മദ്യം കിട്ടാത്ത വിഭ്രാന്തിയിൽ വസ്ത്രം അഴിച്ചു മാറ്റി മനു കിണറ്റിൽ ചാടിയതാകാമെന്ന് പോലീസ് സർജൻ

കാഞ്ഞങ്ങാട് : ചിറ്റാരിക്കാൽ തയ്യേനി ആലടി കോളനിയിലെ കുഞ്ഞിക്കണ്ണന്റെ മകൻ കെ. മനു 30, മദ്യം കിട്ടാത്തതിനെ തുടർന്നുണ്ടായ മാനസിക വിഭ്രാന്തിയിൽ വസ്ത്രങ്ങൾ അഴിച്ചു മാറ്റിയ ശേഷം കിണറ്റിൽ ചാടിയതാകാമെന്ന് മനുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത പരിയാരം മെഡിക്കൽ കോളേജിലെ പോലീസ് സർജന്റെ നിഗമനം.

ഒക്ടോബർ 30– ന് രാവിലെ മനുവിന്റെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ തയ്യേനി പോത്തനാംപാറയിലെ ജോണിന്റെ പറമ്പിലെ കിണറ്റിൽ കണ്ടെത്തിയിരുന്നു. ജോൺ ആയിരുന്നു ആദ്യം കിണറ്റിനകത്ത് മൃതദേഹം കണ്ടത്. ധരിച്ചിരുന്ന ബർമൂഡക്കൊപ്പം ലുങ്കിയും തോർത്തും കിണറ്റിൻ കരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടക്കത്തിൽ തന്നെ നാട്ടുകാരും പോലീസും മനുവിന്റെ മരണം കൊലപാതകമാണെന്നുറപ്പിക്കും വിധമുള്ള അന്വേഷണമാണ് നടത്തിയത്. വിദഗ്ദ പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക വിവരം കിണറ്റിലെ വെള്ളത്തിൽ മുങ്ങിയാണ് മരണമെന്നായിരുന്നു.

പോസ്റ്റ് മോർട്ടം നടത്തിയ പോലീസ് സർജൻ, അന്വേഷണ സംഘത്തിന് നൽകിയ അന്തിമ റിപ്പോർട്ടിലും മനു മുങ്ങി മരിച്ചതാണെന്ന് ഉറപ്പാക്കി. അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ചതാണെങ്കിൽ മനു എന്തിന് വേണ്ടി പുലർകാലം വീട് വിട്ട് 2 കിലോ മീറ്റർ അകലെയുള്ള തയ്യേനിയിലെ ജോണിന്റെ പറമ്പിലെത്തിയെന്ന ചോദ്യം അവശേഷിക്കുകയാണ്. അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ചതാകാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞു. മൃതദേഹം കാണപ്പെടുന്നതിന് മുൻപുള്ള തുടർച്ചയായി അഞ്ച് ദിവസം, മദ്യപാനിയായ മനു മദ്യപിച്ചിട്ടില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കൈവശം പണമില്ലാത്തതിനെ തുടർന്നായിരുന്നു ദിവസങ്ങളായി യുവാവിന് മദ്യം കിട്ടാതായത്.

തുടർച്ചയായി മദ്യം ലഭിക്കാതെ വന്നപ്പോൾ, മാനസിക വിഭ്രാന്തിയിലായ മനു, വിഭ്രാന്തി മൂലം വസ്ത്രങ്ങൾ അഴിച്ചുമാറ്റി കിണറ്റിൽ ചാടിയെന്നാണ് പോലീസിന്റെയും നിഗമനം. കഴിഞ്ഞ 2 മാസക്കാലമായി പോലീസ് അന്വേഷണം വിപുലമാക്കിയെങ്കിലും മരണത്തിനിടയാക്കിയ മറ്റു കാരണങ്ങൾ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ നിഗമനം പോലീസ് സ്വീകരിക്കുന്നത്. മനുവിന്റെ വസ്ത്രത്തിൽ കാണപ്പെട്ട നായയുടെ രോമവും മണ്ണിന്റെ അംശവും ശേഖരിച്ച് പോലീസ് രാസപരിശോധനയ്ക്ക് അയച്ചിരുന്നു. ഇവയുടെ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം മനുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അന്തിമ നിഗമനത്തിലെത്തും.

Read Previous

ഭീഷണിമൂലം കത്തി കരുതി: ഇർഷാദ് രണ്ട് പ്രതികളെ ക്കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

Read Next

ശൗചാലയത്തിൽ പ്രസവിച്ച പെൺകുട്ടിക്ക് പരാതിയില്ല പോലീസ് മൊഴിയെടുത്തു