കളവു മുതൽ തിരിച്ചു കൊടുത്താൽ കളവല്ലാതാകില്ല: പത്രാധിപർ

കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണിയനൊടിയിൽ എം.സി. ഖമറുദ്ദീൻ എംഎൽഏയും കൂട്ടരും കൈക്കലാക്കിയ ജംസ് സ്കൂൾ വഖഫ് ഭൂമി തിരിച്ചു കൊടുത്താൽ കളവ്, കളവല്ലാതാകുന്നില്ലെന്ന് ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് പ്രസ്താവനയിൽ പറഞ്ഞു.

ജംസ് സ്കൂളിന്റെ ഭൂമി വാങ്ങിയവർ ഇപ്പോൾ ഈ ഭൂമി തിരിച്ചു കൊടുക്കുകയാണെന്ന് പറയുന്നതുതന്നെ, അനാഥ മക്കൾക്ക് അവകാശപ്പെട്ട വഖഫ് സ്വത്ത് ഖമറുദ്ദീൻ എംഎൽഏയും കൂട്ടരും അധാർമ്മികമായി കൈക്കലാക്കിയെന്നതിനുള്ള മുഖ്യ തെളിവാണെന്ന് പത്രാധിപർ ഇന്ന് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

മഞ്ചേശ്വരം എംഎൽഏ, എം.സി. ഖമറുദ്ദീൻ, ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഏജിസി ബഷീർ, ഇവർ രൂപീകരിച്ച ട്രസ്റ്റംഗം, തൃക്കരിപ്പൂരിലെ എം. ടി. അബ്ദുൾ ജബ്ബാർ എന്നിവരാണ് ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വഖഫ് ഭൂമി തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞിട്ടുള്ളത്.

മത പണ്ഡിതർ നേതൃത്വം വഹിക്കുന്ന സമസ്ത കേരള ജംഇയ്യത്തൂൽ ഉലമ കോഴിക്കോട്ടെ ചേളാരിയിൽ ചേർന്ന രണ്ടാമത്തെ യോഗത്തിൽ ഉരുത്തിരിഞ്ഞതീരുമാനപ്രകാരമാണ് ജംസ് സ്കൂൾ ഭൂമി തിരിച്ചുകൊടുക്കുന്നതെന്നും എം.സി. ഖമറുദ്ദീനും മറ്റും സമ്മതിച്ചതുകൊണ്ടു തന്നെ അനാഥ മക്കളുടെ ഭൂമി കൈക്കലാക്കിയ എംഎൽഏയും ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഏജിസി ബഷീറും നടത്തിയിട്ടുള്ളത് ഇന്ത്യൻ ഭരണഘടനയോടുള്ള സത്യപ്രതിജ്ഞാലംഘനമാണ്.

എംഎൽഏയുടെ സത്യപ്രതിജ്ഞാലംഘനം ഉറപ്പായ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ കേരള നിയമസഭാ സ്പീക്കർ നടപടി സ്വീകരിക്കണമെന്നും പത്രാധിപർ ആവശ്യപ്പെട്ടു.

എംഎൽഏ അടക്കമുള്ളവർ വാങ്ങിയ ഭൂമി വഖഫ് ഭൂമിയായതിനാലാണ് തിരിച്ചു കൊടുക്കുന്നത് എന്ന് സമസ്ത പണ്ഡിതരുടെ ആദ്യ യോഗം പുറത്തു വിട്ടിരുന്നുവെങ്കിലും, ഇന്ന് പുറത്തു വന്ന എംഎൽഏയുടെ വിശദീകരണത്തിൽ തങ്ങൾ വാങ്ങിയ ഭൂമി വഖഫ് സ്വത്തല്ലെന്ന് വീണ്ടും കള്ളം പറയുകയാണ്.

തൃക്കരിപ്പൂർ മണിയനൊടിയിൽ എംഎൽഏയും മറ്റും വാങ്ങിയ ഭൂമി വഖഫ് സ്വത്താണെന്നുള്ളതിന് രേഖാപരമായ ധാരാളം തെളിവുകൾ ഉള്ളപ്പോൾ, വീണ്ടും വീണ്ടും ഈ വിവാദഭൂമി വഖഫ് സ്വത്തല്ലെന്ന് സ്ഥാപിക്കാനുള്ള എം. സി. ഖമറുദ്ദീന്റെ നീക്കം ജുഗുപ്സാവഹമാണെന്ന് പത്രാധിപർ പ്രസ്താവനയിൽ പറഞ്ഞു. 

LatestDaily

Read Previous

എംഎൽഏയെ വെള്ളപൂശാൻ സമസ്ത കള്ളം പറഞ്ഞു

Read Next

അജാനൂർ കടപ്പുറത്ത് യുവാവിനെ ഏഴംഗസംഘം പതിയിരുന്നാക്രമിച്ചു