മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ഇന്ന് ചുമതലയേല്‍ക്കും

ദില്ലി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയില്‍ നിന്ന് ഖാര്‍ഗെ ചുമതലയേറ്റെടുക്കും. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ സംബന്ധിക്കും. പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാര്‍ഗെ നേതൃത്വം നല്‍കും. അധ്യക്ഷനായ ശേഷം ഖാര്‍ഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്.

24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി എത്തുന്നത്. 1972ല്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെ തുടര്‍ന്ന് തുടര്‍ച്ചയായ 10 തവണ നിയമസഭാ തിരെഞ്ഞെടുപ്പില്‍ വിജയിച്ചത് ഇന്നും റെക്കോര്‍ഡാണ്. 2009-2019 കാലയളവില്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു . 2014-2019 കാലത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവായിരുന്നു. 2021 ഫെബ്രുവരി 16 മുതല്‍ 2022 ഒക്ടോബര്‍ 1 വരെ രാജ്യസഭാഗം. ഇടക്കാലത്ത് അദ്ദേഹം റെയില്‍വേ മന്ത്രിയും തൊഴില്‍ മന്ത്രിയുമായിരുന്നു. 2019ല്‍ 17 -ാം ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മാത്രമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആദ്യമായും അവസാനമായും പരാജയപ്പെട്ടത്.

K editor

Read Previous

സെറ്റ് പരീക്ഷയ്ക്ക് ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം

Read Next

എടപ്പാൾ ടൗണിൽ ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറി