ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ജില്ലയിൽ പ്രധാന മൽസരം നടക്കുന്ന രണ്ട് മണ്ഡലങ്ങളിൽ കോൺഗ്രസ്സ്- ബിജെപി രഹസ്യ ധാരണ. കപ്പിനും ചുണ്ടിനുമിടയിൽ നിയമസഭാ സാമാജികത്വം നഷ്ടപ്പെട്ട മഞ്ചേശ്വരത്തെ സീറ്റ് എന്ത് വില കൊടുത്തും പിടിച്ചെടുക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. ഇതിനായി ചില ആർഎസ്എസ് നേതാക്കൾ കോൺഗ്രസ്സ് നേതാക്കളുമായി ചർച്ച നടത്തി ധാരണയായതായാണ് സൂചന.
മഞ്ചേശ്വരത്ത് കോൺഗ്രസ്സ് വോട്ടുകൾ ബിജെപിക്ക് നൽകി പകരം ശക്തമായ മൽസരം നടക്കുന്ന ഉദുമയിൽ ബിജെപി വോട്ടുകൾ കോൺഗ്രസ്സിന് നൽകി സീറ്റ് പിടിക്കാനാണ് ധാരണ. എന്നാൽ അണിയറയിൽ ഈ നീക്കങ്ങൾ ശക്തമായതോടെ യുഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്ലീം ലീഗിൽ അമർഷം ശക്തമായിട്ടുണ്ട്. മഞ്ചേശ്വരത്ത് ബിെജപിയെ നിലം തൊടീക്കില്ലെന്നാണ് ജില്ലാ ലീഗ് നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ്സ് ധാരണ വ്യക്തമായാൽ മറ്റുമണ്ഡലങ്ങളിലും അതിന്റെ അലയൊലികൾ ബാധിക്കും.
കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് ലീഗ് വോട്ടുകൾ കുറയാനാണ് സാധ്യത. മഞ്ചേശ്വരത്ത് സുരേന്ദ്രനും, ഉദുമയിൽ ബാലകൃഷ്ണൻ പെരിയയും വിജയിച്ചാൽ ഈ രഹസ്യബാന്ധവം വ്യക്തമാവും. അതോടെ ജില്ലയിലെ യുഡിഎഫ് സംവിധാനം തന്നെ തകരാനും ഇടയാകും. സംസ്ഥാനത്തുടനീളം കോൺഗ്രസ്സ് ബിജെപി അന്തർധാരണയുണ്ടെന്നും മഞ്ചേശ്വരത്തും അത് നടന്നിട്ടുണ്ടെന്നും സിപിഎം ഉൾപ്പടെ ഇടതു പാർട്ടികളും പറയുന്നു.
ഉദുമയ്ക്കായി ചില കോൺഗ്രസ്സ് നേതാക്കൾ രഹസ്യമായി ആർഎസ്എസ് നേതാക്കളുമായും ചർച്ച നടത്തിയതായി പുറത്തു വന്നിട്ടുണ്ട്. നേമം മണ്ഡലം ഇത്തവണ കൈവിട്ടുപോയാൽ, ബിജെപിക്ക് കേരള നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതാവുകയും, അതുകൊണ്ട് തന്നെ മഞ്ചേശ്വരം എന്ത് വില കൊടുത്തും പിടിച്ചെടുക്കാനുമാണ് ബിജെപിയുടെ ശ്രമം. ഇതിനാണ് കോൺഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ സഹായം തേടിയത്. അതിന് പ്രത്യുപകാരമായി ഉദുമയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വോട്ട് മറിക്കാനാണ് ബിജെപി നീക്കം.