൽ  75 ലക്ഷം രൂപയുടെ രണ്ട് ചെക്ക് കേസ്സുകൾ ഹോസ്ദുർഗ്ഗ് കോടതിയിൽ ഫയൽ ചെയ്തതുമെല്ലാം, തന്നെ ഒരിക്കലും ബാധിക്കില്ലെന്ന മട്ടിലാണ് ഖമറുദ്ദീന്റെ ഇന്നത്തെയും നിലപാട്.

ജുഗുപ്സാവഹമെന്ന് തന്നെ പേരിട്ടു വിളിക്കാവുന്ന ഫാഷൻ ഗോൾഡ് തട്ടിപ്പുകേസ്സുകളിൽ പ്രതിചേർക്കപ്പെട്ട ഉടൻ ഖമറുദ്ദീൻ സ്വയം പാണക്കാട്ടെത്തി പാർട്ടി അധ്യക്ഷന് പദവി രാജിവെച്ചതായി എഴുതിക്കൊടുക്കേണ്ടതായിരുന്നുവെങ്കിലും, എംഎൽഏ പദവിയിൽ അവസാന തുള്ളി രക്തം  വരെ അള്ളിപ്പിടിച്ചു നിൽക്കുന്ന ഖമറുദ്ദീന്റെ സ്വാർത്ഥവും തലതിരിഞ്ഞതും, രാഷ്ട്രീയ മര്യാദകൾക്ക് ഒരിക്കലും ചോരാത്തതുമായ ഇപ്പോഴത്തെ നീക്കം ഖമറുദ്ദീൻ കറ കളഞ്ഞ രാഷ്ട്രീയക്കാരൻ അല്ലെന്നും, യഥാർത്ഥ തട്ടിപ്പുകാരനാണെന്നുമുള്ള സന്ദേശവും ജനങ്ങളിലെത്തിക്കഴിഞ്ഞു.

ചതി, വഞ്ചന കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി പോലീസ്, എംഎൽഏയുടെ പേരിൽ 19 കേസ്സുകൾ രജിസ്റ്റർ ചെയ്തതോടെ മുസ്്ലീംലീഗ് അണികളും ഖമറുദ്ദീനെ കൈവിട്ടു. കാരണം ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡിൽ 3 ലക്ഷം രൂപ മുതൽ 3 കോടി രൂപ വരെ ലാഭവിഹിതം പ്രതീക്ഷിച്ച് മുടക്കിയവരിൽ നൂറുശതമാനം നിക്ഷേപകരും മുസ്്ലീംലീഗ് പ്രവർത്തകരും അനുഭാവികളുമാണ്.

ഇവരിൽ രണ്ടു ശതമാനം പേർ മുസ്്ലീം സ്ത്രീകളുമാണ്. ഖമറുദ്ദീന്റെ രാജി മുസ്്ലീംലീഗ്   പെട്ടെന്ന് ഉറപ്പാക്കിയില്ലെങ്കിൽ, കാസർകോട് ജില്ലയിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും, അണികൾ ഇതര പാർട്ടികളിൽ  ചേക്കേറുമെന്നുമുള്ള തിരിച്ചറിവിലാണ്, പാർട്ടി അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ ഖമറുദ്ദീനെ 19-ന് പാണക്കാട്ടേക്ക് വിളിപ്പിച്ചിട്ടുള്ളത്.

LatestDaily

Read Previous

കുടുംബത്തിന്റെ ആത്മഹത്യാ കാരണം തേടി പോലീസ്

Read Next

ഖമറുദ്ദീൻ ഇനിഎത്ര നാൾ പിടിച്ചു നിൽക്കും