എംഎൽഏയുടെ വീട് റെയ്ഡ് ചോർന്നു

കാഞ്ഞങ്ങാട്: നൂറ്റിമുപ്പത്തിയാറു കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ എം.സി. ഖമറുദ്ദീൻ എംഎൽഏയുടെ വീട് റെയ്ഡ് ചന്തേര പോലീസിൽ നിന്ന് ചോർന്നു.

സെപ്തംബർ 8-ന് രാവിലെ 9-30 മണിക്ക്  പടന്ന എടച്ചാക്കൈയിലുള്ള ഖമറുദ്ദീന്റെ സ്വന്തം വീട്ടിൽ ചന്തേര ഇൻസ്പെക്ടർ,   പി. നാരായണനും പാർട്ടിയും റെയ്ഡ് നടത്തിയത്. ഖമറുദ്ദീൻ വീട്ടിലില്ലെന്ന  കാര്യം പോലീസിനറിയാമായിരുന്നു. ഖമറുദ്ദീന്റെ മകൻ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ജോലി നോക്കുന്ന ഡോ. മിഥ്്ലാജിനെ പോലീസ് ഫോണിൽ വിളിക്കുകയും വീട് തുറന്നുതരണമെന്ന് ആവശ്യപ്പെട്ട ശേഷമാണ് പോലീസ് ഖമറുദ്ദീന്റെ വീട്ടിലെത്തിയത്.

വീട് റെയ്ഡിൽ എന്തെല്ലാം രേഖകൾ ലഭിച്ചുവെന്ന് പോലീസ് ഇനിയും പുറത്തുവിട്ടിട്ടില്ല.

ഖമറുദ്ദീന്റെ വീട് റെയ്ഡിന് ശേഷം കാലത്ത് പത്തുമണിക്ക് ശേഷമാണ് ഇൻസ്പെക്ടറും പാർട്ടിയും, ചന്തേര പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ, ടി.കെ. പൂക്കോയ തങ്ങളുടെ വീട് റെയ്ഡ് ചെയ്തത്. പൂക്കോയയുടെ വീട്ടിൽ രേഖകൾ സൂക്ഷിച്ചിട്ടുള്ള രണ്ട് മുറികൾ അടഞ്ഞുകിടക്കുകയായിരുന്നു. ഈ മുറികൾ പോലീസ് തുറന്നു പരിശോധിച്ചതുമില്ല.

സാധാരണ രീതിയിൽ ചതിയും വഞ്ചനാക്കുറ്റവും ഐപിസി 420, 406 കേസ്സുകളിൽ ഉൾപ്പെട്ട  പ്രതിയുടെ വീട് റെയ്ഡ് ചെയ്താൽ വീട്ടിലെ മുഴുവൻ മുറികളും റെയ്ഡ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ തുറന്നു പരിശോധിക്കാറുണ്ട്.

മാത്രമല്ല, ഇത്തരം വീട്ടുമുറികളിൽ അടച്ചുപൂട്ടി വെച്ച അലമാരകൾ തുറന്നു പരിശോധിക്കാറുമുണ്ട്.

136 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രതികളുടെ വീട് റെയ്ഡ്   സാധാരണഗതിയിൽ  8 മണിക്കൂറെങ്കിലും നീണ്ടു പോകേണ്ടതാണ്. ഈ സ്ഥാനത്ത് ഖമറുദ്ദീന്റെയും പൂക്കോയുടെയും വീടുകളിൽ 30 മിനിറ്റിൽ കൂടുതൽ ചന്തേര പോലീസ് ഉണ്ടായിരുന്നില്ല. ഇതുകൊണ്ട് തന്നെ റെയ്ഡ് നടത്തിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരു മിന്നലായിരുന്നു ഇരു പ്രതികളുടെയും വീടുകളിൽ നടത്തിയ  പോലീസ് റെയ്ഡ്.  പൂക്കോയ തങ്ങളുടെ വീട്ടിലെ  നാലുമുറികളിലും അടച്ചുപൂട്ടിയ അലമാരകൾ കണ്ടെത്തിയിട്ടും, ഈ അലമാരകളിൽ ഒന്നുപോലും തുറന്നു പരിശോധിക്കാതെ വെറും 30 മിനുറ്റുകൾക്കകമാണ് റെയ്ഡ് പൂർത്തിയാക്കി പോലീസ് സംഘം പുറത്തിറങ്ങിയത്.

സ്വന്തം വീട്ടിൽ പോലീസ് റെയ്ഡ് നടക്കുമ്പോൾ, ടി.കെ. പൂക്കോയ സ്വന്തം വീടിനോട് ചേർന്നുള്ള സഹോദരി ആറ്റബിയുടെ വീട്ടിൽ തന്നെയുണ്ടായിരുന്നു. 

Read Previous

ഫാഷൻ ഗോൾഡ്: ക്രൈംബ്രാഞ്ച് സംഘം ഇന്ന് ചന്തേരയിലെത്തും

Read Next

ഖമറുദ്ദീന് കാര്യമായ സ്വത്തുക്കളില്ല, മുസ്ലീം ലീഗ് അന്വേഷണം തുടങ്ങി