മടിക്കൈ എസ്എസ്എൽസി ബുക്ക് രക്ഷിതാക്കൾ ആശങ്കയിൽ

നീലേശ്വരം: മടിക്കൈ അമ്പലത്തുകര ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അതി നാടകീയമായി  പ്ലസ്ടു വിദ്യാർത്ഥികളുടെ 55 എസ്എസ്എൽസി ബുക്കുകൾ അപ്രത്യക്ഷമായ സംഭവത്തിൽ രക്ഷിതാക്കളിൽ കടുത്ത ആശങ്ക പരന്നു. ഈ വിദ്യാലയത്തിൽ ഒരു വർഷം മുമ്പ് പ്ലസ് വൺ കോഴ്സിന് ചേർന്ന  55 വിദ്യാർത്ഥികളുടെ എസ്എസ്എൽസി ബുക്കുകളാണ് സ്കൂളിൽ നിന്ന് അപ്രത്യക്ഷമായത്.

സ്കൂളിലെ പ്ലസ് ടു ക്ലാസ്സിൽ സൂക്ഷിച്ച എസ്എസ്എൽസി പുസ്തകങ്ങളാണ് കാണാതായതെന്നാണ് ഈ സ്കൂളിലെ  പ്രിൻസിപ്പാളും മറ്റും പോലീസിന് നൽകിയ സൂചന. തൽസമയം എസ്എസ്എൽസി ബുക്കുകൾ സൂക്ഷിക്കേണ്ടത് സ്കൂൾ ഓഫീസ് മുറിയിലാണ്. ചോക്കും ഡസ്റ്ററും ക്ലാസ്സെടുക്കുന്ന  അധ്യാപകന്  കുറിക്കാനുള്ള  നോട്ട്  പുസ്തകവുമൊഴികെ മറ്റ് യാതൊരു സാധന സാമഗ്രികളും ക്ലാസ്സ് മുറികളിൽ സൂക്ഷിക്കാൻ പാടില്ലെന്നും, കെഇആർ റൂളിൽ പ്രത്യേകം  എടുത്തുപറയുന്നുണ്ട്.

55 എസ്എസ്്എൽസി ബുക്കുകൾ സ്കൂളിൽ നിന്ന് കാണാതായിട്ടും, സ്കൂൾ അധികൃതർ പോലീസിൽ രേഖാമുലം പരാതി നൽകുകയോ, കേസ്സെടുപ്പിച്ച് എസ്എസ്എൽസി ബുക്കുകൾ മോഷണം പോയ നിഗൂഢ വഴികൾ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും നാളിതുവരെ   നടത്തിയിട്ടില്ല. വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ട് ഡ്യൂപ്ലിക്കേറ്റ് എസ്എസ്എൽസി ബുക്കുകൾ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിച്ച് വാങ്ങാനുള്ള നീക്കങ്ങളിലാണ് പിടിഏയും, സ്കൂൾ അധ്യാപകരും ഇപ്പോഴുള്ളത്.

ഡ്യൂപ്ലിക്കേറ്റ് എസ്എസ്എൽസി ബുക്കുകൾ മൊത്തമായി അനുവദിക്കാൻ മതിയായ കാരണങ്ങളില്ലാതെ വിദ്യാഭ്യാസ വകുപ്പിന് ഒരിക്കലും കഴിയില്ല. 55 ബുക്കുകൾ കളവുപോയതാണെങ്കിൽ, പരാതിയും, പോലീസ് കേസ്സും, പോലീസ് അന്വേഷണ റിപ്പോർട്ടുമില്ലാതെ വിദ്യാഭ്യാസ വകുപ്പിന് 55 എസ്എസ്എൽസി ബുക്കുകളുടെ ഡ്യൂപ്ലിക്കേറ്റുകൾ പുറത്തിറക്കാനും നിയമം അനുവദിക്കുന്നില്ല. 55 പ്ലസ് ടു വിദ്യാർത്ഥികളുടെ ഭാവി തന്നെ അവതാളത്തിലാക്കിയ ഈ എസ്എസ്എൽസി ബുക്ക് മോഷണ സംഭവം സ്കൂൾ അധികൃതരും, പിടിഏയും   മൂടിവെക്കുന്നത് അപകടത്തിലേക്കാണ് നയിക്കുന്നത്.

Read Previous

പെരിയ ഇരട്ടക്കൊല പ്രതിക്ക് ജയിലില്‍ തലക്കടിയേറ്റു; നില ഗുരുതരം

Read Next

വീണ്ടും 15 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു, അലാമിപ്പള്ളി നീതി മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് മുക്കാൽ ലക്ഷം രൂപയും മരുന്നും കവർച്ച ചെയ്തു