ശബരിമല ശ്രീകോവിൽ ചോർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണി ഇന്ന് ആരംഭിക്കും

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ശ്രീകോവിലിന്‍റെ മേൽക്കൂരയിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ ഇന്ന് ആരംഭിക്കും. മേൽക്കൂരയിലെ നാല് സ്വർണപ്പാളികൾ ഇളക്കി അവ ചേരുന്ന ഭാഗത്ത് സിലിക്കൺ പശ ഉപയോഗിച്ച് ഉറപ്പിക്കും. സന്നിധാനത്ത് കനത്ത മഴയില്ലെങ്കിൽ ആറ് ദിവസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ ഏഴിന് മുമ്പ് പണികൾ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.

കാലപ്പഴക്കത്താൽ പശ ഇളകുന്നതും, അടിയിലെ ചെമ്പ് പാളി ഉറപ്പിച്ചിരുന്ന ആണികൾ അയഞ്ഞതുമാണ് ചോർച്ചയുണ്ടാക്കിയതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അറ്റകുറ്റപ്പണിക്ക് സ്വർണ്ണമോ ചെമ്പോ പാളികൾ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. അയഞ്ഞ ആണികൾക്ക് പകരം പുതിയ ആണികൾ ഉപയോഗിക്കും. പരുമല അനന്തൻ ആചാരിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അറ്റകുറ്റപ്പണികൾക്കായി സന്നിധാനത്ത് എത്തിയത്.

കഴുക്കോലിന് മുകളിൽ പലക, ചെമ്പ്, സ്വർണ്ണം എന്നിവയുടെ മൂന്ന് പാളികൾ കൊണ്ടാണ് ശ്രീകോവിലിന്‍റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. കിഴക്ക് കോടിക്കഴുക്കോലിനോട് ചേർന്നുള്ള മേൽക്കൂരയുടെ വശത്താണ് ചോർച്ച. കഴിഞ്ഞ വിഷുപൂജകൾക്കായി നട തുറന്നപ്പോഴാണ് ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലേക്ക് വെള്ളം വീഴുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ഓഗസ്റ്റ് 22ന് ദേവസ്വം ബോർഡ് പണി തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും ഹൈക്കോടതിയിൽ നിന്ന് അന്തിമ അനുമതി ലഭിക്കാൻ വൈകിയതിനാൽ നേരിയ കാലതാമസമുണ്ടായി.

K editor

Read Previous

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കുന്നു; സര്‍വകലാശാല ബില്‍ പരിഗണിക്കും

Read Next

കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഘട്ടംഘട്ടമായി നല്‍കിയാല്‍ മതി; വിജിലന്‍സ്