മഹമൂദ് മുറിയനാവിക്ക് വോട്ട് മറിക്കാനുള്ള നീക്കം പാളി

കാഞ്ഞങ്ങാട് : നഗരസഭ 36 –ാം വാർഡ് മുറിയനാവിയിൽ ഇടതു മുന്നണി സ്വതന്ത്രൻ മഹമൂദ് മുറിയനാവിക്കെതിരെ 51 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി മുസ്്ലീം ലീഗിലെ സെവൻസ്റ്റാർ അബ്ദു റഹിമാൻ നേടിയ വിജയത്തിന് നക്ഷത്രത്തിളക്കം. തൊട്ടടുത്ത 37 –ാം വാർഡായ കല്ലൂരാവിയിൽ മൽസരിച്ച ലീഗ് വിമത സ്ഥാനാർത്ഥി എം. ഇബ്രാഹിമിനെ പരാജയപ്പെടുത്താനും, 36– ാം വാർഡിൽ മഹമൂദ് മുറിയനാവിയെ വിജയിപ്പിക്കാനും ഈ മേഖലയിലുള്ള പണച്ചാക്കുകളുടെ സ്വാധീനത്തിൽ ചിലർ വോട്ട് കച്ചവടത്തിനുള്ള നീക്കം നടത്തിയിരുന്നു.

എന്നാൽ വിവരം ചോർന്നതോടെ 36, 37 വാർഡുകളിലെ, ലീഗ് പ്രവർത്തകർ ഒറ്റക്കെട്ടായി നിന്ന് സെവൻസ്റ്റാർ അബ്ദു റഹിമാന്റെ വിജയത്തിനായി നടത്തിയ തീവ്രമായ പ്രചാരണങ്ങളുടെ ഫലമായാണ് സെവൻസ്റ്റാറിന്റെ വിജയം ഉറപ്പാക്കാൻ കഴിഞ്ഞത്. അതേ സമയം 37– ൽ ലീഗ് സ്ഥാനാർത്ഥി സി.കെ. അഷറഫ് 367 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. മുസ്്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗവും, മുൻ മണ്ഡലം പ്രസിഡന്റുമായിരുന്ന എം. ഇബ്രാഹിം ഒറ്റക്ക് നിന്ന് 369 വോട്ട് നേടിയത് ശ്രദ്ധേയമായി.

ഇടതു മുന്നണി തുടക്കത്തിൽ ഇബ്രാഹിമിന് പിന്തുണ നൽകാനായി സമീപിച്ചുവെങ്കിലും, അത് സ്വീകരിക്കാതെ ലീഗുകാരനായി തന്നെയാണ് ഇബ്രാഹിം ആദ്യാവസാനം രംഗത്തുണ്ടായത്.  ഇടതു വലതു മുന്നണികളുടെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് സ്വന്തം വാർഡിൽ 369 വോട്ട്് നേടിയത് എം. ഇഹ്രാഹിമിന്റെ വ്യക്തി പ്രഭാവത്തിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

LatestDaily

Read Previous

കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിന് 150 പേർക്കെതിരെ കേസ്

Read Next

തൃക്കരിപ്പൂരിൽ ഐ.എൻ.എൽ അക്കൗണ്ട്