മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു

കോഴിക്കോട്: അർബ്ബുദ രോഗ ബാധമൂലം കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വ്യവസായ പ്രമുഖനും,   കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് പ്രസിഡണ്ടുമായ  ചിത്താരിയിലെ മെട്രോ മുഹമ്മദ്ഹാജി അന്തരിച്ചു. പ്രായം 71 ആയിരുന്നു. ഇന്നുച്ചയ്ക്ക് 12.20 മണിക്കാണ് അന്ത്യമുണ്ടായത്. ഹാജി ഒരാഴ്ചയായി ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. മരുന്നുകൾ പ്രതികരിക്കാത്തതു മൂലം ദിവസങ്ങളായി  അദ്ദേഹത്തിന്റെ ആരോഗ്യ നില അനുദിനം മോശമായ നിലയിൽ തുടരുകയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹാജി വെന്റിലേറ്ററിൽ കൃത്രിമ ശ്വാസോച്ഛ്വാസത്തിൽ കഴിയുകയായിരുന്നു. ഗൾഫിലുള്ള മക്കളും ബന്ധുക്കളും മറ്റും ഇന്നലെ  നാട്ടിലെത്തിയിരുന്നു. അർബ്ബുദ രോഗം  ഓർക്കാപ്പുറത്താണ് അദ്ദേഹത്തെ കീഴടക്കിയത്. അടി വയറ്റിൽ  ചെറിയ വേദനയായിരുന്നു ആദ്യ രോഗ ലക്ഷണം . അൾസർ  ആയിരിക്കുമെന്ന് കരുതിയാണ് ചികിത്സിച്ചതെങ്കിലും പിന്നീട്  കണ്ണൂർ മിംമ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും  ബയോപ്സി ശേഖരിച്ച് കൊച്ചിയിലെ ലബോറട്ടറിയിൽ പരിശോധിക്കുകയും ചെയ്തപ്പോഴാണ് അർബ്ബുദ ബാധ ഉറപ്പാക്കിയത്.

കാൻസർ രോഗ വിദഗ്ദൻ കൊച്ചിയിലെ ഡോ. വി.പി. ഗംഗാധരനാണ് മുഹമ്മദ് ഹാജിയെ 80 ശതമാനവും രോഗം കീഴടക്കിയതായി ഉറപ്പിച്ചത്. പിന്നീട് ഹാജിയെ കോഴിക്കോട്ടെ  മുക്കം  എം വി ആർ  കാൻസർ  ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയെങ്കിലും, രോഗം ഹാജിയുടെ കരളിനെപ്പോലും കാർന്നു തിന്നുകഴിഞ്ഞതിനാൽ, ശരീരത്തിൽ മരുന്നുകൾ പ്രതികരിക്കാതെ വരികയും  ഇതേതുടർന്ന് കോഴിക്കോട്ടെ മൈത്ര ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മൈത്ര ആശുപത്രിയിൽ  കഴിഞ്ഞ രണ്ടാഴ്ച്ചയായി  അദ്ദേഹം മരണത്തോട് മല്ലിടുകയായിരുന്നു. കഴിഞ്ഞ 8 ദിവസമായി കൃത്രിമ ശ്വാസോഛ്വാസം വഴിയാണ്  ജീവൻ നിർത്തിയിരുന്നത്.ഇന്ന് കാലത്ത് ഗൾഫിലുള്ള മക്കളും അടുത്ത ബന്ധുക്കളും എത്തിയ ശേഷം  വെന്റിലേറ്റർ നീക്കം ചെയ്യുകയും മരണം ഉറപ്പിക്കുകയുമായിരുന്നു.

കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് പ്രസിഡണ്ട്, നോർത്ത് ചിത്താരി മുസ്്ലീം ജമാഅത്ത് പ്രസിഡണ്ട്, മുസ്്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം, ചന്ദ്രിക, സുപ്രഭാതം ദിനപത്രങ്ങളുെട ഡയറക്ടർ, എസ്്വൈഎസ് സംസ്ഥാന ട്രഷറർ, സുന്നി മഹൽ ഫെഡറേഷൻ ജില്ലാ ട്രഷറർ, ചിത്താരി അസ്സീസ്സിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജിംഗ് ഡയറക്ടർ, പെരിയ അംബേദ്ക്കർ കോളേജ് മാനേജിംഗ് ഡയറക്ടർ, മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 1970 മുതൽ 6 വർഷത്തോളം കാഞ്ഞങ്ങാട്ട് പലചരക്ക് വ്യാപാരിയായിരുന്നു. 1976-ൽ ഗൾഫിലെത്തി റെഡിമെയ്ഡ് ബിസ്സിനസ്സ് ആരംഭിച്ചു. പിന്നീട് ഇലക്ട്രോണിക്സ ് വ്യാപാരത്തിലേക്ക് തിരിഞ്ഞു. ഗൾഫിലും കാഞ്ഞങ്ങാട്ടും നിരവധി ബിസ്സിനസ്സ് സ്ഥാപനങ്ങളുടെ ഉടമയാണ്. സാമൂഹിക സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും ചുവടുറപ്പിച്ച മെട്രോ മുഹമ്മദ് ഹാജി ജീവ കാരുണ്യ പ്രവർത്തനത്തിലും ശ്രദ്ധേയനായിരുന്നു.

LatestDaily

Read Previous

വരുന്നത്, ഡിജിറ്റൽ ഗുരുകുലങ്ങൾ

Read Next

മെട്രോ മുഹമ്മദ് ഹാജി : ഖബറടക്കം രാത്രിയിൽ