മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുംബൈ വ്യവസായി

മുംബൈ: പാലാ എംഎൽഎ മാണി സി കാപ്പൻ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുംബൈ വ്യവസായി ദിനേശ് മേനോൻ. മുംബൈ ബോറിവില്ലി കോടതിയിൽ വച്ചാണ് വധഭീഷണി. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ കോടതിയിലെത്തിയപ്പോൾ മാണി സി കാപ്പൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ പറയുന്നു. കോടതി പിരിഞ്ഞ ശേഷം കേസ് വേഗത്തിൽ തീർപ്പാക്കിയില്ലെങ്കിൽ നാട്ടിൽ എത്തിയാൽ തട്ടിക്കളയും എന്ന് മാണി സി കാപ്പൻ പറഞ്ഞു. മുംബൈ പോലീസിൽ പരാതി നൽകുമെന്ന് ദിനേശ് മേനോൻ വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പാലാ എംഎൽഎ മാണി സി കാപ്പന് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മാണി സി കാപ്പൻ 3.25 കോടി രൂപ തട്ടിയെടുത്തെന്നാണ് ദിനേശ് മേനോന്‍റെ പരാതിയിൽ പറയുന്നത്. 

ദിനേശ് മേനോന്‍റെ പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി മാണി സി കാപ്പനെതിരെ കേസെടുത്തിരുന്നു. മാണി സി കാപ്പനെതിരെ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തത്. പ്രഥമദൃഷ്ട്യാ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ദിനേശ് മേനോൻ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.

K editor

Read Previous

അധ്യക്ഷ തിരഞ്ഞെടുപ്പ്; ഗാന്ധി കുടുംബത്തിന് സ്ഥാനാർത്ഥികളില്ലെന്ന് സോണിയ

Read Next

2024 ഓടെ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ പൂജ്യം ആക്കാൻ ഉറപ്പിച്ച് അസമിലെ ഒരു ഡോക്ടർ