ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ: നൂറോളം വിദ്യാർത്ഥികളുടെ എസ്എസ്എൽസി ബുക്കുകൾ മടിക്കൈയിലെ സ്കൂളിൽ നിന്ന് കാണാതായ സംഭവത്തിൽ രക്ഷിതാക്കൾ കടുത്ത ആശങ്കയിൽ. സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിരുന്ന എസ്എസ്എൽസി ബുക്കുകൾക്ക് പുറമെ സ്കൂളിന്റെ റബ്ബർ സീലുകളും കാണാതായിട്ടുണ്ട്. എസ്എസ്എൽസി ബുക്കുകളിൽ പതിച്ചി ട്ടുള്ള വിദ്യാർത്ഥികളുടെ ഫോട്ടോകൾ വിദ്ഗധമായി മാറ്റിവെച്ചാൽ എസ്എസ്എൽസി ബുക്കുകൊണ്ട് നിരവധി ഉപയോഗങ്ങളുണ്ട്. ബുക്കിലുള്ള വിലാസവും ബുക്കും ഉപയോഗിച്ച് പാസ്പോർട്ട് സംഘടിപ്പിക്കാൻ പോസ്റ്റ്മാനെ പണം കൊടുത്ത് സ്വാധീനിച്ചാൽ മതി.
ട്രാവൽ ഏജൻസികൾ വഴിയാണ് ഇത്തരം പാസ്പോർട്ട് തട്ടിപ്പുകൾ നടത്തിവരുന്നത്. ഹൊസ്ദുർഗ് താലൂക്കിൽ അട്ടേങ്ങാനം, കൊളവയൽ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാജ വിലാസത്തിൽ ലഭിച്ച പാസ്പോർട്ടുകൾ തട്ടിപ്പുകാർക്ക് കൈമാറിയ സംഭവത്തിൽ പോസ്റ്റ്മാൻമാർക്കെതിരെ കേസ്സുകൾ ഉയർന്നിരിക്കുന്നു. എസ്എസ്എൽസി ബുക്കുകൾ ഉപയോഗിച്ച് വ്യാജമായുണ്ടാക്കുന്ന പാസ്പോർട്ട് ഒന്നിന് 2 ലക്ഷം രൂപയോളം ട്രാവൽ ഏജന്റുമാർ ഈടാക്കി വരുന്നുണ്ട്. രാജപുരത്തും, അമ്പലത്തറയിലും, കാഞ്ഞങ്ങാട്ടും വ്യാജ പാസ്പോർട്ട് നിർമ്മിച്ചവർക്ക് അത്തരം പാസ്പോർട്ടുകൾ വെരിഫിക്കേഷൻ നടത്തിയ പോലീസ് ഉദ്യോഗസ്ഥർ കൂട്ടുനിന്ന കേസ്സുകളും കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. മടിക്കൈയിൽ എസ്എസ്എൽസി ബുക്കുകൾ കാണാതായ സംഭവം സ്കൂളധികൃതർ മൂടിവെച്ചിരിക്കയാണ്.
സ്കൂൾ ഓഫീസുമായി ബന്ധമില്ലാത്ത ഓരാൾക്ക് നൂറോളം എസ്എസ്എൽസി ബുക്കുകൾ കടത്താൻ ഒരിക്കലും സാധിക്കില്ല. ഇതു സംബന്ധിച്ച് സ്കൂളുമായി ബന്ധമുള്ള ആരെയെങ്കിലും ചോദ്യം ചെയ്യണമെങ്കിൽ, സ്കൂൾ പ്രധാനാധ്യപകന്റെ പരാതിയും കേസ്സും അത്യാവശ്യമാണ്. എസ്എസ്എൽസി ബുക്കുകൾ സ്കൂൾ ഓഫീസിൽ നിന്ന് കാണാതായ സംഭവത്തെ സ്കൂൾ അധികൃതർ ലാഘവത്തോടെയാണ് കാണുന്നത്. നൂറോളം വിദ്യാർത്ഥികളുടെ ഭാവിയാണ് എസ്എസ്എൽസി ബുക്കിലുള്ളത്. ഡ്യൂപ്ലിക്കേറ്റ് ബുക്കുകൾക്ക് അപേക്ഷിക്കണമെങ്കിൽ മതിയായ കാരണം വേണം. സ്കൂൾ പിടിഏയും മൗനത്തിലാണ്.