ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനാർത്ഥി നായർ വനിത
മടിക്കൈ: കമ്മ്യൂണിസ്റ്റ് ചരിത്രമുറങ്ങുന്ന മടിക്കൈ കോട്ടയ്ക്കുള്ളിൽ ജാതി സംഘടനകളുടെ വിലപേശൽ ചരിത്രത്തിലാദ്യം.
ഗ്രാമപഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ മടിക്കൈയിൽ നായർ വനിതയെ ഉയർത്തിക്കൊണ്ടു വരാനുള്ള ഗൂഢനീക്കം മടിക്കൈ പോലെ ചുവന്നു തുടുത്ത ഒരു നാട്ടിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്.
സിപിഎം ഒരാഴ്ച്ച മുമ്പ് പാർട്ടിയുടെ താഴെത്തട്ടുകളിലെത്തിച്ച ഡിജിറ്റൽ നിർദ്ദേശങ്ങളിലെ മുഖ്യ വിഷയം ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ പരിചയസമ്പന്നരും ഭരണനൈപുണ്യമുള്ളവരും, അതേ സമയം ജനസമ്മതിയുള്ളവരുമായ സ്ഥാനാർത്ഥികളെ കണ്ടെത്തി രംഗത്തിറക്കണമെന്നതാണ്.
അങ്ങിനെ വരുമ്പോൾ മുൻ ജന പ്രതിനിധികളായ ജനസമ്മതിയുള്ളവർക്കായിരിക്കും തദ്ദേശ ത്രിതല പഞ്ചായത്തുകളിൽ മത്സരിക്കാൻ അവസരം.
മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ അദ്ധ്യക്ഷ പദവിയിലേക്ക് നായർ വനിതയെ കണ്ടെത്തിയ പ്രാദേശിക പാർട്ടി നേതൃത്വത്തിന് ഏറ്റവുമൊടുവിൽ പാർട്ടി ഇറക്കിയ ‘പരചയ സമ്പന്നർ’ എന്ന സർക്കുലർ തിരിച്ചടിയാകും.
ഗ്രാമ പഞ്ചായത്തിന്റെ അദ്ധ്യക്ഷ ഇക്കുറി നായർ വനിത ആയിരിക്കണമെന്ന ജാതി രാഷ്ട്രീയം ഉരുത്തിരിഞ്ഞത് മടിക്കൈയിലെ കാലിച്ചാംപൊതി പ്രദേശത്തു നിന്നാണ്.
സ്ഥലത്തു പ്രവർത്തിക്കുന്ന ഒരു കലാസാംസ്കാരിക സംഘടന അടുത്ത കാലത്ത് ജാതി രാഷ്ട്രീയത്തിൽ പിടിമുറുക്കിയതിന്റെ ബഹിർസ്ഫുരണമാണ് നായർ വനിതാ പഞ്ചായത്ത് അദ്ധ്യക്ഷ എന്ന കറുത്ത ആശയം.
നായർ പ്രസിഡന്റ് എന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയത്തിന് പിന്നിൽ മണിയാണി-നായർ ലോബികളാണ്.
മടിക്കൈ നാട്ടിൽ ഭൂരിപക്ഷം തീയ്യ സമുദായക്കാരാണ്.
മണിയാണി വിഭാഗം രണ്ടാം സ്ഥാനത്തും, നായർ വിഭാഗം മൂന്നാം സ്ഥാനത്തുമാണ്.
വാണിയ വിഭാഗം ജാതി കൊണ്ട് നാലാം സ്ഥാനത്ത് നിൽക്കുന്നു.
കുശവ സമുദായവും ദളിതരും ഈ പാർട്ടി ഗ്രാമത്തിലുണ്ട്. കുശവരുടെ കേന്ദ്രം എരിക്കുളത്താണ്.
മൺപാത്രകലയിൽ കാലാകാലങ്ങളായി വൈദഗ്ദ്യം തെളിയിച്ചവരാണ് കുശവ വിഭാഗം.
