വിദേശത്ത് വായ്പയെടുത്ത് മുങ്ങുന്നവർക്കെതിരെ കേരളത്തിൽ നിയമക്കുരുക്ക് മുറുക്കി

കാഞ്ഞങ്ങാട്: ഗൾഫ് രാജ്യങ്ങളിലെ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് മുങ്ങുന്ന മലയാളി പ്രവാസികൾക്കുമേൽ നിയമക്കുരുക്ക് മുറുക്കാനൊരുങ്ങി വിദേശബാങ്കുകൾ. ഇതിന്റെ പ്രാരംഭ നടപടിയാണ് തൃക്കരിപ്പൂർ സ്വദേശിക്കെതിരെയും, വെള്ളിക്കോത്ത് സ്വദേശിക്കെതിരെയും എറണാകുളത്തെ സ്ഥാപനം നൽകിയ പരാതികൾ. ഗൾഫിലുള്ള ബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുക്കുന്ന റാക്കറ്റ് കാസർകോട് ജില്ലയിൽ സജീവമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പേർ വിദേശബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തിട്ടുണ്ട്.

തൃക്കരിപ്പൂരിലെ 83 കോടിയുടെ തട്ടിപ്പും, വെള്ളിക്കോത്ത് സ്വദേശിയുടെ 2.70 കോടിയുടെ തട്ടിപ്പും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഗൾഫിൽ നിന്നും ബിനാമികളെക്കൊണ്ട് സ്വർണ്ണം കടത്തുന്ന തട്ടിപ്പിന് പുറമെയാണ് ബാങ്ക് വെട്ടിപ്പ്. ബിനാമികളെ ഗൾഫിലെത്തിച്ച് അവിടെ ചെറിയ മുതൽ മുടക്കി ഓഫീസ് തുറക്കുന്നതാണ് ബാങ്ക് തട്ടിപ്പിന്റെ ഒന്നാം ഘട്ടം. നല്ല രീതിയിൽ മോടി പിടിപ്പിച്ച ഓഫീസ് മുറി കാണിച്ച് കടലാസ് സ്ഥാപനത്തിന്റെ പേരിൽ വായ്പ സംഘടിപ്പിച്ച് മുങ്ങുന്നതാണ് തട്ടിപ്പിന്റെ രീതി.

കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തി സമ്പന്നരായവർ നിരവധിയുണ്ട്. ഗൾഫിൽ ഒരു കടലാസ് സ്ഥാപനം തട്ടിക്കൂട്ടി വായ്പ വാങ്ങി മുങ്ങുന്ന സംഘം പിന്നീട് ഗൾഫിലേക്ക് തിരിച്ചു പോകാറില്ല. ഇതുമൂലം വായ്പാത്തുക തിരിച്ചു പിടിക്കാൻ ബാങ്കിന് വഴിയില്ലാതെയാകുന്നു. ഇതിന് പരിഹാരമെന്ന നിലയിലാണ് വിദേശ ബാങ്കുകൾ ഇന്ത്യയിലെ ഏജൻസികൾക്ക് പവർ ഓഫ് അറ്റോർണി നൽകി ബാങ്ക് തട്ടിപ്പ് നടത്തിയവരെ കേസ്സിൽ കുടുക്കാനൊരുങ്ങുന്നത്. തൃക്കരിപ്പൂർ സ്വദേശിക്കെതിരെയും വെള്ളിക്കോത്ത് സ്വദേശിക്കെതിരെയും ജില്ലയിൽ പരാതി നൽകിയ എറണാകുളത്തെ എക്സ്ട്രീം കൺസൾട്ടൻസി ഇത്തരത്തിൽ യുഏഇ ബാങ്കുകളുടെ പവർ ഓഫ് അറ്റോർണിയുള്ള സ്ഥാപനമാണ്.

ഗൾഫിലെ ബാങ്കിൽ നിന്നും കോടികൾ വായ്പയെടുത്ത് മുങ്ങുന്ന സംഘത്തിനെതിരെ ജില്ലയിൽ ആദ്യമായുണ്ടാകുന്ന കേസ്സുകളാണ് ചന്തേരയിലേതും, ഹോസ്ദുർഗ്ഗിലേതും.  ഷാർജയിലെ ഇൻവെസ്റ്റ് ബാങ്ക്, യുഏഇയിലെ അറബ് ബാങ്ക് എന്നിവയെ വഞ്ചിച്ച് കോടികൾ തട്ടിയെടുത്തവർക്കെതിരെ വഞ്ചനാകുറ്റം ചുമത്തി കേസ്സെടുത്തതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സമാന തട്ടിപ്പ് നടത്തി നാട്ടിലേക്ക് മുങ്ങിയവരുടെ മുട്ടിടിച്ച് തുടങ്ങിയിട്ടുണ്ട്. യുഇഏയുമായി കുറ്റവാളികളെ കൈമാറാനുള്ള കരാർ നിലവിലുള്ളതിനാൽ സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായവരെ യുഏഇ പോലീസിന് കൈമാറേണ്ടി വരും. വഞ്ചനാക്കുറ്റത്തിന് കടുത്ത ശിക്ഷയാണ് അറേബ്യൻ രാജ്യങ്ങളിൽ നൽകി വരുന്നത്.

തൃക്കരിപ്പൂർ മട്ടമ്മൽ ചേനോത്ത് തുരുത്തുമ്മൽ അബ്ദുൾ അസീസിന്റെ മകൻ അബ്ദുൾ റഹ്മാൻ, വെള്ളിക്കോത്തെ നാരായണൻ പാലക്കീൽ എന്നിവർക്കെതിരെയാണ് ജില്ലയിൽ ചന്തേര, ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനുകളിൽ രണ്ട് കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയ കൂടുതൽ ആൾക്കാർക്കെതിരെ വരും ദിവസങ്ങളിൽ പരാതിയുണ്ടാകുമെന്നാണ് സൂചന. ബിനാമികളെ ഉപയോഗിച്ച് വായ്പ സംഘടിപ്പിച്ച് മുങ്ങി നാട്ടിൽ ആഢംബര ജീവിതം കെട്ടിപ്പടുത്ത പലരും വരും ദിവസങ്ങളിൽ നിയമക്കുടുക്കിലകപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്.

LatestDaily

Read Previous

ചിത്താരിയിൽ ഡയാലിസിസ് സെന്റർ

Read Next

ഉമ്മയെ കാണാനും പൂക്കോയ വന്നില്ല