മഹിള കോൺഗ്രസ് നേതാവ് ഗീതാകൃഷ്ണനെ അധിക്ഷേപിച്ച ബ്ലോക്ക് കോൺ. നേതാവിനെതിരെ പോലീസ് പരാതിക്ക് നീക്കം

ഉദുമ: ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും  ഡി.സി.സി. ജനറൽ സിക്രട്ടറിയുമായ ഉദുമയിലെ ഗീതാകൃഷ്ണനെ പരസ്യമായി  അധിക്ഷേപിച്ച  ഉദുമ ബ്ലോക്ക്  കോൺഗ്രസ് മുൻ പ്രസിഡന്റ് രാജൻ പെരിയയ്ക്കെതിരെ പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകാൻ ഗീതാ കൃഷ്ണന്റെ നീക്കം.

ജില്ലാ കോൺഗ്രസ്  കമ്മിറ്റി ഓഫീസിൽ ജുലായ്  30 നാണ് രാജൻ പെരിയ ഗീതാ കൃഷ്ണനെ, ഡി.സി.സി ജനറൽ  സിക്രട്ടറി ധന്യ സുരേഷ്, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സിക്രട്ടറി മീനാക്ഷി ബാലകൃഷ്ണൻ, എന്നിവരുടെ മുന്നിൽ പരസ്യമായി അധിക്ഷേപിച്ചത്.

പുറത്തു പറയാൻ കൊള്ളാത്ത വാക്കുകൾ ഉപയോഗിച്ചാണ് രാജൻ ഗീതയെ അധിക്ഷേപിച്ചത്.

ഉദുമ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി പട്ടികയിൽ നിന്ന് പുല്ലൂർ സ്വദേശിനിയും, കോൺഗ്രസ് പ്രവർത്തകയും, രാജന്റെ അടുത്ത സുഹൃത്തുമായ ശ്രീകലയുടെ പേര്  വെട്ടിമാറ്റിയത് ഗീതയുടെ ഇടപെടൽ മൂലമാണെന്ന് ആരോപിച്ചാണ് ഗീതയെ രാജൻ കണക്കില്ലാതെ അധിക്ഷേപിച്ചത്.

ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ മുന്നിലാണ്  20 മിനുറ്റുകൾ നീണ്ടു നിന്ന അധിക്ഷേപമുണ്ടായത്.  രാജൻ  ഗീതയ്ക്കെതിരെ തെറിയഭിഷേകം ചൊരിയുമ്പോൾ, ധന്യയും ,മീനാക്ഷിയും ഗീതയ്ക്കൊപ്പമുണ്ടായിരുന്നു.

കോൺഗ്രസ് ബ്ലോക്ക് തല പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉദുമ ബ്ലോക്ക് കമ്മിറ്റി ഡി.സി.സിക്ക് നൽകിയ ഭാരവാഹിപ്പട്ടികയിൽ നിന്ന് ശ്രീകലയുമായി പേര് വെട്ടി മാറ്റിയതിന് പിന്നിൽ ഗീതാ കൃഷ്നാണെന്ന് സംശയിച്ചാണ് ശ്രീകലയുമായി അടുത്ത സുഹൃദ് ബന്ധമുള്ള രാജൻ  ഗീതയെ  തട്ടിക്കളയുമെന്നു വരെ  ഭീഷണിപ്പെടുത്തിയത്.

തൽസമയം ഉദുമ ബ്ലോക്ക്  ഡിസിസിക്ക് നൽകിയ ഭാരവാഹിപ്പട്ടികയിൽ രാജന്റെ നോമിനിയായി ശ്രീകലയുടെയും കണ്ണൻ പെരിയ, കായക്കുളം ഭാസ്കരൻ എന്നിവരുടെ പേരുകളുമുണ്ടായിരുന്നു.

ഈ ലിസ്റ്റ് പരിശോധിച്ച ഡിസിസി സമവായമെന്ന രീതിയിൽ ശ്രീകലയുടെയും മറ്റു രണ്ടു കോൺഗ്രസ് പ്രവർത്തകരുടയും  പേരുകൾ വെട്ടി മാറ്റിയ ശേഷം , അന്തിമ ലിസ്റ്റ് അംഗീകരിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് നൽകുകയും ചെയ്തു.

ഇതോടെ  ശ്രീകലയെ  ഉദുമ ബ്ലോക്ക്  കോൺഗ്രസ് ജനറൽ സിക്രട്ടറിയായി ഉയർത്താനുള്ള രാജന്റെ ആഗ്രഹം തകിടം മറിയുകയും ചെയ്തു.

