മീർകാനത്ത് സംഘർഷം: സിപിഎം പ്രവർത്തകർക്കെതിരെ കേസ്

നീലേശ്വരം: കൃഷിക്ക് നിലമൊരുക്കുകയായിരുന്ന സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തെന്ന് സിപിഎം ആരോപിച്ചു.

സിപിഎം മീർകാനം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മീർകാനം തട്ടിൽ കൃഷി ചെയ്യുന്നതിന് നിലമൊരുക്കൽ പ്രവർത്തി നടക്കുന്നതിനിടെയാണ്  ലോക്കൽ സെക്രട്ടറി കയനിമോഹനനെയടക്കം ഇരുപതോളം പാർട്ടി പ്രവർത്തകരെ നീലേശ്വരം പോലീസെത്തി അറസ്റ്റ് ചെയ്തത്.

ലോക്കൽ സെക്രട്ടറി കയനിമോഹനൻ, ഏരിയ കമ്മറ്റിയംഗം ടി പി ശാന്ത, ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി വി രാജൻ, വരയിൽ രാജൻ, ഒ എം ബാലകൃഷ്ണൻ, പി വിനോദ് കുമാർ, ബ്രാഞ്ച് സെക്രട്ടറി എം വി രതീഷ്, എ രാഘവൻ, കെ കൃഷ്ണൻ, മോളി, വത്സല തുടങ്ങിയ ഇരുപതോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം.ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി സ്ഥലത്തെ ലക്ഷമണൻ എന്നയാളുടെ സ്ഥലം മൂന്ന് വർഷത്തേക്ക് പാട്ടത്തിനെടുത്ത്  കൃഷി ചെയ്യാനാണ് നിലമൊരുക്കിയത്.

റോഡ് തടസപ്പെടുത്തി എന്ന പരാതിയിൽ പരിസരത്തെ പന്നിഫാം ഉടമ ചോയ്യംകോടുള്ള ബിജുവിന്റെ പരാതിയിലാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. പന്നിഫാമിനെതിരെ പാർട്ടിയുടെ നേതൃത്വത്തിലുള്ള കർമ്മസമിതി ഇവിടെ സമരത്തിലാണ്.

പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന പന്നിഫാം അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭം നടത്തി വരികയാണ്.ഇതിലുള്ള പകയാണ് ബിജുവിന്റെ പരാതിയിലുള്ള പോലീസിന്റെ അറസ്റ്റെന്ന് സിപിഎം ആരോപിച്ചു.

19 സിപിഎം പ്രവർത്തകർക്കെതിരെയാണ് ഇന്നലെ നടന്ന സംഘർഷത്തിന്റെ  ഭാഗമായി നീലേശ്വരം പോലീസ് കേസെടുത്തത്.

വഴി തടസ്സപ്പെടുത്തിയെന്ന ചോയ്യങ്കോട്ടെ ബിജുവിന്റെ പരാതിയിലും 15 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.

LatestDaily

Read Previous

ചെമ്മണ്ണൂർ ജ്വല്ലറി കാഞ്ഞങ്ങാട്ട് ഭൂമി വാങ്ങി

Read Next

സാമ്പത്തിക തട്ടിപ്പ്: കോൺഗ്രസ് പ്രവർത്തകനെതിരെ പരാതി