സുനിലിന് എതിരെ കാഞ്ഞങ്ങാട്ടും കേസ് പ്രതിയുടെ വീട്ടിൽ വീണ്ടും റെയ്ഡ് ∙ രേഖകൾ പിടികൂടി

കാഞ്ഞങ്ങാട്: കൊള്ളപ്പലിശ ഇടപാടുകാരൻ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ കടവത്ത് സുനിൽകുമാറിനെതിരെ 45, ഹൊസ്ദുർഗ് പോലീസും പുതിയൊരു കേസ് റജിസ്റ്റർ ചെയ്തു. പടന്നക്കാട് ഞാണിക്കടവിൽ പ്രസാദിന്റെ ഭാര്യ ഷീബയുടെ 36, പരാതിയിലാണ് സുനിൽകുമാറിനെതിരെ വീണ്ടും പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. സ്ഥലത്തിന്റെ ആധാരം, ബാങ്ക് ചെക്ക്, മുദ്രപേപ്പറുകൾ എന്നിവ നൽകി ഒരു വർഷം മുമ്പ് ഷീബ സുനിൽകുമാറിൽ നിന്നും 85000 രൂപ ബ്ലേഡ് പലിശയ്ക്ക് കടം വാങ്ങിയിരുന്നു. മുതൽ 85000 രൂപയും ഒരു ലക്ഷം രൂപ പലിശയും ഉൾപ്പെടെ 1,85000 രൂപ ഇതിനോടകം നൽകി.

ആധാരവും ചെക്കുമുൾപ്പെടെയുള്ള രേഖകൾ തിരിച്ചു ചോദിച്ചപ്പോൾ, പലിശയായി ഒരു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് ഷീബ പരാതിയുമായി ഇന്നലെ ഹൊസ്ദുർഗ് പോലീസിലെത്തിയത്.  കേസ്സെടുത്തതിന് പിന്നാലെ എസ്ഐ, ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് ഇന്നലെ സുനിലിന്റെ കണ്ടംകുട്ടിച്ചാലിലെ വീട്ടിൽ റെയ്ഡ് നടത്തി. വീട്ടിൽ നിന്നും നിരവധി രേഖകൾ പോലീസ് കണ്ടെടുത്തു. കണ്ടംകുട്ടിച്ചാലിലെ വീട്ടിൽ പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് വീട്ടിലുണ്ടായിരുന്ന സുനിൽ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടതായി അന്വേഷണോദ്യോഗസ്ഥൻ സൂചിപ്പിച്ചു. റെയ്ഡ് നടക്കുന്ന സമയത്ത് വീട്ടിൽ ഭാര്യ മാത്രമായിരുന്നു.

കോട്ടപ്പുറത്തെ നിസാമുദ്ദീന്റെ ഭാര്യ സമീറയുടെ പരാതിയിൽ നീലേശ്വരം പോലീസ് ഒരാഴ്ച മുമ്പ് സുനികുമാറിനെതിരെ കേസ്സെടുത്തിരുന്നു.  നീലേശ്വരം എസ്ഐ, കെ.പി. സതീഷിന്റെ നേതൃത്വത്തിൽ കണ്ടംകുട്ടിച്ചാലിലെ വീട് റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത നിരവധി ആധാരമുൾപ്പെടെ രേഖകൾ നീലേശ്വരം പോലീസ് പരിശോധിച്ച് വരികയാണ്. സുനിലിൽ നിന്ന് 7 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയ സമീറ 20 ലക്ഷം രൂപ തിരിച്ചടച്ചിട്ടും 13 ലക്ഷം രൂപ കൂടി വീണ്ടും ചോദിച്ച് സുനിൽകുമാർ ഭീഷണിപ്പെടുത്തുകയായിരുന്നു. സമീറയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസ്സിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സുനിൽകുമാറിനെതിരെ സമാന രീതിയിലുള്ള കൂടുതൽ പരാതികൾ പോലീസിലെത്തിയത്.  അടുത്ത ദിവസങ്ങളിലും സുനിൽകുമാറിനെതിരെ കൂടുതൽ പരാതികളെത്തുമെന്ന് കരുതുന്നു.

LatestDaily

Read Previous

കാണിയൂർ റെയിൽ പ്പാതയ്ക്ക് ആദ്യം അനുമതി നൽകിയത് വി. എസ്. അച്യുതാനന്ദൻ

Read Next

കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