പുതുക്കിയ ഉദുമ ബ്ലോക്ക്  കോൺഗ്രസ് കമ്മിറ്റി പട്ടികയിൽ 20 പ്രതിനിധികൾ ഐ-വിഭാഗത്തിനും, 20 പേർ ഏ- വിഭാഗത്തിനും തുല്യപ്രാധാന്യം നൽകിയാണ് ഡിസിസി പ്രസിഡന്റ് ഒപ്പിട്ട അന്തിമ പട്ടിക പുറത്തുവിട്ടത്.

അന്തിമ ലിസ്റ്റിൽ നിന്ന് രാജന്റെ നോമിനികളുടെ  പേര് വെട്ടിമാറ്റാൻ കരുക്കൾ നീക്കിയത് ഗീതാകൃഷ്ണനാണെന്നാണ് രാജന്റെ മുഖ്യ പരാതി.

ഇതാണ് ഗീതയ്ക്കെതിരായ പരസ്യ അധിക്ഷേപത്തിന് രാജനെ പ്രേരിപ്പിച്ചത്.

മാത്രമല്ല, ഡിസിസി അംഗീകരിച്ച അന്തിമപട്ടികയിൽ  പിന്നീട് രാജൻ ശ്രീകലയുടെ പേര്  എഴുതി ചേർത്ത് ബ്ലോക്ക്  കോൺഗ്രസ് കമ്മിറ്റിയിൽ അവതരിപ്പിച്ചതിനെ യോഗത്തിൽ സംബന്ധിച്ച കോൺ. പ്രവർത്തകർ എതിർക്കുകയും ചെയ്തു.

ഡിസിസി പ്രസിഡന്റ് ഒപ്പിട്ടു നൽകിയ അന്തിമ പട്ടിക ഡിസിസി തീരുമാനമനുസരിച്ചുള്ള പട്ടികയാണെന്നും, തനിക്ക്  അന്തിമ പട്ടികയുമായി യാതൊരു ബന്ധവുമില്ലെന്നും ഗീതാ കൃഷ്ണൻ പറയുമ്പോൾ, ഈ വെളിപ്പെടുത്തൽ അംഗീകരിക്കാൻ രാജൻ ഒട്ടും തയ്യാറല്ല.

രാജന്റെ അധിക്ഷേപത്തിൽ മനെ നൊന്ത ഗീതയും , ധന്യയും, മീനാക്ഷിയും സംഭവ ദിവസം പ്രതിഷേധമെന്നോണം ഡിസിസി ഓഫീസിൽ നേരം വൈകുന്നതുവരെ  കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗീത ഏറെ നേരം കരയുകയും ചെയ്തു.

അധിക്ഷേപത്തിൽ രാജനെതിരെ ഗീത നൽകിയ പരാതി ഡിസിസി  പ്രസിഡന്റ് കെ.പിസിസി പ്രസിഡന്റിന്  അയച്ചു കൊടുക്കുകയും, പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ

കെ.പിസിസി  പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ കാസർകോടിന്റെ ചുമതലയുള്ള കെ.പിസിസി സിക്രട്ടറി ജി. രതികുമാറിന് കൈമാറുകയും ചെയ്തു.

പരാതിയിൽ അന്വേഷണം  നടത്തിയ ജി. രതികുമാർ രാജനെതിരായ സത്യസന്ധമായ അന്വേഷണ റിപ്പോർട്ട് കെ.പിസിസി  പ്രസിഡന്റിന് നൽകിയെങ്കിലും, പ്രസിഡന്റിന്റെ ഭാഗത്ത്  നിന്ന് നടപടിക്കുള്ള യാതൊരു  ശിപാർശയും പത്തുനാൾ കഴിഞ്ഞിട്ടും  ഉണ്ടായില്ല.

അപമാനിതയായ ഗീതാകൃഷ്ണൻ രാജനെതിരെ പോലീസിൽ പരാതിപ്പെടാൻ ഒരുങ്ങിയിരിക്കെയാണ്.

അതിനിടയിൽ സംഭവത്തിന് ശേഷം രാജൻ ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പദവി രാജിവെച്ചൊഴിയുകയും ചെയ്തിട്ടുണ്ട്.

LatestDaily

Read Previous

കോവിഡ് : ജില്ലാശുപത്രിയിലെ സ്ത്രീകളുടെ വാർഡ് അടച്ചിട്ടു

Read Next

ഖാദർ മാങ്ങാടും മത്സരിക്കും