ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തലശ്ശേരി: പാനൂർ ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ കൊല്ലപ്പെട്ട കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒതയോത്ത് അനീഷാണ് പിടിയിലായത്. കൊച്ചിയങ്ങാടി സ്വദേശിയായ അനീഷ് ആദ്യ പ്രതിപ്പട്ടികയിൽ ഇല്ലാത്ത ആളായിരുന്നു. ഒളിവിൽ കഴിയവെ തലശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പ്രതിപ്പട്ടികയിലുള്ള മിക്കവരും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. എട്ടാം പ്രതി ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മറ്റി അംഗവും അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പാനൂർ മേഖല ട്രഷററുമാണ്.
നേരത്തെ പിടിയിലായ ഷിനോസാണ് കേസിൽ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. രതീഷിന്‍റെ മൃതദേഹം ഇന്ന് കാലിക്കുളമ്പിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇന്നലെ വൈകീട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതികളെ രക്ഷപ്പെടുത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് ആരോപണം.
മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെ യുഡിഎഫ് പാനൂരിൽ നടത്തുന്ന പ്രതിഷേധ സംഗമത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. കൊല്ലപ്പെട്ട മൻസൂറിന്‍റെ വീട് സന്ദർശിച്ച ശേഷമാകും സംഗമത്തിൽ പങ്കെടുക്കുക. എഫ്ഐആറിലുള്ള മറ്റു പ്രതികളെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. തലശ്ശേരി, ധർമ്മടം ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീം പ്രതികൾക്കായി തെരച്ചിൽ നടത്തുകയാണ്. മൻസൂറിന്‍റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്സാപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
റിമാൻഡിലായ പ്രതി ഷിനോസിന്‍റെ ഫോണിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ പോലീസിന് കിട്ടിയത്. കൊലപാതകം നടന്ന സമയത്ത് നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ച ഷിനോസിന്‍റെ മൊബൈൽ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിർണ്ണായക വിവരങ്ങൾ കിട്ടിയത്. കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരൻ മുഹ്സിനെ ആക്രമിക്കണമെന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ ഫോണിലുണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്സാപ്പ് വഴിയെന്നാണ് പോലീസ് നിഗമനം. ഫോണിൽ നിന്ന് നീക്കം ചെയ്ത മെസേജുകൾ തിരിച്ചെടുക്കാനായി സൈബർ സെല്ലിന് കൈമാറി. കേസിലെ മുഖ്യപ്രതികളായ സുഹൈലിനെയും ശ്രീരാഗിനെയും ഈ ഫോണിൽ നിന്ന് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.