നിറം കെട്ട നക്ഷത്രങ്ങൾ

നടിയെ ആക്രമിച്ച കേസ്സിൽ പ്രതിയായ ചലച്ചിത്ര നടനെ രക്ഷപ്പെടുത്താൻ സിനിമാ താരങ്ങൾ നടത്തുന്ന മൊഴിമാറ്റങ്ങൾ സാംസ്കാരിക കേരളത്തിന് തന്നെ അപമാനമാണ്.

വീട്ടമ്മമാരുടെയും, കുടുംബിനികളുടെയും, യുവാക്കളുടെയും കയ്യടി വാങ്ങി താരപ്രതിഷ്ഠ നേടിയ നടീനടൻമാർ നിരാശ്രയയായ ചലച്ചിത്ര നടിയെ ആക്രമിച്ച നടനെ െവള്ളപൂശാൻ ശ്രമിക്കുന്നത് ജുഗുപ്സാവഹമായ നടപടി തന്നെയാണ്.

താരപ്പകിട്ടിൽ നിൽക്കുന്ന നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത ചലച്ചിത്ര നടനെ രക്ഷപ്പെടുത്താൻ കോടതിയിൽ മൊഴി മാറ്റിയവർ അറിഞ്ഞുകൊണ്ട് തന്നെ പ്രതിയായ നടനെ ന്യായീകരിക്കുക കൂടിയാണ് ചെയ്യുന്നത്.

ക്യൂ നിന്ന് തിയേറ്ററുകളിൽ ഇടിച്ചു കയറി ഇത്തരം  നടീനടൻമാർക്ക് വേണ്ടി കയ്യടിച്ച ആരാധകരുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്ന തരത്തിലാണ് ചലച്ചിത്ര താരങ്ങളുടെ മൊഴിമാറ്റം.

ആണധികാരത്തിന്റെ ആധിപത്യത്തിലുള്ള സിനിമാ മേഖലയിൽ പുരുഷ താരങ്ങൾ തങ്ങളുടെ സഹപ്രവർത്തകരായ സ്ത്രീകളെ എങ്ങിനെ കാണുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ് നടിയെ ആക്രമിച്ച കേസ്സും തുടർന്നുള്ള സംഭവ വികാസങ്ങളും തെളിയിക്കുന്നത്.

ഇരയുടെ കൂടെ നിൽക്കേണ്ടതിന് പകരം വേട്ടക്കാരനെ സുഖിപ്പിക്കാനും വാഴ്ത്തുപാട്ടുകൾ രചിക്കാനും മാത്രം സ്ത്രീ വിരുദ്ധരാണ് മലയാള സിനിമയിലെ നടീനടൻമാരെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

ഒറ്റയ്ക്കൊരു പെണ്ണിനെ കാറിൽ തട്ടിക്കൊണ്ടുപോയി അപമാനിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ക്വട്ടേഷൻ കൊടുത്തയാളെ കലയുടെ ഏത് അളവ് കോൽ വെച്ചാണ് കലാകാരനെന്ന് അളക്കാൻ കഴിയുകയെന്ന് കലാകാരൻമാരെന്നഭിമാനിക്കുന്നവർ തന്നെയാണ് ചിന്തിക്കേണ്ടതും കേരള സമൂഹത്തോട് ഉത്തരം പറയേണ്ടതും.

സിനിമയിലെ ചാൻസുകളുടെ എല്ലിൻ കഷണത്തിന് വേണ്ടി വേട്ടപ്പട്ടികൾക്ക് വേണ്ടി വാലാട്ടുന്നവരായി സ്വയം താഴേണ്ടതുണ്ടോയെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെയാണ് ചിന്തിക്കേണ്ടത്.

സിനിമാ നടീനടൻമാരെ താരങ്ങളായി പ്രതിഷ്ഠിച്ച സ്ത്രീകളടക്കമുള്ള ആരാധകരുടെ നെഞ്ചിൽ കയറി നിന്നാണ് മലയാള സിനിമ കണ്ട ഏറ്റവും വലിയ ക്രൂരകൃത്യത്തെയും അത് ചെയ്യിപ്പിച്ച നടനെയും ചിലർ പൂമാലയിട്ട് സ്വീകരിക്കുന്നത്.

കുറ്റാരോപിതനായ നടനെ വെള്ളപൂശി രക്ഷപ്പെടാൻ ശ്രമിക്കുന്നവർ സ്വയം മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സ്ത്രീ സമൂഹത്തോടുള്ള ഇവരുടെ മനോഭാവം കൂടിയാണ് മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നതും മലയാള സിനിമയുടെ ദീർഘമായ ചരിത്രത്തിൽ ഇന്നേവരെയുണ്ടാകാത്ത തരത്തിലുണ്ടായ കൊടും കുറ്റകൃത്യം ഇനി ആവർത്തിക്കാതിരിക്കണമെങ്കിൽ കുറ്റാരോപിതനായ നടനെതിരെയള്ള കേസ്സിൽ യഥാർത്ഥനീതി നടപ്പാക്കുക തന്നെ വേണം.

ഇരയ്്ക്ക് നീതി ലഭിക്കാനുള്ള സാഹചര്യമുണ്ടാകണമെങ്കിൽ സിനിമാ മേഖലയിലെ പ്രവർത്തകർ തന്നെയാണ് കനിയേണ്ടത്.

അപമാനിതയായ ഇരയെ വീണ്ടും വീണ്ടും അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് കലാകാരൻമാർ പിന്തിരിയണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്.

സഹപ്രവർത്തകരായ സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിച്ചിരുന്ന സത്യന്റെയും പ്രേംനസീറിന്റെയും പിൻഗാമികളാണ് തങ്ങളെന്ന അഭിമാന ബോധം ഓരോ ചലച്ചിത്ര താരത്തിനും ഉണ്ടാകേണ്ടതാണ്.

LatestDaily

Read Previous

കാർഷിക ബില്ലുകൾ കർഷക ദ്രോഹമാകുന്നു​

Read Next

അസാം ഇരുപതുകാരൻ തൂങ്ങി മരിച്ചു