കട മുറികൾക്ക് കാഴ്ച കിട്ടാൻ തണൽ മരങ്ങൾ മുറിച്ചു മാറ്റി

കാഞ്ഞങ്ങാട്: മാതോത്ത് അമ്പലത്തിന് തൊട്ടു വടക്കുഭാഗം കെഎസ്ടിപി റോഡിന് കിഴക്ക് ഭാഗത്തുള്ള കൂറ്റൻ തണൽ മരങ്ങൾ ഇന്ന് രാവിലെ മുറിച്ചുമാറ്റി. കണ്ണൂരിലുള്ള കെഎസ്ടിപി എക്സിക്യുട്ടീവ് എഞ്ചിനീയറിൽ നിന്ന് സമ്പാദിച്ച അനുമതിയുടെ ബലത്തിലാണ് രണ്ട് തണൽ മരങ്ങളും മുറിച്ചു മാറ്റിയത്.


“അപകടകാരികളായ മരങ്ങൾ” മുറിച്ചു മാറ്റുന്നതിന് അനുമതി നൽകുന്നുവെന്നാണ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഉത്തരവിലുള്ളതെങ്കിലും, പാതിയും മുറിച്ചു മാറ്റിയ മരങ്ങൾ ഒരു തരത്തിലും ആർക്കും അപകടകാരികളല്ല. മരങ്ങൾ നിലനിൽക്കുന്ന സ്ഥലത്തിന് 10 മീറ്റർ പിറകിലുള്ള പത്ത് ഷട്ടർ മുറികളുള്ള പുത്തൻ ഇരുനിലക്കെട്ടിടത്തിന്റെ കാഴ്ചയ്ക്ക് വേണ്ടിയാണ് മരങ്ങൾ മുറിക്കാനുള്ള ഗൂഢാലോചന നടന്നത്. മരങ്ങൾ നിൽക്കുന്ന സ്ഥലവും കെഎസ്ടിപി റോഡുമായി 30 മീറ്റർ അകലവുമുണ്ട്.


കാസർകോട് സോഷ്യൽ ഫോറസ്ട്രി വകുപ്പ് സ്ഥലം പരിശോധിച്ച് മരങ്ങൾ അപകടമുണ്ടാക്കുന്നതാണെന്നും, മുറിച്ചു മാറ്റണമെന്നുമുള്ള റിപ്പോർട്ടിന്റെ ബലത്തിലാണ് ഈ മരങ്ങൾ മുറിച്ചു മാറ്റാൻ ഉത്തരവിട്ടതെന്ന് കണ്ണൂർ െകഎസ്ടിപി എക്സിക്യുട്ടീവ് എഞ്ചിനീയർ പറഞ്ഞു. കാഞ്ഞങ്ങാട്ടുള്ള സാമൂഹ്യ വനംവകുപ്പാണ് ഈ മരങ്ങൾ മുറിച്ചു മാറ്റാൻ കൂട്ടുനിന്നതെന്ന് ഉറപ്പായിട്ടുണ്ട്.


കൊവ്വൽപ്പള്ളിയിലെ സാമൂഹ്യ പ്രവർത്തകൻ ജ്യോതി കുമാറും, അരവിന്ദൻ മാണിക്കോത്തും തക്ക സമയത്ത് ഇടപെട്ടതിനെ തുടർന്ന് തൽക്കാലം മരംമുറി നിർത്തി വെച്ചു. മരം മുറിച്ച കരാറുകാരനെ ഹൊസ്ദുർഗ്ഗ് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ. പി. വിനോദ്കുമാർ സ്റ്റേഷനിൽ വിളിപ്പിച്ചു.

LatestDaily

Read Previous

ഭർതൃഗൃഹത്തിൽ കടുത്ത പീഡനം മകന് ചേർന്ന പെണ്ണല്ലെന്ന് മാതാവ്

Read Next

മത്സ്യത്തൊഴിലാളിയുടെ മൊബൈൽ ഫോൺ കണ്ടെത്തി