നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കാൻ സ്വർണ്ണക്കടത്ത് സംഘം മൂന്നര മാസം ഷെഫീഖിനെ തിരഞ്ഞു

കാഞ്ഞങ്ങാട്: നഷ്ടപ്പെട്ട 40 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം വീണ്ടെടുക്കാൻ കാസർകോട് സംഘം അജാനൂർ കൊളവയൽ മുട്ടുന്തലയിലെ ഷെഫീഖിനെ 35, തിരഞ്ഞുനടന്നത് മൂന്നരമാസക്കാലം. ഗൾഫിൽ നിന്നും മൂന്നരമാസം മുമ്പ് നാട്ടിലെത്തിയ ഷെഫീഖിനെ അന്വേഷിച്ച് കാസർകോട്ടെ സംഘം കാഞ്ഞങ്ങാട്ടും മുട്ടുന്തലയിലും തമ്പടിച്ചിരുന്നു. യുവാവ് ഗൾഫിൽ നിന്നും നാട്ടിലെത്തിയെന്ന്  ഉറപ്പാക്കിയ സ്വർണ്ണക്കടത്തുസംഘത്തിന് പക്ഷെ െഷഫീഖിനെ കണ്ടെത്താൻ സാധിച്ചില്ല.

ഇതേസമയം ദുബായിൽ നിന്നും നാട്ടിലെത്തിയ ഷെഫീഖ് സ്വന്തം വീട്ടിലോ, കോട്ടപ്പുറത്തെ ഭാര്യാഗൃഹത്തിലോ, ബന്ധുവീട്ടിലോ എത്താതെ അജ്ഞാത കേന്ദ്രത്തിലായിരുന്നു. സ്വർണ്ണക്കടത്തുസംഘത്തിന്റെ ക്വട്ടേഷൻ ടീം തിരയുന്നുണ്ടെന്ന് മനസ്സിലാക്കി  ഷെഫീഖ് ജീവന് ഭീഷണിയുണ്ടായതോടെ നാട്ടിലെത്താതെ വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

പേസ്റ്റ് രൂപത്തിലാക്കി ഉരുക്കിയ ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വർണ്ണം ദുബായിൽനിന്നും നാട്ടിലെത്തിക്കാൻ കാസർകോട് സംഘം ഏൽപ്പിച്ചിരുന്നതായി ഷെഫീഖ് ബന്ധുക്കളോട് തുറന്ന് പറഞ്ഞിരുന്നു. പ്രസ്തുത സ്വർണ്ണം ദുബായിൽ തന്നെ പിന്നീട് സ്വർണ്ണക്കടത്തുസംഘത്തിലെ ചിലർ വാങ്ങിക്കൊണ്ടുപോയി. കാഞ്ഞങ്ങാട്ടേയ്ക്ക് സ്വർണ്ണം  കൊണ്ടുവന്നിട്ടില്ലെന്ന് ഷെഫീഖ് ആണയിടുന്നു.

ഇട്ടമ്മൽ റോഡിൽ നിന്നും ബുധനാഴ്ച ഉച്ചയ്ക്ക് തട്ടിക്കൊണ്ടുപോവുകയും കാറിനകത്ത്  വാളുപയോഗിച്ച് ഷെഫീഖിന്റെ ചെറുവിരൽ അറുക്കുകയും ചെയ്ത കേസ്സിൽ അറസ്റ്റിലായ ആറംഗസംഘത്തിലെ ഒരാൾ മാത്രമാണ് ദുബായിൽ   നടന്ന സ്വർണ്ണ ഇടപാടിലെ പങ്കാളി.  റിമാന്റിലുള്ള മറ്റ്  അഞ്ച് പേരും പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട മറ്റ് പ്രതികളും ഷെഫീഖിനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം തിരിച്ചുവാങ്ങാൻ നിയോഗിക്കപ്പെട്ട വാടക സംഘമാണെന്നാണ് സൂചന.

അറസ്റ്റിലായ പ്രതികളുടെ പേരിൽ മറ്റ് ക്രിമിനൽ കേസ്സുകളൊന്നും നിലവിലില്ല. ഷെഫീഖിനെ തിരഞ്ഞ് സദാസമയം കൊളവയൽ മുട്ടുന്തലയിലും, ഷെഫീഖിന്റെ വീടിനടുത്തുള്ള റോഡുകളിലും പ്രതികൾ കാറിൽ ചുറ്റിക്കറങ്ങിയിരുന്നു. പ്രവാസി യുവാവിന്റെ മാതാപിതാക്കൾ താമസിക്കുന്ന വീടിന് സമീപം കാസർകോട് റജിസ്ട്രേഷനുള്ള കാറുകൾ കറങ്ങുന്നത് നേരത്തെ  കണ്ടവരുണ്ട്.

രോഗബാധിതനായി മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് വീട്ടിലേക്ക് മടങ്ങി വന്ന വിവരമറിഞ്ഞാണ് ഷെഫീഖ് രഹസ്യ കേന്ദ്രത്തിൽ നിന്നും മുട്ടുന്തലയിലെ വീട്ടിലെത്തിയത്. മാതാപിതാക്കളെ കണ്ട് കുടുംബവീട്ടിൽ നിന്നും സ്വന്തം കാറിൽ മടങ്ങുന്നതിനിടെയാണ് സ്വർണ്ണക്കടത്തുസംഘം അപ്രതീക്ഷിതമായി ഷെഫീഖിന് മേൽ ചാടിവീണ് തട്ടിക്കൊണ്ടുപോയത്.

LatestDaily

Read Previous

ബേബി ബാങ്ക് പ്രസിഡണ്ട് പദവി ഒഴിഞ്ഞില്ല

Read Next

ടവർ നിർമ്മാണത്തിനെതിരെ സംഘടിച്ച് നാട്ടുകാർ, കൊളവയൽ കാറ്റാടിയിൽ സംഘർഷം