മന്ത്രി ഉദ്ഘാടനം ചെയ്ത സെമിനാറിൽ നൂറ് പേർ

കാഞ്ഞങ്ങാട്: തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്ത സെമിനാറിൽ കോവിഡ് നിയമങ്ങൾ കാറ്റിൽപറത്തി നൂറോളം പേർ പങ്കെടുത്തു. പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ ഇന്ന് രാവിലെ 11 മണിക്കാണ് നൂറിലധികം പേരെ  പങ്കെടുപ്പിച്ചുകൊണ്ടുള്ള കായിക സെമിനാർ മന്ത്രി ഉദ്ഘാടനം ചെയ്തത്.

കോവിഡ് നിയമങ്ങൾ കാറ്റിൽപ്പറത്തി, ബേക്കൽ ക്ലബ്ബിൽ ജൂലൈ 4-ന് മുന്നൂറ് പേരെ പങ്കെടുപ്പിച്ച്, സർവ്വീസിൽ നിന്ന് പിരിഞ്ഞ കാഞ്ഞങ്ങാട്ടെ സൈനികൻ നടത്തിയ സ്വന്തം മകളുടെ മൈലാഞ്ചിക്കല്യാണത്തിന്റെ  നിയമലംഘന അലയൊലികൾ ജനങ്ങൾ പരക്കെ ചർച്ച ചെയ്യുന്നതിനിടയിലാണ് ഇന്ന് വീണ്ടും ബേക്കൽ ക്ലബ്ബിൽ മന്ത്രി തന്നെ നിയമം ലംഘിച്ച് കൊണ്ടുള്ള കായിക സെമിനാറിൽ സംബന്ധിച്ചത്.

കാസർകോട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഒരുക്കിയ സമഗ്ര കായിക സെമിനാറിലാണ് നഗ്നമായ കോവിഡ് ലംഘനമുണ്ടായത്. കാഞ്ഞങ്ങാട് നഗരസഭാ പ്രദേശം കോവിഡ്- സി കാറ്റഗറിയിലാണ്. 20 പേരിൽക്കൂടുതൽ ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു പരിപാടികളും നടത്തരുതെന്ന് പോലീസും ജില്ലാ ഭരണകൂടവും, ഏർപ്പെടുത്തിയ കർശ്ശന നിയന്ത്രണം സംസ്ഥാന മന്ത്രി തന്നെ  ഇന്ന് ലംഘിക്കുകയായിരുന്നു.

തൃക്കരിപ്പൂർ എംഎൽഏ എം. രാജഗോപാലൻ ഈ പരിപാടിയിൽ ആധ്യക്ഷം വഹിച്ചു. ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി. വി. ബാലൻ മാണിയാട്ട്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റും റിട്ടയേർഡ് പോലീസ് മേധാവിയുമായ പി. ഹബീബ് റഹ്മാനടക്കം സംബന്ധിച്ച പരിപാടിയുടെ വേദിയിലും സദസ്സിലുമായി നൂറോളം പേരുണ്ടായിരുന്നു.

പതിനഞ്ചോളം ഐഎൽ എൽ നേതാക്കളും ഒരു കൂട്ടം യുവതികളും മന്ത്രിയെ കാണാനെത്തി  സദസ്സിലുണ്ടായിരുന്നു. ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഇ. ചന്ദ്രശേഖരൻ എം.എൽഏ, എംഎൽഏമാരായ സി. എച്ച്. കുഞ്ഞമ്പു, എൻ ഏ നെല്ലിക്കുന്ന്, ഏ.കെ.എം അഷ്റഫ് എന്നിവരെ ഈ ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നുവെങ്കിലും, കോവിഡ് പ്രോട്ടോക്കോൾ നിയമം ലംഘിക്കാൻ താൽപ്പര്യമില്ലാതിരുന്നത് കൊണ്ടാകാം ഇവരാരും മന്ത്രിയുടെ ഉദ്ഘാട പരിപാടിക്ക് എത്തിയില്ല.രാവിലെ 11 മണിക്ക് ആരംഭിച്ച സെമിനാർ വൈകുന്നേരം അവസാനിക്കും. നൂറോളം പേർക്ക് ക്ലബ്ബിൽതന്നെ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

LatestDaily

Read Previous

കാണിയൂർ പാത മുഖ്യമന്ത്രിയും മിണ്ടിയില്ല, കാഞ്ഞങ്ങാട് –മൈസൂർ പാത ഭാരത് മാല പദ്ധതിയിൽ

Read Next

കാഞ്ഞങ്ങാട്ട് ഷട്ടർ തകർത്ത് കവർച്ച, വാഹനത്തിൽ കയർ കെട്ടി വലിച്ച് ഷട്ടർ തകർത്തു