ഇ.ചന്ദ്രശേഖരന് വോട്ട് കുറഞ്ഞാൽ മടിക്കൈ പാർട്ടി ഉത്തരം പറയണം

യാദവ കമ്മ്യൂണിസ്റ്റ് വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. സുരേഷിന് മറിഞ്ഞ സൂചന

കാഞ്ഞങ്ങാട്:  മൂന്നാം  അങ്കത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരന്റെ വോട്ടുകളിൽ ഭൂരിപക്ഷം നന്നേ കുറഞ്ഞാൽ, മടിക്കൈ സിപിഎം നേതൃത്വം  ഉത്തരം പറയേണ്ടി വരും. കാഞ്ഞങ്ങാട് മണ്ഡലത്തിലെ മടിക്കൈ പ്രദേശത്ത് പോയ ആറുപതിറ്റാണ്ടിന് ഇപ്പുറത്ത് സിപിഎം വോട്ടുകളിൽ ജാതി ധ്രുവീകരണം സംഭവിച്ചതായി ഏതാണ്ടുറപ്പായ സാഹചര്യത്തിൽ  മന്ത്രി ചന്ദ്രശേഖരന്റെ ഭൂരിപക്ഷം പത്തായിരം വോട്ടുകളിലേക്ക്  കുത്തനെ ഇടിയുമെന്നാണ് പുതിയ കണ്ടെത്തൽ.

26000-ത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചന്ദ്രശേഖരൻ രണ്ടാം തവണ മടിക്കൈ ഉൾപ്പെടുന്ന കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചു കയറിയത്. ആദ്യ തവണയെ അപേക്ഷിച്ച് രണ്ടാം തവണ ഇടതു മുന്നണി അധികാരത്തിൽ വരുമെന്നും, ചന്ദ്രശേഖരൻ മന്ത്രിയാകുമെന്ന പ്രചാരണങ്ങൾ മണ്ഡലത്തിലെ  വോട്ടർമാരെ നന്നായി സ്വാധീനിച്ചതിന്റെ ഫലമാണ് 26000 വോട്ടുകളുടെ ഭൂരിപക്ഷം അന്ന് അദ്ദേഹത്തിന് ലഭിച്ചത്.  മൂന്നാം അങ്കത്തിൽ ചന്ദ്രശേഖരന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ തിരിച്ചടിയുണ്ടായി.

പാർട്ടി ഗ്രാമമായ മടിക്കൈയിൽ തീയ്യരും, നായൻമാരും, വാണിയരും, മണിയാണി വിഭാഗവും തിങ്ങിപ്പാർക്കുന്നുണ്ട്. രാഷ്ട്രീയം  കൊണ്ട് ഭൂരിഭാഗം പേരും കമ്മ്യൂണിസ്റ്റുകളാണ്. ഇവരിൽ  മേൽക്കൈ സിപിഎമ്മിനാണ്. പോയ രണ്ടുവർഷക്കാലത്തിനിപ്പുറം കമ്മ്യൂണിസ്റ്റ് മടിക്കൈയിൽ  വിവിധ പ്രദേശങ്ങളിൽ വല്ലാതെ ജാതി ഭ്രമം പടർന്നു കയറിയിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ ലേറ്റസ്റ്റ് നേരത്തെ പുറത്തു വിട്ടിരുന്നു. യാദവ കഴകമായ നാദക്കോട്ട് ക്ഷേത്ര ഉത്സവത്തിൽ ഇടയ്ക്ക് കാവി  തോരണങ്ങൾ ശക്തമായിരുന്നു.

മടിക്കൈയിൽ എസ് എൻ ഡി പി രൂപീകരിക്കാൻ ശ്രമിച്ച റിട്ടയേർഡ് പോലീസുദ്യോഗസ്ഥൻ സിപിഎം ആക്രമണം ഭയന്ന് ഇപ്പോഴും നിറത്തോക്കേന്തിയ പോലീസുദ്യോഗസ്ഥന്റെ കാവലിലാണ്. തൽസമയം എൻ എസ് എസ് രൂപീകരിക്കാൻ മുൻ കൈയെടുത്തവർക്ക് പ്രദേശത്ത് പ്രശ്നങ്ങളൊന്നുമുണ്ടായിട്ടുമില്ല. മടിക്കൈ ഗ്രാമ പഞ്ചായത്തിൽ  ഒരു വാർഡ് മാത്രമാണ് ബിജെപിക്കുള്ളത്. അത് കോട്ടപ്പാറ ഏച്ചിക്കാനം വാർഡാണ്. മറ്റു വാർഡുകളിൽ  കോൺഗ്രസ് കുടുംബങ്ങളുണ്ടങ്കിലും വിരലിലെണ്ണാവുന്നവർ മാത്രമാണ്.

