മാവുങ്കാലിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച സ്വർണ്ണവും 1.5 ലക്ഷം രൂപയുടെ വജ്ര മാലയും കവർന്നു

കാഞ്ഞങ്ങാട് : മാവുങ്കാലിൽ കല്യാൺ റോഡിൽ വീട് കുത്തി തുറന്ന് വൻ കവർച്ച. പ്രവാസി ദമ്പതികളുടെ വീട്ടിൽ നിന്നും 18 പവൻ സ്വർണ്ണാഭരണങ്ങളും ഒന്നര ലക്ഷം രൂപ വില വരുന്ന വജ്ര മാലയും കവർന്നു. ദേശീയ പാതയ്ക്കരികിൽ കല്യാൺ റോഡ് സിഎംഐ ക്രൈസ്റ്റ് പബ്ലിക് സ്കൂളിന് പിറകു വശത്തെ മേബിൾ. കെ. റോസിന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ കവർച്ച നടന്നത്. വീടിന്റെ മുൻ വശത്തെയും പിറക് വശത്തെയും വാതിലുകൾ കുത്തിത്തുറന്ന നിലയിലാണ്. ഇരുനില വീട്ടിലെ എല്ലാ മുറികളിലും കയറിയിറങ്ങിയ മോഷ്ടാക്കൾ വസ്ത്രങ്ങൾ, വീട്ടു സാധനങ്ങൾ വാരിവലിച്ചിട്ടു.

കിടപ്പു മുറിയിലെ അലമാര കുത്തി തുറന്നാണ് സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും കവർന്നത്. മകൻ പ്രമിത്തിന്റെ ശസ്ത്രക്രിയാർത്ഥം മേബിളും കുടുംബവും ഇന്നലെ രാത്രി കുന്നുമ്മലിൽ സ്വകാര്യാശുപത്രിയിലായിരുന്നു. ഇന്നലെ വൈകീട്ട് വീട് പൂട്ടിപ്പോയ കുടുംബം രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ പോലീസിൽ വിവരമറിയിച്ചു.

ഹൊസ്ദുർഗ് ഐ. പി. അനൂപ്, എസ്ഐ, കെ. പി. വിനോദ്കുമാറിന്റെയും നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി വീടും പരിസരവും വിശദമായി പരിശോധിച്ചു. പോലീസ് നായയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധനും സ്ഥലത്തെത്തി. മേബിൾ. കെ. റോസിന്റെ ഭർത്താവ് പ്രസാദ് സൗദിയിലാണ്. സൗദിയിൽ നഴ്സായിരുന്ന മേബിൾ മൂന്ന് വർഷം മുൻപാണ് നാട്ടിൽ തിരിച്ചെത്തി കല്യാൺ റോഡിലെ വീട്ടിൽ താമസമാക്കിയത്. മേബിളും കുടുംബവും ഇന്നലെ വൈകീട്ട് വീട് പൂട്ടി ആശുപത്രിയിലേക്ക് പോയ വിവരം വ്യക്തമായി അറിയാവുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്.

LatestDaily

Read Previous

മെട്രോ സ്മാരക ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Read Next

അനധികൃത ഭൂമി വി.വി.രമേശന് എതിരെ ലോകായുക്തക്ക് പരാതി