ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മടിക്കൈ ഗ്രാമപഞ്ചായത്തിൽ വാർഡ് 14-ൽ നടന്നുവരുന്ന ഓട നിർമ്മാണം സംശയ നിഴലിൽ.
ഗ്രാമപഞ്ചായത്തിലെ നൂഞ്ഞി- കീക്കാങ്കോട്ട് പ്രദേശത്ത് ഒരു വാർഡിൽ അരക്കിലോമീറ്റർ മാത്രം ദൂരത്തിലാണ് രണ്ട് ഓടപ്പണികൾ നടന്നു വരുന്നത്. അരയിയിൽ നിന്ന് മടിക്കൈ ചാളക്കടവിലേക്ക് നൂഞ്ഞി വഴിയുള്ള കുന്നിൻപുറത്താണ് പഞ്ചായത്തിന്റെ തൊഴിലുറപ്പ് ഫണ്ടുപയോഗിച്ച് 5 ലക്ഷം രൂപ ചിലവിൽ ആദ്യം ഒരു ഓടപ്പണി ആരംഭിച്ചത്.
ഈ ഓട ഇപ്പോൾ മനുഷ്യന്റെ അസ്ഥികൂടംപോലെ റോഡരികിൽ മരണക്കെണി ഒരുക്കി എല്ലും തോലുമായി നൂഞ്ഞി നിവാസികളോട് കൊഞ്ഞനം കുത്തി നിൽക്കുമ്പോഴാണ്, ഈ ഓടയ്ക്ക് വെറും അരക്കിലോമീറ്റർ അടുത്ത് ഇതേ വാർഡ് 14-ൽ കീക്കാങ്കോട്ട് – കാലിച്ചാംപൊതി റോഡിലെ കുന്നിൻപുറത്തുള്ള ഒന്നാന്തരം റോഡരികിൽ മറ്റൊരു ഓട നിർമ്മാണത്തിന് ചെർക്കള കരാറുകാരൻ കുഴിയെടുത്തത്. കീക്കാങ്കോട്ട്- കാലിച്ചാംപൊതി റോഡ് ഉറച്ച പാറപ്പുറത്ത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡാണ്.
ഈ റോഡരികിൽ ഒരു ഓടയുടെ ആവശ്യമേയില്ലാതിരുന്നിട്ടും, എന്തിനാണ് ഗ്രാമപഞ്ചായത്ത് ഭരണത്തിന്റെ അവസാന നാളുകളിൽ ഇവിടെ ഓട പണിയാൻ സ്വകാര്യ വ്യക്തികളുടെ പറമ്പ് കുത്തിയിളക്കിയതെന്ന് മടിക്കൈ പഞ്ചായത്ത് ഭരണ സമിതിക്ക് മാത്രമറിയുന്ന രഹസ്യമാണ്.
കീക്കാങ്കോട്ട് കയറ്റത്തിൽ റോഡിന് വലതുഭാഗം ജേസിബി ഉപയോഗിച്ച് രണ്ടര മീറ്റർ ആഴത്തിൽ ഒന്നാന്തരം ചുവന്ന മണ്ണ് കോരിയെടുത്ത് ടിപ്പറിൽ കടത്തുകയായിരുന്നു. 25 ലോഡ് ചുവന്ന മണ്ണ് ഈ ഓടക്കുഴിയിൽ നിന്ന് കടത്തിയതായി നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഈ മണ്ണ് ലോഡ് ഒന്നിന് 1500 രൂപയാണ് പുറംവില. മൊത്തം 37, 500 രൂപയുടെ മണ്ണ് മറിച്ചു വിറ്റുകഴിഞ്ഞുവെങ്കിലും, ഓട നിർമ്മാണത്തിനാവശ്യമായ ജില്ലിയും, മറ്റും സ്ഥലത്ത് ഇറക്കിയതായും കണ്ടില്ല. ജില്ലാ പഞ്ചായത്താണ് ഓടപ്പണിക്ക് പണം നൽകുന്നതെങ്കിലും, മരാമത്ത് റോഡിലുള്ള ഓട നിർമ്മാണത്തിന്റെ മേൽനോട്ടം മടിക്കൈ ഗ്രാമപഞ്ചായത്തിനാണ്.
ഇത് കീക്കാങ്കോട്ട് ഓടയുടെ അവസ്ഥയാണെങ്കിൽ, നൂഞ്ഞി റോഡിൽ കുത്തിയ ഓടക്കുഴിയിൽ നിന്ന് ഒരു മാസം മുമ്പ് കടത്തിയത് 45 ലോഡ് ചുവന്ന മണ്ണാണ്. ഇതും റോഡരികിലുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പ് രണ്ട് മീറ്റർ കുത്തിക്കീറി ടിപ്പർ ലോറിയിൽ കടത്തിയതാണ്.
ഇവിടെ നിന്ന് 67,500 രൂപയുടെ ഫലഭൂയിഷ്ടമായ മണ്ണാണ് ബേവിഞ്ച കരാറുകാരൻ കടത്തി വിൽപ്പന നടത്തിയത്. ഓടയ്ക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബ് പാകുന്ന ജോലി ഇത്തവണത്തെ എസ്റ്റിമേറ്റിൽ ഇല്ലെന്ന് വെളിപ്പെടുത്തിയത് നൂഞ്ഞി 14-ാം വാർഡ് കൗൺസിലർ സിപിഎമ്മിലെ ജഗദീഷാണ്.
സ്ലാബ് പണി ഇല്ലാതെ നൂറു മീറ്റർ നീളത്തിൽ ഒരു ഓട നിർമ്മിക്കാൻ 5 ലക്ഷം രൂപ ആവശ്യമില്ലെന്ന് ഈ ഓടപ്പണി പരിശോധിക്കുന്ന ഏതൊരു കണ്ണുപൊട്ടനും എളുപ്പത്തിൽ ബോധ്യപ്പെടും.
ഇരു ഓട നിർമ്മാണങ്ങളുടെയും ചുമതല ഗ്രാമപഞ്ചായത്ത് എഞ്ചിനീയർ കായക്കുളളം ഗണേഷിനാണെങ്കിലും, എഞ്ചിനീയർ ഇരു ഓടകളുടെയും നിർമ്മാണ സ്ഥലം ഒരിക്കൽപ്പോലും സന്ദർശിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിൽ നിന്ന് ബോധ്യപ്പെടുന്നുണ്ട്. നൂഞ്ഞി- കീക്കാങ്കോട്ട് ഓടപ്പണികൾക്കെതിരെ ഗ്രാമ വാസികളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.