പുഴയിൽ കാണാതായ 16 കാരന്റെ മൃതദേഹം കിട്ടി കാസർകോട് അഗ്നിരക്ഷാ സേനയ്ക്കെതിരെ പ്രതിഷേധം

കാഞ്ഞങ്ങാട്: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ പുഴയിൽ കാണാതായ പതിനാറു വയസ്സുകാരന്റെ മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ ചന്ദ്രഗിരിപ്പുഴയിൽ കണ്ടെത്തി. മേൽപ്പറമ്പ് കൊമ്പനടുക്കത്തെ റസാഖ്-ആബിദ ദമ്പതികളുടെ മകൻ മിസ്ഹബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കൂട്ടുകാർക്കൊപ്പം ഇന്നലെ ഉച്ചയോടെയാണ് മിസ്ഹബ് ചന്ദ്രഗിരിപ്പുഴയുടെ ഭാഗമായ കൊമ്പനടുക്കം പുഴയിൽ കുളിക്കാനിറങ്ങിയത്. ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയെ കണ്ടെത്താൻ നാട്ടുകാർ രാത്രി ഏറെ വൈകുവോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുലർച്ചെ മുതൽ നാട്ടുകാർ വീണ്ടും തിരച്ചിൽ തുടർന്നതിനെത്തുടർന്ന് കൊമ്പനടുക്കം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചെമ്മനാട് ഗവ.ഹയർസെക്കന്ററി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിയാണ്.

മേൽപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി. കാസർകോട് അഗ്നിരക്ഷാസേന കുട്ടിയെ തിരയുന്നതിൽ കടുത്ത അലംഭാവം കാട്ടിയതായി നാട്ടുകാർ പറഞ്ഞു. കുട്ടിയെ കാണാതായ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നി ശമനസേന അരമണിക്കൂർ തിരച്ചിൽ നടത്തി സ്ഥലം വിട്ടു. പുഴയിൽ ബോട്ടിറക്കി തിരച്ചിൽ നടത്താൻ അഗ്നി ശമന സേന തയ്യാറായില്ല.

കൊമ്പനടുക്കം വഴി ബോട്ടിറക്കുന്നത് പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഗ്നിരക്ഷാ സേന ജീവനക്കാർ മടങ്ങിയത്. ബോട്ടിറക്കാൻ ബുദ്ധിമുട്ടില്ലാത്ത ചെമ്മനാട് പുഴയിലൂടെ ബോട്ടിറക്കി കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടുവെങ്കിലും അതിന് തയ്യാറായില്ല. ഉച്ചയ്ക്ക് തിരച്ചിൽ നടത്തി സ്ഥലം വിട്ട അഗ്്നിശമന സേന പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയില്ല. ഇതേത്തുടർന്നാണ് നാട്ടുകാർ മുൻകൈയ്യെടുത്ത് തിരച്ചിൽ നടത്തി മിസ്ഹബിനെ കണ്ടെത്തിയത്.

LatestDaily

Read Previous

കള്ളാറിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ മൽസരിക്കും

Read Next

മുസ് ലീം ലീഗ് 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; മൂന്ന് സീറ്റുകളിൽ തർക്കം തീർന്നില്ല