ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചതായി അറിയിച്ചു. ജയ്പൂർ സമ്മേളനത്തിൽ പാർട്ടി സ്വീകരിച്ച ഒരാൾക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചത്. മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹം രാജിവച്ചത്.
മല്ലികാർജ്ജുൻ ഖാർഗെ രാജിവെച്ചതോടെ പി ചിദംബരം, ദിഗ്‌വിജയ് സിംഗ്, മുകുൾ വാസ്നിക് എന്നിവരെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ഈ തീരുമാനം കാരണമാണ് അശോക് ഗെഹ്ലോട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതിരുന്നത്. പാർട്ടി അധ്യക്ഷനായാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗെഹ്ലോട്ട് തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയത്.
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. വൈകുന്നേരത്തോടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കി അംഗീകൃത പത്രികകൾ ഏതെല്ലാമെന്ന് വ്യക്തമാക്കും. മല്ലികാർജ്ജുൻ ഖാർഗെ, ശശി തരൂർ, കെഎൻ ത്രിപാഠി എന്നിവരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഖാർഗെ 14 നാമനിർദ്ദേശ പത്രികകളും തരൂർ അഞ്ച് നാമനിർദ്ദേശ പത്രികകളും സമർപ്പിച്ചു. മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകം സന്ദർശിച്ചാണ് തരൂർ ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നത്. സംസ്ഥാനങ്ങളിലെ വോട്ടർമാരായ നേതാക്കളുമായും തരൂർ കൂടിക്കാഴ്ച നടത്തും.