മന്ത്രി ഉദ്ഘാടനം ചെയ്യുന്നത് അനധികൃത ഫുട്ബോൾ മൈതാനം

അജാനൂർ: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇന്നു വൈകുന്നേരം ഉദ്ഘാടനം ചെയ്യാനിരിക്കുന്നത് അനധികൃത ഫുട്ബോൾ ടർഫ്. അജാനൂർ പഞ്ചായത്തിൽ പടിഞ്ഞാറേക്കരയിൽ വെള്ളിക്കോത്തേക്ക് പോകുന്ന ഇടുങ്ങിയ പഞ്ചായത്ത് നിരത്തിന്റെ പടിഞ്ഞാറുഭാഗത്താണ് പ്രവാസിയായ പത്മനാഭൻ പുല്ലൂർ ഫുട്ബോൾ കളിക്കാനുള്ള ടർഫ് നിർമ്മിച്ചത്. ടർഫിന്റെ ഉടമ പത്മനാഭനും, ഫുട്ബോൾ കോച്ചുമാരായ പി. കുഞ്ഞികൃഷ്ണനും,  സുരേഷ് മുട്ടത്തും കാഞ്ഞങ്ങാട്ട് പത്ര സമ്മേളനം വിളിച്ചാണ് ഈ അനധികൃത ഫുട്ബോൾ ടർഫ് ഇന്ന് വൈകുന്നേരം 6 മണിക്ക് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന വിളംബരം  കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

മൻസൂർ ആശുപത്രിക്ക് മുന്നിലൂടെ കടന്നുപോകുന്ന വെറും 5 മീറ്റർ മാത്രം വീതിയുള്ള റോഡരികിൽ പൊതുവെ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുന്ന റോഡരികിൽ ഫുട്ബോൾ ടർഫ്  കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും. മാത്രമല്ല, മന്ത്രി ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകൾ ബാക്കിയുള്ള ഈ ഫുട്ബോൾ മൈതാനം തീർത്തും അനധികൃതമാണ്.

ഗ്രാമപഞ്ചായത്തിൽ നിന്ന് യാതൊരു അനുമതിയും വാങ്ങാതെയാണ് സ്ഥലമുടമ സ്ഥലത്ത്  ഫുട്ബോൾ ടർഫ് പണിതത്. കളി സ്ഥലം നികത്താൻ മാത്രം ഗ്രാമ പഞ്ചായത്ത് ഉടമയ്ക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും, ടർഫ് നിർമ്മാണം പൂർത്തിയായ ശേഷമുള്ള യാതൊരു വിവരവും അജാനൂർ ഗ്രാമ പഞ്ചായത്തിന്റെ രേഖകളിലില്ല. അനധികൃത ഫുട്ബോൾ മൈതാനം ഉദ്ഘാടനം ചെയ്യുന്നത് മന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനമായി മാറുക തന്നെ ചെയ്യും. രാത്രിയിലും പകലും ഫുട്ബോൾ മത്സരങ്ങൾ നടത്താൻ പാകത്തിലുള്ള മൈതാനമാണ് സ്ഥലത്ത് ഒരുക്കിയിട്ടുള്ളത്.

LatestDaily

Read Previous

അസിഫയും അജിനും സുബ്രഹ്മണ്യത്ത്

Read Next

കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ചു കൊണ്ട് വരുന്ന ദൃശ്യം സിസിടിവിയിൽ