ഗുണ്ടാസംഘത്തെ പോലീസ് കീഴ്പ്പെടുത്തി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് പോലീസ് പിടിയിലായ ഗുണ്ടാ സംഘത്തെ കോടതി റിമാന്റ് ചെയ്തു.  ഇന്നലെയാണ് മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ വോർക്കാടി കല്ലാജെയിലെ വീട്ടിൽ നിന്നും അഞ്ചംഗ ഗുണ്ടാസംഘത്തെ കാസർകോട് ഡിവൈഎസ്പി, പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായി പിടികൂടിയത്.അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങൾ സജീവമായതിനെത്തുടർന്ന് ഡിവൈഎസ്പി, പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ പോലീസിന്റെ രഹസ്യ നിരീക്ഷണമുണ്ടായിരുന്നു.

കല്ലാജെയിലെ വീട് കേന്ദ്രീകരിച്ച് അധോലോക ബന്ധമുള്ള മാഫിയാ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ വീട് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെ പോലീസ് സംഘം മഫ്തി വേഷത്തിൽ കല്ലാജെയിലെ വീട് വളഞ്ഞതിനെത്തുടർന്ന് ഗുണ്ടാസംഘം തോക്കുയർത്തി ഭീഷണിപ്പെടുത്തുകയും, പോലീസ് സംഘത്തെ ആക്രമിക്കുകയും ചെയ്തു.  തുടർന്ന് പോലീസ് നടത്തിയ ബല പ്രയോഗത്തിൽ വിദേശ നിർമ്മിത തോക്ക് പിടിച്ചെടുക്കുകയും ആക്രമിസംഘത്തെ കീഴ്പ്പെടുത്തുകയുമായിരുന്നു. മൽപ്പിടുത്തത്തിനിടയിൽ സംഘാംഗമായ ഗുജിരി അമ്മി എന്ന ഹമീദ് രക്ഷപ്പെട്ടു.

മൊറത്തണയിലെ അഷ്ക്കറിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെയാണ് മഞ്ചേശ്വരം കല്ലാജെയിൽ നിന്നും പിടികൂടിയത്. സീതാംഗോളിയിലെ ടയർ ഫൈസൽ 32, ബേളയിലെ കാലിയ ബദറു എന്ന ബദറുദ്ദീൻ 32, കുമ്പള ആരിക്കാടി പി.കെ. നഗറിലെ അബൂബക്കർ ഷഫീഖ് 28, കുമ്പടാജെ മാർപ്പനടുക്കയിലെ മുഹമ്മദ് ഷിഹാബ് 23, എന്നിവരാണ് സംഘാംഗങ്ങൾ. പ്രതികൾക്കെതിരെ 24 ക്രിമിനൽ കേസുകളുണ്ടെന്ന് കാസർകോട് ഡിവൈഎസ്പി, പി.പി. സദാനന്ദൻ വ്യക്തമാക്കി. വധശ്രമം, മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകൽ മുതലായവയാണ് കേസ്സുകൾ. കാലിയാ റഫീഖിനെ വധിച്ച കുപ്രസിദ്ധ ക്രിമിനൽ സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ പി. അരുൺദാസ്, ഡിവൈഎസ്പിയുടെ ക്രൈംസ്ക്വാഡിലെ എസ്ഐമാരായ ഡി.കെ. ബാലകൃഷ്ണൻ, കെ. നാരായണൻ നായർ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ ഗുണ്ടാ മാഫിയാ സംഘത്തെ കുടുക്കിയത്.  പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ഗുജിരി അമ്മിയെന്ന ഹമീദും നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയാണ്.

സംഘാംഗങ്ങൾക്കെതിരെ 2 വെടിവെയ്പ്പ് കേസ്സുകളും, 4 വധശ്രമ കേസ്സുകളുമുണ്ട്.
അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ ഗ്യാങ്ങുകൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് കാസർകോട് ഡിവൈഎസ്പി, പി.പി. സദാനന്ദൻ പറഞ്ഞു.  തോക്ക് കൈവശം വെച്ചതിനും, പോലീസിനെ ആക്രമിച്ച് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമടക്കം അഞ്ചുപേർക്കുമെതിരെ മഞ്ചേശ്വരം പോലീസ് കേസ്സെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റിലാക്കി.

LatestDaily

Read Previous

സ്കൂട്ടറിൽ ലോറിയിടിച്ച് ഫാർമസി ഉടമ തൽക്ഷണം മരിച്ചു

Read Next

പിലിക്കോട് ബാങ്ക് കോഴ : ഗ്രൂപ്പുകൾ തുറന്ന യുദ്ധത്തിൽ