മനു മരിച്ച ദിവസം വീടിന് സമീപം മൂന്ന് പേരുടെ സാന്നിദ്ധ്യം

കാഞ്ഞങ്ങാട്: ചിറ്റാരിക്കാൽ തയ്യേനി ആലടി കോളനിയിലെ മനു 30, കിണറ്റിൽ മരിച്ച ദിവസം മുന്ന് പേർ വീടിന് സമീപം പ്രത്യക്ഷപ്പെട്ടതായി കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.

ഒക്ടോബർ മൂന്നിന് രാവിലെ തയ്യേനിയിലെ ജോണിന്റെ കിണറ്റിനകത്ത് പൂർണ്ണ നഗ്നനാക്കപ്പെട്ട നിലയിൽ മൃതദേഹം കാണുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ആലടിയിലെ മനുവിന്റെ വീടിന് സമീപം മൂന്ന് പേരുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി പോലീസ് ഉറപ്പിച്ചത്.

മനുവിന്റെ അമ്മയുടെ അനുജത്തിയുടെ മകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്വേഷണസംഘം ഇന്നലെ യുവാവിനെ ചോദ്യം ചെയ്തു.  മനുവിന്റെ പിതാവ് കുഞ്ഞിക്കണ്ണൻ, മൂന്ന് പേരെ വീടിന് സമീപം കണ്ടതായി തന്നോട് പറഞ്ഞുവെന്ന് യുവാവ് വെളിപ്പെടുത്തി. തുടർന്ന് കുഞ്ഞിക്കണ്ണനെ പോലീസ് ഇന്നലെ വീണ്ടും ചോദ്യംചെയ്തു.

മനു വീട് വിട്ടത് പുലർച്ചെ 2 മണിക്ക് ശേഷമാണ്. ഈ സമയം മൂന്ന് പേർ, വീടിന് സമീപത്തുകൂടി പോയിരുന്ന ശബ്ദം കേട്ടിരുന്നതായും, കുഞ്ഞിക്കണ്ണൻ പോലീസിന് മൊഴി നൽകി. കുഞ്ഞിക്കണ്ണന്റെ മൊഴി പുറത്തു വന്നതോടെ കേസ്സന്വേഷണം ഫലപ്രാപ്തിയിലെത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ദുരൂഹ സാഹചര്യത്തിൽ മനുവിന്റെ മൃതദേഹം പൂർണ്ണ നഗ്നനാക്കപ്പെട്ട ശേഷം വസ്ത്രങ്ങൾ കിണറ്റിൻകരയിൽ നിന്നും 150 മീറ്റർ മാറി കാണപ്പെട്ട സംഭവത്തിൽ നിരവധി പേരെ ചോദ്യം ചെയ്ത് പോലീസ് മൊഴിയെടുത്തിരുന്നു.

മൊഴി നൽകിയവരിൽ ചിലരെ ഒന്നിൽക്കൂടുതൽ തവണ ചോദ്യം ചെയ്തു. ഇവർ പരസ്പര വിരുദ്ധമായി മൊഴി നൽകിയതും, വ്യക്തമായി കാര്യങ്ങൾ തുറന്ന് പറയാത്തതും അന്വേഷണത്തെ വഴിമുട്ടിച്ചിട്ടുണ്ട്. മൃതദേഹം കാണപ്പെട്ട അന്നേ ദിവസം പുലർച്ചെ വീടിന് സമീപം ചിലരുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി വ്യക്തമായതോടെ കേസന്വേഷണം വഴിത്തിരിവിലായി.

LatestDaily

Read Previous

പയ്യന്നൂർ അമാൻ ഗോൾഡും പൂട്ടി നിക്ഷേപത്തട്ടിപ്പിൽ 3 കേസുകൾ

Read Next

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് ഗൾഫിലേക്ക് കടന്നു