മെട്രോ സ്മാരക ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: 80 ലക്ഷത്തിലേറെ രൂപ ചെലവിൽ 10 ഡയാലിസിസ് യൂണിറ്റുകളുമായി കാഞ്ഞങ്ങാട് മദേഴ്സ് ഹോസ്പിറ്റലിൽ മെട്രോ മുഹമ്മദ് ഹാജിയുടെ ഓർമ്മയ്ക്കായി സി.എച്ച്. സെന്റർ സജ്ജീകരിച്ച ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച്ച മുതൽ ഡയാലിസിസ് യൂണിറ്റുകൾ പൂർണ്ണതോതിൽ പ്രവർത്തനമാരംഭിക്കും.

പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പരമപ്രധാനവും ഏറെ പുണ്യം ലഭ്യമാക്കുന്നതുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും സംയുക്ത ഖാസിയുമായ ജിഫ് രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരെ നാടിന്റെ മുഖ്യധാരയിലേക്കുയർത്തിക്കൊണ്ട് വന്ന മികച്ച ഭരണാധികാരിയായിരുന്ന മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ സംസ്ഥാനത്തുട നീളം പ്രവർത്തിക്കുന്ന സി. എച്ച്. സെന്ററുകൾ പൊതു സമൂഹത്തിന് മാതൃകയാണ്.

ജീവിത കാലത്ത് ഒരു പാട് പുണ്യ കർമ്മങ്ങൾ ചെയ്ത മെട്രോമുഹമ്മദ് ഹാജിയുടെ പേരിൽ കാഞ്ഞങ്ങാട്ട് ഡയാലിസിസ് യൂണിറ്റ് ആരംഭിച്ച സി.എച്ച്. സെന്റർ ഭാരവാഹികളെയും സെന്ററിന് വേണ്ടി ഉദാരമായി സംഭാവനകൾ നൽകിയവരെയും മുത്തുക്കോയ തങ്ങൾ അഭിനന്ദിച്ചു. കാഞ്ഞങ്ങാട് സി. എച്ച്. സെന്റർ ചെയർമാൻ തായൽ അബൂബക്കർ ഹാജി ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഏ.ഹമീദ് ഹാജി സ്വാഗതവും ഡോക്ടർ പ്രേമരാജൻ നന്ദിയും പറഞ്ഞു. സംയുക്ത മുസ്്ലീം ജമാഅത്തിന്റെയും കാഞ്ഞങ്ങാട് മുസ്്ലീം യതീംഖാനയുടെയും ഭാരവാഹികളും പ്രവർത്തകരും സി.എച്ച്. സെന്റർ സിക്രട്ടറിയേറ്റ് അംഗങ്ങളും പ്രവർത്തക സമിതിയംഗങ്ങളും ഉൾപ്പെടെ പ്രൗഢഗംഭീരമായ സദസ്സാണ് ഉദ്ഘാടനച്ചടങ്ങിന് സാക്ഷിയായത്.

10 ഡയാലിസിസ് യൂണിറ്റുകളിലായി ഒരു ദിവസം നാല് ഷിഫ്റ്റുകളിലായി 40- പേർക്ക് ഡയാലിസിസ് നടത്താനുള്ള സംവിധാനങ്ങളാണ് ഇപ്പോഴുള്ളത്. 10 യൂണിറ്റുകൾ കൂടി താമസിയാതെ പ്രവർത്തന സജ്ജമാക്കും. മദേഴ്സ് ഹോസ്പിറ്റലിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡയാലിസിസ് യൂണിറ്റുകളാണ് കാഞ്ഞങ്ങാട്ട് സജ്ജീകരിച്ചിട്ടുള്ളത്. ഡയാലിസിസ് പൂർണ്ണമായും സൗജന്യമായിട്ടാണ് ചെയ്തു കൊടുക്കുന്നത്. പരിചയ സമ്പന്നരായ സാങ്കേതിക വിദഗ്ധരുടെയും നെഫ്റോളജിസ്റ്റുകളുടെയും പരിചാരകരുടെയും സേവനം ലഭ്യമായിരിക്കും.

LatestDaily

Read Previous

കാഞ്ഞങ്ങാട് ബ്ലോക്കിൽ ഇടതിന് മുൻതൂക്കം

Read Next

മാവുങ്കാലിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച സ്വർണ്ണവും 1.5 ലക്ഷം രൂപയുടെ വജ്ര മാലയും കവർന്നു