ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദോഹ: ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്‍റീന ടീം ദോഹയിലെത്തി. അബുദാബിയിൽ നടന്ന സൗഹൃദ മത്സരത്തിൽ യു.എ.ഇയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മെസിയും കൂട്ടരും. വ്യാഴാഴ്ച പുലർച്ചെ ദോഹ വിമാനത്താവളത്തിൽ എത്തിയ നീലപ്പടയെ സ്വീകരിക്കാൻ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ലോകകപ്പ് ഫേവറിറ്റുകളായ ബ്രസീൽ ശനിയാഴ്ച ദോഹയിലെത്തും. ഞായറാഴ്ച ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെ ലോകകപ്പിന് കിക്കോഫ് ആകും.
മെസിക്കും സംഘത്തിനും ആവേശകരമായ സ്വീകരണമാണ് രാത്രി ഉറങ്ങാതെ കാത്തിരുന്ന ആരാധകർ നൽകിയത്. പുലർച്ചെ 2.30ഓടെ ദോഹ വിമാനത്താവളത്തിൽ ഇറങ്ങിയ അർജന്‍റീന സംഘം ബസിൽ കയറി ബേസ് ക്യാമ്പായ ഖത്തർ യൂണിവേഴ്സിറ്റി കാമ്പസിലെത്തി. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആരാധകരാണ് മെസിയെ കാണാൻ കാമ്പസിന് പുറത്ത് കാത്തുനിന്നത്.
അർജന്‍റീനയുടെ യഥാർത്ഥ ആരാധകർ ആരാണെന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെയാണ് മെസിയും കൂട്ടരും ലോകകപ്പ് മത്സരത്തിനായി ഖത്തറിലെത്തിയത്. ദോഹ കോര്‍ണിഷില്‍ അർജന്‍റീന ജേഴ്സി അണിഞ്ഞ മലയാളി ആരാധകരുടെ റാലിയെ യൂറോപ്യൻ മാധ്യമങ്ങൾ തെറ്റായാണ് വ്യാഖ്യാനിച്ചത്. വീഡിയോ ഷൂട്ടിനായി ലോകകപ്പ് സംഘാടകര്‍ വ്യാജമായി ആരാധകരെ പണം കൊടുത്ത് അണിനിരത്തിയെന്നായിരുന്നു ഇവര്‍ വീഡിയോകളും ചിത്രങ്ങളും സഹിതം ആരോപിച്ചത്. മലയാളികളടക്കം പതിനായിരത്തിലധികം ആരാധകരാണ് കഴിഞ്ഞയാഴ്ച കോർണിഷിൽ വിവിധ ടീമുകളുടെ ആരാധക റാലിയിൽ പങ്കെടുത്തത്. അർജന്‍റീനയുടെയും ബ്രസീലിന്‍റെയും ആരാധകരായിരുന്നു ഇവരിൽ ഭൂരിഭാഗവും. ഖത്തര്‍ ലോകകപ്പ് ആവേശത്തിന്റെ പെരുമഴയാക്കാനുള്ള മലയാളികളുടെ ശ്രമങ്ങള്‍ക്കിടെയാണ് പാശ്ചാത്യലോകത്തിന്റെ അനാവശ്യ വിവാദങ്ങളുയരുന്നത്.