പെട്രോൾ പമ്പിലെ തട്ടിപ്പ് ഫേസ്ബുക്കിൽ പുറത്തു വിട്ട വാഹന ഉടമയ്ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പെട്രോൾ പമ്പിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടി ഫേസ് ബുക്കിലുൾപ്പെടെ പോസ്റ്റിട്ട വാഹന ഉടമയ്ക്കെതിരെ പെട്രോൾ പമ്പ് അധികൃതരുടെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. മാവുങ്കാലിലെ പെട്രോൾ പമ്പ് മാനേജർ സബിനേഷിന്റെ പരാതിയിൽ കള്ളാർ കൊട്ടോടി സ്വദേശി പി.സി. ജോസഫിനെതിരെയാണ് കേസെടുത്തത്.

ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മാവുങ്കാൽ പെട്രോൾ പമ്പ് അധികൃതർ ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി പമ്പുടമകളുടെ പരാതിയിൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതു പ്രകാരം പോലീസ് ജോസഫിനെതിരെ കേസെടുക്കുകയായിരുന്നു.

”പെട്രോൾ പമ്പുകളിൽ തീവെട്ടിക്കൊള്ള…” ജനങ്ങളുടെ അറിവിലേക്ക് ഒരു കാര്യം സൂചിപ്പിക്കാനാണ് ഇതെഴുതുന്നതെന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. 2021 ജനുവരി 23 ന് കൊവ്വൽപ്പള്ളിയിലുള്ള റെനോൾട്ട് ഷോറൂമിൽ നിന്ന് വാങ്ങിയ പുതിയ കാറിൽ ജോസഫ് മാവുങ്കാലിലെ പെട്രോൾ പമ്പിൽ നിന്നും ഫുൾടാങ്ക് പെട്രോൾ അടിച്ചിരുന്നു.

കാറിന്റെ പെട്രോൾ ടാങ്കിൽ 40 ലിറ്റർ പെട്രോൾ മാത്രമെ ഉൾക്കൊള്ളുകയുള്ളു. എന്നാൽ 45 ലിറ്ററിൽ കൂടുതൽ പെട്രോൾ അടിച്ചപ്പോൾ മാത്രമാണ് ടാങ്ക് നിറഞ്ഞതെന്നാണ് ജോസഫ് ഫേസ്ബുക്കിലൂടെ ആരോപിച്ചത്. കാറിന്റെ ടാങ്കിൽ 40 ലിറ്റർ പെട്രോൾ മാത്രമേ ഉൾക്കൊള്ളുകയുള്ളുവെന്ന് കാർ ഷോറൂം ഉടമകൾ അറിയിച്ചതിനെ തുടർന്ന് ജോസഫ്, പെട്രോൾ പമ്പിൽ നടന്ന തട്ടിപ്പിനെതിരെ രംഗത്തു വരികയായിരുന്നു. പെട്രോൾ പമ്പിൽ നടക്കുന്ന തട്ടിപ്പും, ചൂഷണവും തിരിച്ചറിയണമന്ന് ജോസഫ് ഫേസ്ബുക്കിൽ അഭ്യർത്ഥിച്ചിരുന്നു.

ചില പെട്രോൾ പമ്പുകളിൽ നിന്നും വാഹനങ്ങളിലേക്ക് നേരിട്ട് പെട്രോളും, ഡീസലുമടിക്കുമ്പോൾ, അളവിൽ കുറവുണ്ടാകുന്നതായും, വെള്ളം കലർന്നതായും വ്യാപക പരാതി ഉയർന്നിരുന്നു. ഇതിനിടെ ജോസഫിന്റെ വെളിപ്പെടുത്തൽ കൂടി പുറത്ത് വന്നത് ജനങ്ങൾക്കിടയിൽ വലിയ ചർച്ചയ്ക്കിടയാക്കി. ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വൈറലായിരുന്നു. ജോസഫിന്റെ പരാതി വ്യാജമാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് സ്ഥാപനത്തിന് അപവാദമുണ്ടാക്കിയെന്നുമാണ് പമ്പുടമയുടെ പരാതി.

LatestDaily

Read Previous

മക്കളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പിതാവ് പോലീസ് കാവലിൽ ചികിത്സയിൽ

Read Next

അടിസ്ഥാന സൗകര്യമൊരുക്കാതെ അമ്മയും കുഞ്ഞും ആശുപത്രി ഉദ്ഘാടനം