കുടകിൽ പിടികൂടിയ മയക്കുമരുന്ന് എത്തിച്ചത് കാഞ്ഞങ്ങാട്ട് നിന്ന്

കർണ്ണാടക കുടക് മടിക്കേരിയിൽ പോലീസ് അന്വേഷണ സംഘം പിടികൂടിയ ലക്ഷങ്ങളുടെ ബ്രൗൺ ഷുഗർ മയക്കുമരുന്ന് മടിക്കേരിയിലെത്തിയത് കാഞ്ഞങ്ങാട്ട് നിന്ന്.

ഒരു ടാക്സി കാറിലും, മറ്റൊരു സ്വകാര്യ കാറിലുമായി സഞ്ചരിക്കുകയായിരുന്ന യുവതിയുൾപ്പെട്ട അഞ്ചംഗ സംഘത്തെ കുടകു അയ്യങ്കേരിയിലാണ് കർണ്ണാടക പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടാൻ ശ്രമിച്ചത്.

സംഘത്തിൽപ്പെട്ട യുവതിയുൾപ്പെടെ മൂന്ന് പേർ വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടെങ്കിലും 2 പേർ പോലീസ്  പിടിയിലകപ്പെട്ടു.

ഇവരെ പോലീസ്  ചോദ്യം ചെയ്തപ്പോഴാണ്, മയക്കുമരുന്ന്  കാഞ്ഞങ്ങാട്ട് നിന്നാണെന്ന വിവരം പുറത്തു വന്നത്.

കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലകളിൽ താമസിക്കുന്ന കൗമാരക്കാരായ ഒരു സംഘം യുവാക്കൾക്ക്  മയക്കുമരുന്ന് കടത്തിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

പുറത്ത് നിന്നും കാഞ്ഞങ്ങാട്ടേക്കും, ഇവിടെ നിന്നും കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലേക്കുമെത്തുന്ന മയക്കുമരുത്ത് വീര്യം കുറഞ്ഞതാണ്.  അയ്യങ്കേരിയിലെത്തുന്ന മയക്കുമരുന്ന് കർണ്ണാടകയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൈസൂർ, കുടക്, കുശാൽനഗർ, മടിക്കേരി ടൗണുകളിലെത്തിച്ചു വിൽപ്പന നടത്തുന്നു. അമേരിക്കയിൽ നിന്നുൾപ്പെടെയെത്തുന്ന വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് കാഞ്ഞങ്ങാട്ട് നിന്നും കർണ്ണാടകയിലേക്ക് മയക്കു മരുന്ന് ഒഴുകുന്നത്.

കർണ്ണാടക പോലീസിന്റെ പിടിയിൽ നിന്നും  രക്ഷപ്പെട്ട യുവതിയുൾപ്പെട്ട സംഘത്തിൽ മലയാളികളുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നു.

ബേക്കലിൽ നിന്നുൾപ്പെടെ കാസർകോട്  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പോലീസ് അടുത്ത കാലത്ത് മയക്കു മരുന്ന് പിടികൂടിയിരുന്നു.

LatestDaily

Read Previous

രാജ്മോഹൻ ഉണ്ണിത്താനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

Read Next

നീലേശ്വരത്ത് കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു