ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ജില്ലാ പഞ്ചായത്ത് യുഡിഎഫിൽ നിന്ന് പിടിച്ചെടുക്കുമെന്ന വാശിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം മുൻ നിർത്തുന്ന ബേബി ബാലകൃഷ്ണൻ മടിക്കൈ ഡിവിഷനിൽ പ്രചാരണ പ്രവർത്തനങ്ങളിൽ ബഹുദൂരം മുന്നിട്ട് നിൽക്കുന്നു. അജാനൂർ– മടിക്കൈ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ട മടിക്കൈ ഡിവിഷൻ ജില്ലയിൽ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്.
കഴിഞ്ഞ തവണ 12,335 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് സിപിഎം–ലെ എം. കെ. പണിക്കർ വിജയം നേടിയത്. ഇത്തവണ ഭൂരിപക്ഷം വർദ്ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണിയും സ്ഥാനാർത്ഥി ബേബിയും പ്രചാരണരംഗത്ത് മുന്നേറുന്നത്. രണ്ട് തവണ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ബേബി നിലവിൽ മടിക്കൈ സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിക്കുന്നുണ്ട്. മഹിളാ അസോസിയേഷന്റെയും, തൊഴിലുറപ്പ് തൊഴിലാളി സംഘടനയുടെയും പ്രവർത്തനരംഗത്ത് സജീവമായ ബേബി ഇടതു മുന്നണിയുടെ ഭൂരിപക്ഷം കിട്ടിയാൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലെത്തുമെന്നതുറപ്പാണ്.
സിഎംപി ജില്ലാ കമ്മിറ്റിയംഗവും, യുവജന വിഭാഗം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ. ശ്രീജയാണ് മടിക്കൈ ഡിവിഷനിൽ ബേബിയുടെ എതിർ സ്ഥാനാർത്ഥി. മടിക്കൈ ഗ്രാമ പഞ്ചായത്ത് മുൻ അംഗം ബിജി ബാബുവും, എൻ. ഡി. എ സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. അജാനൂർ പഞ്ചായത്തിലെ ഏതാനും വാർഡുകളിലും മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ഒരു വാർഡിലും ഭൂരിപക്ഷമുള്ള ബിജെപിയും പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമാണ് അജാനൂരിൽ യുഡിഎഫിന് നല്ല സ്വാധീനമുണ്ടെങ്കിലും മടിക്കൈിൽ യുഡിഎഫിന് പറയത്തക്ക സ്വാധീനമൊന്നുമില്ല. മൂന്ന് വാർഡുകളിൽ സിപിഎം പ്രതിനിധികൾ ഗ്രാമ പഞ്ചായത്തിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലുള്ള ഇടതു മുന്നണി വോട്ടെടുപ്പ് അടുക്കുന്തോറും കൂടുതൽ കരുത്ത് നേടി ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നാണ് ഇടതു കേന്ദ്രങ്ങളുടെ അവകാശവാദം.