ഖമറുദ്ദീന് ഇനി ഒരു കേസ്സിൽ മാത്രം ജാമ്യം 83 കേസ്സുകളിൽ ജാമ്യം അനുവദിച്ചു

ഹൊസ്ദുർഗ്: നൂറ്റിയമ്പതുകോടി രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത പ്രമാദമായ ഫാഷൻ ഗോൾഡ് തട്ടിപ്പുകേസ്സുകളിൽ ഒന്നാം പ്രതി എം.സി. ഖമറുദ്ദീന് 83 കേസ്സുകളിൽ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇതിനകം ജാമ്യമനുവദിച്ചു. ഇനി ഒരു കേസ്സിൽക്കൂടി ജാമ്യം ലഭിച്ചാൽ ഖമറുദ്ദീൻ ജയിൽ മോചിതനാകും.  തട്ടിപ്പുകേസ്സിൽ അറസ്റ്റിലായ ഖമറുദ്ദീൻ മുസ്്ലീം ലീഗ് മഞ്ചേശ്വരം എംഎൽഏയാണ്.

അറസ്റ്റിലായതിന് ശേഷം കഴിഞ്ഞ 3 മാസക്കാലമായി ഖമറുദ്ദീൻ കണ്ണൂർ ജയിലിൽ റിമാൻഡ് തടവിൽ കഴിയുകയാണ്. ഈ വഞ്ചനാക്കേസ്സിൽ രണ്ടാംപ്രതി ചന്തേരയിലെ ടി.കെ. പൂക്കോയ ദീർഘനാളായി ഒളിവിലാണ്. പൂക്കോയയെ അറസ്റ്റ് ചെയ്യാൻ കഴിയാത്ത ക്രൈംബ്രാഞ്ചിന്റെ കഴിവില്ലായ്മയിൽ ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവർ പ്രതിഷേധത്തിലാണ്. അറസ്റ്റിലായ 3-ാം പ്രതി ചന്തേരയിലെ സൈനുൽ ആബിദ് ഇതിനകം ജാമ്യത്തിലിറങ്ങി. ഈ കേസ്സിൽ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് ആകെ രണ്ടുപ്രതികളെ മാത്രമാണ്.

രണ്ടാംപ്രതിയും ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടറുമായ ടി.കെ. പൂക്കോയയുടെ മകൻ ഇഷാം കേസ്സിൽ നാലാം പ്രതിയാണെങ്കിലും, വിദേശത്തേക്ക് കടന്നുവെന്ന് സംശയിക്കുന്ന ഇഷാമിനെ പിടികൂടാൻ ക്രൈംബ്രാഞ്ച് ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പി തലത്തിൽ താഴോട്ടുള്ള മുഴുവൻ പോലീസുദ്യോഗസ്ഥരെയും ആഭ്യന്തര വകുപ്പ് ഇതിനകം അതാതു ജില്ലകൾക്ക് പുറത്തേക്ക് സ്ഥലം മാറ്റിക്കഴിഞ്ഞു. പലരും നിലവിൽ സേവനമനുഷ്ഠിച്ചിരുന്ന സ്റ്റേഷനുകളിൽ നിന്ന് വിടുതൽ വാങ്ങിയ ചെയ്ത സാഹചര്യത്തിൽ, ഫാഷൻ ഗോൾഡടക്കമുള്ള പ്രമാദമായ പല കേസ്സുകളുടെയും അന്വേഷണം പാടെ നിലച്ചു.

Read Previous

സുനിലിന്റെ ജീവൻ അപകടത്തിൽ

Read Next

പൂക്കോയ കാണാമറയത്ത്; ക്രൈംബ്രാഞ്ചിന് മൗനം