ഖമറുദ്ദീൻെറ നിക്ഷേപത്തട്ടിപ്പ് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎമ്മിന് കഴിഞ്ഞില്ല

കാഞ്ഞങ്ങാട്: മഞ്ചേശ്വരം എംഎൽഏ, എം. സി. ഖമറുദ്ദീൻ ഒന്നാം പ്രതിയായ 150 കോടിയുടെ നിക്ഷേപത്തട്ടിപ്പ് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎമ്മിന് കഴിഞ്ഞില്ല. ഈ കേസിൽ ഒന്നാം പ്രതിയായ ഖമറുദ്ദീൻ 90 ദിവസമാണ് ജാമ്യം ലഭിക്കാതെ കണ്ണൂർ ജയിലിൽ റിമാൻഡ് തടവിൽ കഴിഞ്ഞത്. കേസ്സിലെ രണ്ടാം പ്രതിയും തട്ടിപ്പിൻെറ സൂത്രധാരനുമായ ചന്തേരയിലെ സിദ്ധൻ ടി. കെ. പൂക്കോയയെ അറസ്റ്റിൽ നിന്ന് സിപിഎം സംരക്ഷിച്ചു നിർത്തിയതായും ആരോപണമുണ്ട്.

നൂറ്റി അമ്പതു കോടി രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തു മുങ്ങിയ പൂക്കോയയെ തൊടാൻ പോലും കേസ്സന്വേഷ എജൻസിയായ ക്രൈം ബ്രാഞ്ചിന് നാലു മാസമായിട്ടും കഴിയാതെ പോയതിൻെറ കാരണം സിപിഎം പൂക്കോയയ്ക്ക് തണലൊരുക്കിയതു മൂലമാണെന്നാണ് ഫാഷൻ ഗോൾഡ് നിക്ഷേപകരുടെ ആരോപണം. ഖമറുദ്ദീൻ ജയിലിലായ മൂന്നു മാസക്കാലം ഈ ലീഗ് എംഎൽഏ യുടെ വൻ തട്ടിപ്പിൻെറ ഉള്ളറകൾ ജനങ്ങളിലെത്തിക്കാനും അതെല്ലാം വോട്ടാക്കി മാറ്റാനുള്ള രാഷ്ട്രീയ തന്ത്രത്തിൽ സിപിഎം പരാജയപ്പെട്ടു.

കേരളത്തിലായാലും, ലക്ഷദ്വീപിലായാലും, കർണ്ണാടകയിലായാലും, ഇന്നും ഒളിവു ജീവിതം നയിക്കുന്ന പൂക്കോയയെ പിടികൂടാൻ കേരള ക്രൈം ബ്രാഞ്ചിന് കഴിയാതെ പോയത് വലിയ നാണക്കേടാണ്. ഖമറുദ്ദീൻ നീണ്ട മൂന്നു മാസക്കാലത്തെ ജയിൽ വാസത്തിന് ശേഷം പുറത്ത് വന്നിട്ട് 20 ദിവസങ്ങൾ പിന്നിട്ടപ്പോഴും ലോകം തന്നെ സാകൂതം നിരീക്ഷിച്ച ഫാഷൻ ഗോൾഡ് കേസ്സിൽ രണ്ടാം പ്രതി ഒളിവിൽ കഴിയുന്നത് സിപിഎമ്മിൻെറ തലോടൽ മൂലമാണെന്ന, നിക്ഷേപകരുടെയും, തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും ആരോപണത്തിൽ കഴമ്പില്ലെന്ന് പറയാൻ കഴിയില്ല.

കാരണം ഫാഷൻ ഗോൾഡ് കേസ്സിലെ രണ്ടാം പ്രതി ടി. കെ. പൂക്കോയയെ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ സിപിഎം നാളിതു വരെ മനസ്സു തുറന്നു പറഞ്ഞിട്ടില്ല. പൂക്കോയയെ സംരക്ഷിച്ച പാർട്ടിക്ക് വോട്ടു ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായവരുടെയും അവരുടെ ബന്ധുക്കളുടെയും നിലപാട്. തട്ടിപ്പിനിരയായ വീട്ടമ്മമാരടക്കമുള്ള നിക്ഷേപകർ പൂക്കോയയുടെ ചന്തേരയിലെ വീട്ടിലേക്ക് മാർച്ച് നടത്തിയത് ഒരാഴ്ച മുമ്പാണ്.

LatestDaily

Read Previous

സുകുമാരൻ പൂച്ചക്കാടിനെതിരെയുള്ള നടപടി കെപിസിസി പിൻവലിച്ചേക്കും

Read Next

റംല മുങ്ങിയത് കുടുംബ സമേതം