പ്രദേശത്ത് ജാതി സംഘടനകൾ പരസ്പരം ബലം പിടിച്ച് പ്രബലരായി നിൽക്കുന്ന പുതിയ സാഹചര്യത്തിലാണ് 1977-ന് ശേഷം  മണിയാണി വിഭാഗത്തിൽപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രദേശത്തെ യാദവർക്ക് തെരഞ്ഞെടുപ്പിൽ വീണുകിട്ടിയത്. മടിക്കൈയിൽ മണിയാണി വിഭാഗം കമ്മ്യൂണിസ്റ്റുകാർ തിങ്ങിപ്പാർക്കുന്നത് നാദക്കോട്ട് നൂഞ്ഞി കാഞ്ഞിരപ്പൊയിൽ പ്രദേശങ്ങളിലുള്ള യാദവ കഴകത്തിന്റെ നിർദ്ദേശമനുസരിച്ച് നല്ലൊരു ശതമാനം വോട്ടുകൾ യാദവനായ യുഡിഎഫ് സ്ഥാനാർത്ഥി പി. വി. സുരേഷിന് മറിഞ്ഞതായി സിപിഎം നേതൃത്വം ഉറ്റുനോക്കുമ്പോൾ, ഈ ജാതി  വോട്ടു ചോർച്ചയ്ക്ക് ഉത്തരം പറയേണ്ടത് മടിക്കൈ  പഞ്ചായത്ത് മുൻ പ്രസിഡന്റ് സി. പ്രഭാകരനും, ജില്ലാ പഞ്ചായത്ത് അധ്യക്ഷ പെരിയേടത്ത് ബേബി എന്ന പി. ബേബിയുമാണ്.

ഇരുവരും മടിക്കൈയിൽ നിന്നുള്ള പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളാണ്. പാർട്ടിയെ മറി കടന്ന് ഇത്രയധികം വോട്ടുകൾ ജാതിയുടെ പേരിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മറിഞ്ഞിട്ടുണ്ടെങ്കിൽ, അത് ജില്ലയിൽ സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലെത്തിക്കുക തന്നെ ചെയ്യും. മടിക്കൈയിൽ ജാതികൾ തമ്മിൽ ഒന്നിനൊന്ന് പ്രബലരായിത്തീരുമ്പോഴും.  കമ്മ്യൂണിസ്റ്റ് നാട്ടിലെ ജാതീയത മുളയിൽ തന്നെ നുള്ളാൻ പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ സി. പ്രഭാകരനും, പി. ബേബിക്കും കഴിഞ്ഞില്ലെന്ന് പാർട്ടി തന്നെ കണ്ടെത്തും. ജാതി കൊണ്ട് പെരിയേടത്ത് ബേബിയും യാദവ കുലത്തിലാണ്. നവോത്ഥാന കാലാനന്തരമുള്ള  മടിക്കൈയിലെ ജാതീയത ബോധ്യപ്പെടണമെങ്കിൽ മെയ് 2- വരെ കാത്തിരിക്കണം. യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിഞ്ഞു വീണ യാദവ ജാതി വോട്ടുകളുടെ  കൃത്യമായ കണക്ക് മടിക്കൈയിലെ ബൂത്തുകളിൽ നിന്ന് നിഷ്പ്രയാസം കണ്ടെത്താൻ കഴിയും.

LatestDaily

Read Previous

അലംഭാവം അപകടത്തിലാക്കും

Read Next

ഇ. ചന്ദ്രശേഖരന്റെ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച നേതാക്കളോട് സിപിഐ വിശദീകരണം തേടി