ഖമറുദ്ദീന് പൈവളികയിൽ 250 ഏക്കർ ഭൂമി

കാസർകോട്: നൂറ്റി അമ്പതു കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാഷൻ ഗോൾഡിന് പൈവളികയിൽ 250 ഏക്കർ ഭൂമി കണ്ടെത്തി.

ആരുമറിയാതെ  മറച്ചു വെച്ചിരുന്ന ഈ ഭൂമി കേസ്സന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച്  സംഘമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പാണത്തൂരിൽ 250 ഏക്കർ ഭൂമി എം.സി ഖമറുദ്ദീന്റെ പേരിൽ വാങ്ങിയതായിട്ടാണ് ആദ്യം ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതെങ്കിലും, ഭൂമി കണ്ടെത്താൻ പാണത്തൂരിൽ നടത്തിയ അന്വേഷണം വൃഥാവിലാവുകയായിരുന്നു.

പിന്നീടാണ് മഞ്ചേശ്വരം താലൂക്കിലെ പൈവളികയിൽ ഖമറുദ്ദീന്റെ പേരിൽ 250 ഏക്കർ ഭൂമി കണ്ടെത്തിയത്. നിക്ഷേപകരുടെ കടം  വീട്ടാൻ ഒരാൾ ലക്ഷങ്ങൾ സഹായിക്കുമെന്ന് ഖമറുദ്ദീൻ  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോടും, പി. കെ. കുഞ്ഞാലിക്കുട്ടിയോടും, കണക്കെടുപ്പിന് മുസ്്ലീം ലീഗ് നിയോഗിച്ച കല്ലട്ര മാഹിൻ ഹാജിയോടും, പറഞ്ഞിരുന്നുവെങ്കിലും, ഖമറുദ്ദീനെ സാമ്പത്തികമായി  സഹായിക്കാൻ  ഒരാളും ഇല്ലെന്ന് ഇപ്പോൾ ബോധ്യമായി.

സ്വന്തം പേരിലുള്ള 250  ഏക്കർഭൂമി വിൽപ്പന നടത്തി കിട്ടുന്ന പണത്തെയാണ് ഖമറുദ്ദീൻ ”മറ്റൊരാളുടെ സഹായം” എന്ന് കള്ളം പറഞ്ഞത്. പൈവളികയിൽ ഗുജറാത്ത് സ്വകാര്യ വ്യവസായികൾ സ്ഥാപിക്കാൻ തുടങ്ങിയ സോളാർ പാടത്തിനോട് ചേർന്നാണ്  250 ഏക്കർ  തരിശു നിലം  ഖമറുദ്ദീൻ സ്വന്തമാക്കിയത്.

ഈ ഭൂമിയുടെ  ആധാരവും ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്. അതിനിടയിൽ  ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ മാനേജിംഗ്  ഡയരക്ടർ ചന്തേരയിലെ ടി.കെ. പൂക്കോയയുടെ മകൻ ഇഷാം ഗൾഫിലേക്ക് മുങ്ങി. കാസർകോട് പുതിയ ബസ്്സ്റ്റാന്റിൽ പ്രവർത്തിച്ചു വരുന്ന ഫാഷൻഗോൾഡ് ഷോറൂമിൽ അഞ്ചു വർഷക്കാലം സ്വർണ്ണവും പണവും കൈകാര്യം ചെയ്ത ഇഷാം ഇടയ്ക്ക് ഗൾഫിലേക്ക് പോവുകയും അജ്മാനിൽ  പുതിയ ജ്വല്ലറി ആരംഭിക്കുകയും ചെയ്തിരുന്നു.

അജ്മാൻ ജ്വല്ലറിയും  പൂട്ടിയതോടെ  ഇഷാം നാട്ടിലെത്തി. ക്രൈംബ്രാഞ്ച് അന്വേഷണം  മുറുകുകയും ജ്വല്ലറി ഡയരക്ടർമാരെ ക്കൂടി കേസ്സിൽ പ്രതികളാക്കുമെന്ന് കണ്ടപ്പോൾ  ദിവസങ്ങൾക്ക് മുമ്പാണ് ഇഷാം ഗൾഫിലേക്ക് കടന്നത്. കേസ്സിലുൾപ്പെട്ട എം.സി ഖമറുദ്ദീൻ, ടി.കെ. പൂക്കോയ, മറ്റു മൂന്ന് ഡയരക്ടർമാർ എന്നിവർ രാജ്യം വിടാതിരിക്കാൻ  എല്ലാ വിമാനത്താവളങ്ങളിലും ക്രൈംബ്രാഞ്ച്  ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

LatestDaily

Read Previous

തേപ്പുപണി കാണാൻ വന്നവർ 3000 രൂപ അടിച്ചു മാറ്റി

Read Next

കാഞ്ഞങ്ങാട് നഗരസഭ സിപിഐ വഴങ്ങുന്നില്ല