ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോവിഡ് കാലത്തും മഹാമേള തട്ടിപ്പുകൾ നഗരത്തിൽ അടിക്കടി മുളയ്ക്കുന്നു.
ഏതെടുത്താലും 99 രൂപ മുതൽ 199 വരെ എന്ന വൻ തട്ടിപ്പുമായി ഇന്നലെയും കാഞ്ഞങ്ങാട്ടെ നയാബസാറിൽ പുതിയൊരു തട്ടിപ്പു വ്യാപാരം ഉദയം ചെയ്തു.
വസ്ത്രങ്ങൾ, ചെരിപ്പുകൾ, മാറ്റുകൾ, ചെടിച്ചട്ടികൾ, ബാഗുകൾ എന്നിവയുടെ വിൽപ്പനയാണ് ഈ മഹാമേളകളിൽ നടക്കുന്നത്.
ചെരുപ്പ്, റെഡിമെയ്ഡ്, ബാഗ്, പാത്രങ്ങൾ തുടങ്ങിയവ ഇവയുടെ നിർമ്മാണക്കമ്പനികളിൽ നിന്ന് പഴക്കം കൊണ്ടും, നിർമ്മാണത്തകരാറുകൾ കൊണ്ടും, തള്ളിവിടുന്ന ഉൽപ്പന്നങ്ങൾ മൊത്തമായി ശേഖരിച്ച് കൂടിയ വിലയ്ക്ക് വിൽക്കുന്ന വൻ ലോബിയാണ് ഇത്തരം മഹാമേളകൾ നഗരഹൃദയത്തിൽ സംഘടിപ്പിച്ച് ഉപഭോക്ക്കതാളെ തട്ടിപ്പിനിരയാക്കുന്നത്.
ഇത്തരം മഹാമേളകളിൽ നിന്ന് ഉപഭോക്താവ് പണം കൊടുത്ത് വാങ്ങുന്ന ഒരു ഉൽപ്പന്നത്തിനും, യാതൊരു ഉറപ്പും ഗ്യാരണ്ടിയുമില്ല.
മാത്രമല്ല, ഈ മഹാമേളകളിൽ നിന്ന് വാങ്ങുന്ന ഉൽപ്പന്നങ്ങൾക്കൊന്നും മഹാമേളക്കാർ ബില്ല് കൊടുക്കാറില്ല.
ഇതുകൊണ്ടുതന്നെ മഹാമേളക്കാരുടെ ഉൽപ്പന്നം വാങ്ങിയ അന്നു തന്നെ കുഞ്ഞുടുപ്പിന്റെ നിറം മുഴുവൻ ഒറ്റ അലക്കിൽ അലിഞ്ഞുപോയാലും, ആരോടും പരാതിപ്പെടാൻ കഴിയാത്ത വ്യാപാരമാണ് മഹാമേളയിൽ നടക്കുന്നത്.
കർണ്ണാടകയിൽ നിന്നാണ് ഇത്തരം മഹാമേളകളിലേക്ക് വില കുറഞ്ഞ ഉൽപ്പന്നങ്ങൾ എത്തുന്നത്. ബില്ലില്ലാത്ത ഉൽപ്പന്നങ്ങൾ വാങ്ങി ഉപഭോക്താവ് വഞ്ചിക്കപ്പെടുന്നിടത്ത് ഇടപെടേണ്ടത് നഗരസഭാ അധികൃതരാണ്.
വിൽപ്പന നികുതി വകുപ്പിനും ഇത്തരം അനധികൃത തട്ടിപ്പു വ്യാപാരങ്ങൾക്കെതിരെ നടപടി സ്വീകരിക്കാമെങ്കിലും, കച്ചവടം പൊടിപൊടിക്കുന്ന മഹാമേളകളിൽ നിന്നുള്ള “കവർ” ആദരപൂർവ്വം ഏറ്റുവാങ്ങി നഗരസഭയും മഹാമേളയെ കുംഭമേളയാക്കി മാറ്റുന്ന കാഴ്ച കാഞ്ഞങ്ങാട് നഗരത്തിന്റെ മാത്രം പ്രത്യേകതയാണ്.
നോർത്ത് കോട്ടച്ചേരിയിൽ നഗരസഭയുടെ മൗനത്തോടെ പൊടിപൊടിച്ച മഹാമേളയ്ക്കെതിരെ കോവിഡ് നിയമം മറികടന്നുവെന്നതിന് 4 കേസ്സുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്.
ഇപ്പോഴിതാ നയാബസാറിലെ മഹാമേളയിലും അവസാനിക്കാത്ത ആൾക്കൂട്ടമാണ്.