ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മമ്മൂട്ടി നായകനായി അഭിനയിച്ച റോഷക് അടുത്ത കാലത്തായി മലയാള സിനിമയിലെ ഏറ്റവും വലിയ ചർച്ചകളിലൊന്നാണ്. സൈക്കോളജിക്കൽ ത്രില്ലർ, റിവഞ്ച് ഡ്രാമ, ഹൊറർ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളിച്ചാണ് നിസാം ബഷീർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള ഓപ്പണിംഗ് മാത്രം 20 കോടി രൂപയാണ്.
ഇന്നലെ അബുദാബിയിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ മമ്മൂട്ടിയും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും പങ്കെടുത്തിരുന്നു. തുടർന്ന് നടന്ന വാർത്താസമ്മേളനത്തിലെ ചോദ്യങ്ങൾക്ക് മമ്മൂട്ടി നൽകിയ ഉത്തരം സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. ആസിഫ് അലിയാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ എല്ലായ്പ്പോഴും മുഖം മൂടിക്കെട്ടിയാണ് കഥാപാത്രം സ്ക്രീനിലേക്ക് വരുന്നത്. ആസിഫ് അലിയോട് ചെയ്തത് അനീതിയല്ലേ എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു. ഇതിന് മമ്മൂട്ടി നൽകിയ മറുപടിയാണ് വൈറലാകുന്നത്
“ആസിഫ് അലിയോട് നമുക്ക് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും മനസ് നിറഞ്ഞ സ്നേഹമാണ് ആസിഫിനോട് ഉള്ളത്. കാരണം ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ, മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ നിങ്ങള്‍ ബഹുമാനിക്കണം. അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം.
ഒന്നുകൂടി… മനുഷ്യന്റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആ കണ്ണുകള്‍ കണ്ടാണ് ആസിഫ് അലി സിനിമയില്‍ ഉണ്ടെന്ന് അറിയാതിരുന്നവര്‍ നടനെ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടന് കണ്ണുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ബാക്കി അഭിനേതാക്കള്‍ക്ക് അഭിനയിക്കാന്‍ മറ്റെല്ലാ അവയവങ്ങളും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ ആസിഫ് അലിക്ക് കണ്ണുകള്‍ ഉപയോഗിക്കാനുള്ള അവസരമേ ഉണ്ടായിട്ടുള്ളൂ. ഒരു കൈയടി കൂടി.” മമ്മൂട്ടി പറഞ്ഞു.