സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിൽ അടയ്ക്കപ്പെട്ട പ്രൊഫസർ സായിബാബയെയും മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള അപ്പീൽ പരിഗണിക്കാൻ ശനിയാഴ്ച സുപ്രീം കോടതിയിൽ പ്രത്യേക സിറ്റിംഗ്. ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കാനാണ് പ്രത്യേക സിറ്റിംഗ്. ജസ്റ്റിസുമാരായ എം ആർ ഷാ, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് രാവിലെ 11 മണിക്ക് അപ്പീൽ പരിഗണിക്കും.

മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം മഹാരാഷ്ട്ര ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്ര സർക്കാർ രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പരിഗണിക്കാതെ സാങ്കേതിക കാരണങ്ങളാൽ മാത്രമാണ് സായിബാബ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടത്. യു.എ.പി.എ പ്രകാരമുള്ള കേസിൽ ഹൈക്കോടതി പരിഗണിച്ചത് ടാഡ കേസുകളുമായി ബന്ധപ്പെട്ട വിധികളാണെന്നും അപ്പീൽ ചൂണ്ടിക്കാട്ടി.

Read Previous

ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി കെ.ടി ജലീല്‍

Read Next

300 രൂപയ്ക്ക് നീലക്കുറിഞ്ഞി കാണാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസി