ഇന്റർനെറ്റ് ദുരുപയോഗം

കൗമാരപ്രായക്കാരായ വിദ്യാർത്ഥികളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കളിൽ അവബോധമുണ്ടാക്കുന്നതിനായി സർക്കാർ നിർദ്ദേശിച്ച സാമൂഹ്യ മാധ്യമ പ്രചാരണവും, പോസ്റ്റർ പ്രചാരണവും കാലഘട്ടം ആവശ്യപ്പെടുന്ന ഒന്നാണ്. കോവിഡിന്റെ സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിട്ടതോടെ വിദ്യാർത്ഥികളുടെ പഠനം ഒാൺലൈനിലായതിനാൽ പ്രത്യേകിച്ചും. പ്രൈമറി ക്ലാസ്സുകൾ മുതൽ പ്ലസ്ടു തലം വരെയുള്ള കുട്ടികളുടെ കൈയ്യിലേക്ക് പഠനാവശ്യത്തിനായി മൊബൈൽ ഫോണുകൾ എത്തിയ സാഹചര്യത്തിൽ പഠനോപകരണം കുട്ടികൾ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നതിൽ നിരീക്ഷണം അത്യാവശ്യമായിരിക്കുകയാണ്.

മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എന്തും കിട്ടുന്ന സാഹചര്യത്തിൽ കുട്ടികൾ ഇന്റർനെറ്റിൽ എന്തൊക്കെ തെരയുന്നുണ്ടെന്ന തിരിച്ചറിവ് രക്ഷിതാക്കൾക്കും ഉണ്ടാകേണ്ടതുണ്ട്. എന്തിനെക്കുറിച്ചും വിവരങ്ങൾ നൽകുന്ന ഇന്റർനെറ്റ് വലകളിൽ അരുതാത്ത വിജ്ഞാനങ്ങളും ആവോളമുള്ളതിനാൽ കുട്ടികളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങൾ അത്യാവശ്യമാണ്.

ഒാൺലൈൻ പഠനത്തിനെന്ന പേരിൽ അടച്ചിട്ട മുറികളിലിരിക്കുന്ന കൗമാരപ്രായക്കാരെ നിരീക്ഷിക്കുന്നതിൽ രക്ഷിതാക്കൾ പരാജയപ്പെട്ടാൽ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന സർക്കാരിന്റെ തിരിച്ചറിവ് അഭിനന്ദനാർഹമാണ്. സ്കൂളുകൾ അടച്ചിട്ടതിനെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായ വിദ്യാർത്ഥികൾ മാനസികോല്ലാസത്തിനായി ഇന്റർനെറ്റിൽ തെരയുകയും, അരുതാത്ത വിവരങ്ങൾ ശേഖരിക്കുകയും ചെയ്താൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെത്തന്നെ അത് കാര്യമായി ബാധിക്കും.

നന്നേ ചെറുപ്പത്തിൽത്തന്നെ ഇന്റർനെറ്റ് ഉപകരണങ്ങൾ കൈയ്യിൽക്കിട്ടിയ കൗമാരപ്രായക്കാർ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. ഇത് പ്രതിരോധിക്കാനായി കുട്ടികളിൽ ഇന്റർനെറ്റ് സാക്ഷരതാ നിലവാരം ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്.  ആരോഗ്യകരമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കേണ്ടതും നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമാണ്.

സൈബർ ഇടങ്ങളിൽ പെൺകുട്ടികളെ വീഴ്ത്താൻ വല വിരിച്ചിരിക്കുന്നവർക്കെതിരെ സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ കാലിക പ്രസക്തമാണ്. സൈബർ ചതിക്കുഴികളിൽ അകപ്പെടാതിരിക്കാൻ പെൺകുട്ടികളെ മാനസികമായി തയ്യാറാക്കുമെന്ന സർക്കാർ പ്രഖ്യാപനം കൈയ്യടി അർഹിക്കുന്നു. കൗമാരപ്രായക്കാരായ പെൺകുട്ടികൾ എളുപ്പം ചതിക്കുഴിയിൽ വീഴാൻ സാധ്യതയുള്ളതിനാൽ പെൺകുട്ടികളിലെ ഇന്റർനെറ്റ് ഉപയോഗവും നിരീക്ഷിക്കപ്പെടേണ്ടത് തന്നെയാണ്.

ഇന്റർനെറ്റ് ദുരുപയോഗം മൂലം കുട്ടികൾ വഴിതെറ്റുന്നുവെങ്കിൽ അതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കൾക്ക് തന്നെയാണ്. ഡിജിറ്റൽ ഉപകരണങ്ങൾ മക്കൾ എപ്രകാരം ഉപയോഗിക്കുന്നുവെന്നതിൽ സദാ നിരീക്ഷണമുണ്ടായിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. എളുപ്പത്തിൽ വഴി തെറ്റാൻ സാധ്യതയുള്ള കൗമാര പ്രായക്കാർക്ക് ദിശാബോധം നൽകുന്ന തരത്തിലുള്ള കൗൺസിലിങ്ങുകൾ നൽകി അവരെ ആരോഗ്യകരമായ ഇന്റർനെറ്റ് ഉപയോഗ ശീലങ്ങൾ പഠിപ്പിച്ചെടുക്കുകയെന്ന ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം.

കോവിഡ് അടച്ചിടൽ കാലത്തെ വിദ്യാഭ്യാസം ഇന്റർനെറ്റിലൂടെ മാത്രമേ സാധ്യമാകുകയുള്ളുവെന്നതിനാൽ ആരോഗ്യകരമായ ഇന്റർനെറ്റ് ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. വിജ്ഞാന വിസ്ഫോടനങ്ങളുടെ ഇന്റർനെറ്റ് യുഗത്തിൽ ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയെന്നും വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇതെക്കുറിച്ചുള്ള പ്രാഥമിക പാഠങ്ങൾ വീടുകളിൽ നിന്നാണ് ആരംഭിക്കേണ്ടത്. സാധാരണക്കാരായ രക്ഷിതാക്കൾക്ക് ഇന്റർനെറ്റിന്റെ ദുരുപയോഗത്തെക്കുറിച്ച് കൂടുതൽ അറിവുണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ ഇത്തരം വിധ്യാർത്ഥികൾക്ക് മേൽ അധ്യാപകരുടെ നിരീക്ഷണമുണ്ടായിരിക്കണം. മാനസികാരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് പൊതുസമൂഹത്തിന്റെയും സഹകരണമുണ്ടാകണം.

LatestDaily

Read Previous

ജില്ലാശുപത്രി മതിൽ ഏത് സമയവും തകരാൻ സാധ്യത ഭീതിയോടെ നാട്ടുകാർ

Read Next

ഉണ്ണിത്താൻ നാളെ എത്തും; വഴി തടയാൻ രഹസ്യനീക്കം