ഖമറുദ്ദീന് ജാമ്യം നാട്ടിൽ വരാനാകില്ല

കാഞ്ഞങ്ങാട്:  ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സ് പ്രതി എം. സി. ഖമറുദ്ദീൻ എംഎൽഏയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും,  ജയിൽ മോചിതനായി ഇദ്ദേഹത്തിന് സ്വന്തം നാട്ടിൽ വരാൻ കഴിയില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് കേസ്സുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് ഇദ്ദേഹം താമസിക്കുന്ന ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലാണ്. കേസ്സ് രജിസ്റ്റർ ചെയ്യപ്പെട്ട പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കുന്നതിന് ഇദ്ദേഹത്തിന് കോടതി വിലക്കുണ്ട്.

നവംബർ 7-നാണ് ജ്വല്ലറി തട്ടിപ്പുകേസ്സിൽ പ്രതിയായ എം. സി. ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 150-ൽപ്പരം കേസ്സുകളിൽ പ്രതിയായ എംഎൽഏ വഞ്ചനാക്കുറ്റത്തിന് കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റിലായിരുന്നു. 4 മാസത്തോളം നീണ്ട ജയിൽവാസത്തിനൊടുവിലാണ് എംഎൽഏയ്ക്ക് ജയിൽമോചനം സാധ്യമായത്. കാസർകോട് ജില്ലയിൽ  ചന്തേര, ബേക്കൽ, മേൽപ്പറമ്പ്, കാസർകോട് പോലീസ് സ്റ്റേഷനുകളിലായി ഇദ്ദേഹത്തിനെതിരെ കേസ്സുകൾ നിലവിലുണ്ട്.  

അതിനാൽ മേൽപ്പറഞ്ഞ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇദ്ദേഹത്തിന് പ്രവേശിക്കാൻ കഴിയില്ല. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ പോലീസിലും എംഎൽഏയ്ക്കെതിരെ വഞ്ചനാക്കേസ്സുകൾ നിലവിലുള്ളതിനാൽ, പയ്യന്നൂർ  പോലീസ് സ്റ്റേഷൻ പരിധിയിലും ഇദ്ദേഹത്തിന് പ്രവേശിക്കാൻ കഴിയില്ല.  ചുരുക്കിപ്പറഞ്ഞാൽ വീട്ടു തടങ്കലിന് സമാനമായ രീതിയിൽ ഇദ്ദേഹത്തിന് കഴിയേണ്ടി വരും. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്സ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതോടെ കേസ്സിന്റെ തുടർ പ്രക്രിയകൾ സ്തംഭിച്ചിരിക്കുകയാണ്. രജിസ്റ്റർ ചെയ്യപ്പെട്ട നൂറ്റിയമ്പതോളം കേസ്സുകളിലെ കുറ്റപത്രം തയ്യാറാക്കുന്നതടക്കമുള്ള ജോലികളാണ് സ്തംഭിച്ചത്.

കുറ്റപത്ര സമർപ്പണം വൈകിയതാണ് എംഎൽഏയ്ക്ക് ജാമ്യം ലഭിക്കാൻ കാരണമായത്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസ്സായിരുന്നു ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സുകൾ. നിക്ഷേപത്തട്ടിപ്പ് കേസ്സുകളിൽ ജ്വല്ലറി ഡയറക്ടർമാരെക്കൂടി പ്രതി ചേർക്കണമെന്ന നിക്ഷേപകരുടെ ആവശ്യം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. കേസ്സിൽ ക്രിമിനൽ കുറ്റം ചാർത്തിയ നടപടിക്കെതിരെ എംഎൽഏ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, ഹൈക്കോടതി എംഎൽഏയുടെ വാദങ്ങൾ അംഗീകരിച്ചിരുന്നില്ല.

എംഎൽഏ ജ്വല്ലറിയിലേക്ക് അനധികൃതമായി നിക്ഷേപം സ്വീകരിച്ച സംഭവത്തിൽ അനധികൃത നിക്ഷേപ നിരോധന ആക്ട് (ബഡ്സ്) പ്രകാരം കുറ്റകൃത്യം നിലനിൽക്കുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന നിയമമാണ് ബഡ്സ് നിയമം. പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസ്സ് ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനമാണെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. 

ഈ സാഹചര്യത്തിൽ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്സുകൾ ബഡ്സ് നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് ബഡ്സ് നിയമത്തിന്റെ പരിധിയിൽ വരുന്നതോടെ ഡയറക്ടർമാർ കൂടി കേസ്സിൽ പ്രതികളാകും. നിക്ഷേപകരുടെ പണം തിരികെ കിട്ടണമെങ്കിൽ തട്ടിപ്പ് കേസ്സ് പ്രതികളുടെ സ്വത്ത് കണ്ടുെകട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണം. ഇതിനുള്ള അധികാരം ജില്ലാ കലക്ടർക്ക് നൽകിയാൽ മാത്രമെ നിക്ഷേപത്തട്ടിപ്പിനിരയായവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ.

LatestDaily

Read Previous

പയ്യന്നൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ് പീസ് സ്കൂൾ ചെയർമാനെതിരെ കേസ്

Read Next

ഓൺലൈൻ ചാനലുടമ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു