ഖമറുദ്ധീൻ ചെർമാനായ ട്രസ്റ്റ് 6 കോടിയുടെ സ്വത്ത് തട്ടിയെടുത്തത് 30 ലക്ഷം രൂപയ്ക്ക്

തൃക്കരിപ്പൂർ  :  നിലവിൽ  6 കോടിയോളം  രൂപ വില മതിക്കുന്ന രണ്ടേക്കർ മൂന്ന് സെന്റ്  സ്ഥലവും  16,000 ചതുരശ്ര വിസ്തീർണ്ണം വരുന്ന ഇരു നില കെട്ടിടവുമാണ്  എം സി ഖമറുദ്ധീൻ  എം എൽ ഏ  ചെയർമാനായ  തൃക്കരിപ്പൂർ  എജ്യുക്കേഷണൽ  ആന്റ്  ചാരിറ്റബിൾ ട്രസ്റ്റ് വളഞ്ഞ വഴികളിലൂടെ  തുച്ഛമായ വിലയ്ക്ക്  തട്ടിയെടുത്തത്. റജിസ്ട്രേഷൻ നടപടികൾ നടന്നത് 2020 ഫെബ്രുവരി 26 ന് തൃക്കരിപ്പൂരിലെ സ്വകാര്യ വസതിയിലായിരുന്നു എന്നതു  തന്നെ  ഇടപാടുകളുടെ  ദുരൂഹത  വർധിപ്പിക്കുന്നു. രഹസ്യമായി  നടന്ന രജിസ്ട്രേഷൻ നടപടികൾക്ക് ചുക്കാൻ  പിടിച്ച സബ്ബ് രജിസ്ട്രാറും ഇതോടെ  കുടുങ്ങുമെന്ന്  ഉറപ്പാക്കിയിട്ടുണ്ട്.

  1993 ൽ സമസ്ത ഇ.കെ. വിഭാഗം  തൃക്കരിപ്പൂർ കേന്ദ്രമായി  ആരംഭിച്ച  ജാമിഅ സഅദിയ്യ ഇസ്്ലാമിയ കമ്മിറ്റി 11/93 നമ്പറായി ജില്ലാ രജിസ്ട്രാർ ഓഫീസിൽ  രജിസ്റ്റർ ചെയ്തതാണ്. പ്രസ്തുത കമ്മിറ്റി 1997 വഖഫ് ബോർഡിൽ  കെ.എൽ.006930 നമ്പറായി  രജിസ്ട്രർ ചെയ്യുകയുമുണ്ടായി. വഖഫ് ബോർഡിലടക്കം രജിസ്ട്രാർ ചെയ്ത ജാമിഅ സഅദിയ്യയുടെ സ്വത്തുവകകളാണ് ജാമിഅ: സഅദിയ്യയുടെ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങൾ എം സി ഖമറുദ്ദീൻ  ചെയർമാനായ സ്വകാര്യ ട്രസ്റ്റിന് നിസ്സാര വിലയ്ക്ക് വിറ്റു തുലച്ചത്. സ്ഥലവും കെട്ടിടവും  സ്വകാര്യ ട്രസ്റ്റിന് കൈമാറുന്നതിന് മുമ്പ്  ജാമിഅയുടെ  ജനറൽ  ബോഡി യോഗവും വിളിച്ചിരുന്നില്ല. എം സി ഖമറുദ്ധീൻ  എം എൽ ഏ ചെയർമാനായ തൃക്കരിപ്പൂർ  എജ്യുക്കേഷൻ ആന്റ്  ചാരിറ്റബിൾ ട്രസ്റ്റിന്റെ  കൺവീനർ  ടി.പി അബ്ദുൾ ഖാദറും , ട്രഷറർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ  ഏ.ജി.സി ബഷീറുമാണ്. ഇതിൽ ടി.പി അബ്ദുൾ ഖാദർ  സുന്നി മഹല്ല് ഫെഡറേഷന്റെ നേതാവും , എം സി ഖമറുദ്ധീൻ ജാമിഅ സഅദിയ്യ ഇസ്്ലാമിയ അംഗവുമാണ്.

  തൃക്കരിപ്പൂർ ആർട്സ് ആന്റ്  സയൻസ്  കോളജ്  സ്ഥാപിക്കുക എന്ന ലക്ഷമിട്ടാണ്  2 വർഷം മുമ്പ് തൃക്കരിപ്പൂർ  എജ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽ  വന്നത്. കോളേജ് സ്ഥാപിക്കാനായി ട്രസ്റ്റ് സ്ഥലം  വാങ്ങിയിരുന്നെങ്കിലും  നീർത്തട നിയമത്തിന്റെ  പരിധിയിൽ വരുന്ന ഭൂമിയായതിനാൽ  കെട്ടിടം സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇതിന് ശേഷമാണ് ഖമറുദ്ധീൻ ചെയർമാനായ ട്രസ്റ്റ് തൃക്കരിപ്പൂർ  മണിയനോടിയിൽ പ്രവർത്തിക്കുന്ന ജെംസ്  സ്കൂൾ കെട്ടിടത്തിലും  സ്ഥലത്തിലും  കണ്ണു വെച്ചത്. സ്കൂളിന്റെ പ്രവർത്തനങ്ങളെ തകർത്ത്  കെട്ടിടവും സ്ഥലവും സ്വന്തമാക്കുക എന്ന് ലക്ഷ്യമായിരുന്നു പിന്നീട് എം സി  ഖമറുദ്ധീനും ഒപ്പമുണ്ടായിരുന്നവരും  പ്രാവർത്തികമക്കിയത്. 2012 ൽ 80 ലക്ഷം രൂപ ചെലവിൽ  നിർമ്മിച്ച ഇരുനില കെട്ടിടവും  അതിനോടനുബന്ധിച്ച സ്ഥലവുമാണ്  എം സി ഖമറുദ്ധീൻ എം എൽ ഏ ചെയർമാനും, ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്  ഏ.ജി.സി ബഷീർ  ട്രഷററുമായ ട്രസ്റ്റ് 30 ലക്ഷം  രൂപയ്ക്ക് വാങ്ങിയതായി  രേഖയുണ്ടാക്കിയത്. ഇതിന്  പൂക്കോയ തങ്ങളും  കൂട്ടു നിന്നും. സ്കൂളിന്റെ  സ്ഥലവും കെട്ടിടവും നിസ്സാര വിലയ്ക്ക് തട്ടിയെടുത്ത് കോളേജ്  തുടങ്ങാൻ നീക്കമാരംഭിച്ച ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ എസ് കെ.എസ് എസ് എഫ് കണ്ണൂർ സർവ്വകലാശാല അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

LatestDaily

Read Previous

റഫിയാത്ത് ആത്മഹത്യയിൽ പുനരന്വേഷണം തുടങ്ങി

Read Next

തലശേരി അതിരൂപതയിൽ ലൈംഗിക വിവാദം രണ്ട് വൈദികര്‍ക്ക് പൗരോഹിത്യവിലക്ക്