ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ: മടിക്കൈ ഗ്രാമ പഞ്ചായത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകാത്ത പാർട്ടി തീരുമാനങ്ങളെച്ചൊല്ലി ഗ്രാമത്തിൽ അശരീരി. ഇത്തവണ ഗ്രാമത്തലവിയായി അങ്കത്തിനൊരുങ്ങിയ പ്രീത ഇത് മൂന്നാം തവണയാണ് കളത്തിലിറങ്ങുന്നത്. ആദ്യ തവണ അഞ്ചു വർഷം പ്രീത മടിക്കൈ പഞ്ചായത്തിൽ അംഗമായി. രണ്ടാം തവണ അധ്യക്ഷ പദവിയിലെത്തി.
ഇപ്പോൾ മൂന്നാം തവണ വീണ്ടും പ്രീത അധ്യക്ഷ സ്ഥാനാർത്ഥിയായതിൽ ആർക്കൊപ്പവും പക്ഷം ചേരാത്ത ഉറച്ച കമ്മ്യൂണിസ്റ്റ് വോട്ടർമാരുടെ അശരീരികൾ പാർട്ടി കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളത്തിലെ മോസ്കോ എന്നറിയപ്പെടുന്ന മടിക്കൈയിൽ ഇത്തവണയും പുതുമുഖങ്ങൾ ആരുമില്ല. സ്ഥാനാർത്ഥികളുടെ തനിയാവർത്തനമാണ് പാർട്ടിഗ്രാമത്തിൽ ഇത്തവണയും നടന്നിട്ടുള്ളതെന്നാണ് ചുവന്ന പ്രതലത്തിൽ നിന്നു ഉയർന്നിട്ടുള്ള അശരീരി.
ഇക്കാരണം കൊണ്ടുതന്നെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അടിയൊഴുക്കിനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നത് പാർട്ടിയിൽ പക്ഷം ചേരാത്ത കമ്മ്യൂണിസ്റ്റുകളാണ്. ജില്ലയിലെ തന്നെ ഏറ്റവും വിസ്തീർണമുള്ള മടിക്കൈ ഗ്രാമത്തിൽ രാഷ്ട്രീയത്തിൽ കഴിവു തെളിയിച്ച സ്ത്രീ പുരുഷൻമാരായ പാർട്ടി പ്രവർത്തകർ ധാരാളമുള്ളപ്പോൾ, മൂന്നാം തവണയും ജനാധിപത്യത്തിന്റെ ഭാഗമാകാൻ പാർട്ടികണ്ടെത്തിയ സ്ഥാനാർത്ഥികളിൽ തനിയാവർത്തനമാണ് പ്രത്യക്ഷത്തിൽ പ്രകടമായതെന്ന് പാർട്ടി അണികൾ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലേക്ക് ഇത്തവണ ഉയർത്തിക്കാട്ടിയ വനിതയ്ക്കെതിരെ ജാതിയുടെ പേരിലല്ലെങ്കിലും, പാർട്ടിയിൽ പട തുടങ്ങിയിട്ടുണ്ട്. ഇത്തവണ പടയൊരുക്കിയവർ ജാതിക്കാർഡുകാരല്ല. മടിക്കൈയിൽ പോയ 15– വർഷക്കാലം ചില സ്ഥാപിത താൽപര്യക്കാർ ഇറക്കിയ ജാതിക്കാർഡ് ഇപ്പോൾ പാർട്ടിക്ക് തന്നെ തിരിച്ചടിയായി മാറിയതാണ് പുതുമുഖങ്ങളെ കളത്തിലിറക്കാൻ കഴിയാത്ത പരിതാപകരമായ അവസ്ഥയിലേക്ക് പാർട്ടി നേതൃത്വം എത്തിച്ചേരാനുണ്ടായ കാരണം.
കഴിവും തന്റേടവും രക്തത്തിൽ കമ്മ്യൂണിസവും അലിഞ്ഞുചേർന്നിട്ടുള്ള സ്ഥാനാർത്ഥികളെ പാർലമെന്ററി രംഗത്തേക്ക് പാർട്ടി ഉയർത്തിക്കൊണ്ടു വരുമ്പോഴും അവിടെ ഇക്കൂട്ടർ ആദ്യമെറിയുന്ന വടി ജാതിക്കാർഡാണ്. ജില്ലാ പഞ്ചായത്തിലേക്ക് വീണ്ടുമൊരങ്കത്തിന് ഇറങ്ങിപ്പുറപ്പെട്ട പി. ബേബിക്കെതിരെയും, മടിക്കൈയുടെ പാളയത്തിൽ പട തുടങ്ങിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം പി .കരുണാകരന്റെ ലീഡ് ഒരു ലക്ഷത്തിൽ നിന്ന് 7500 ലേക്ക് കുത്തനെ താണതും ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം കെ. പി. സതീഷ്ചന്ദ്രൻ പരാജയപ്പെട്ടതും, ജില്ലയിൽ പാർട്ടി തലപ്പത്തുള്ളവർ മറക്കരുതെന്ന് മടിക്കൈയിൽ ചിന്താശീലരും ബുദ്ധിരാക്ഷസൻമാരുമായ പാർട്ടി പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.