ന്യൂനപക്ഷമായ മുസ്്ലീങ്ങൾ ചാളക്കടവ്, മുണ്ടോട്ട്, ബങ്കളം എരിക്കുളം ഭാഗങ്ങളിൽ ചുരുക്കമായുണ്ട്.
മണിയാണി വിഭാഗത്തിൽ ജന സമ്മതിയുള്ള വനിതകളില്ലാത്തതിനാൽ, നായർ വനിതയെ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത് മണിയാണി വിഭാഗം തന്നെയാണ്.
കാരണം, നായരും മണിയാണി വിഭാഗവും ഇപ്പോൾ പുടവ സംബന്ധത്തിലും മറ്റും ഒന്നു തന്നെയാണ്.
എരിക്കുളത്തെ കുശവ വിഭാഗം പരമ്പരാഗതമായി സിപിഐ പക്ഷത്തോട് മുട്ടിയുരുമ്മി നിൽക്കുന്നവരാണ്.
നവോത്ഥാന കാലത്തിൽ നിന്ന് കേരളവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഒട്ടേറെ മുന്നോട്ട് കുതിക്കുകയും, കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സ്വന്തം മകളെ മുസൽമാനായ യുവാവിന് വിവാഹം കഴിച്ചുകൊടുത്തുകൊണ്ട് നമുക്ക് ജാതിയില്ലെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ, നമുക്ക് മതമില്ലെന്ന് കൂടി തെളിയിച്ചു കൊടുത്ത കേരള നാട്ടിൽ ഇങ്ങ് വടക്കിന്റെ മണ്ണിൽ, അതും പോയ കാലത്ത് നവോത്ഥാനപ്രസ്ഥാനങ്ങൾ അതി ശക്തമായി നില കൊണ്ട മടിക്കൈയുടെ മണ്ണിൽ ഇരുപതാം നൂറ്റാണ്ടിലും , കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ തന്നെ അവരുടെ ഗ്രാമത്തലവിയെ തെരഞ്ഞെടുക്കാൻ ജാതി ചോദിക്കുമ്പോൾ, അപമാനിതരാകുന്നത്, ഏകെജിയും, ഇഎംഎസ്സും, കെ.മാധവനും, രസിക ശിരോമണി കോമൻ നായരും ഏ.സി കണ്ണൻ നായരും തുടങ്ങിയ നവേത്ഥാന നായകരാണ്.
മടിക്കൈയിലെ വോട്ടർമാരിൽ ജാതി കുത്തി നിറച്ച് വോട്ട് വാങ്ങി ഗ്രാമഭരണം കൈയ്പ്പിടിയിലൊതുക്കാനുള്ള ജുഗുപ്സാവഹമായ ഗൂഡ തന്ത്രങ്ങളാണ് മടിക്കൈയിൽ അരങ്ങേറാനിരിക്കുന്നത്.
നവോത്ഥാന കാലത്തിൽ നിന്ന് വീണ്ടും ഇരുണ്ട കാലഘട്ടത്തിലേക്ക് ജനതയെ നയിക്കാനുള്ള അപകടകരമായ നിർമ്മിതിക്കാണ് മടിക്കൈയിലെ ഒരു പറ്റം പാർട്ടി സഖാക്കൾ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്.
തീയ്യനായ മടിക്കൈയിലെ ഒരു തൊഴിലാളി കമ്മ്യൂണിസ്റ്റ് മരിച്ചപ്പോൾ ശവദാഹത്തിന് വാണിയരുടെ ശ്മശാനത്തിൽ നിന്നുള്ള ഇരുമ്പ് മറ നൽകാൻ വിസമ്മതിച്ചതും, മടിക്കൈ നൂഞ്ഞി പ്രദേശത്തുള്ള ക്ഷേത്ര നിർമ്മാണ ആലോചനാ യോഗത്തിൽ തീയ്യർ പാകം ചെയ്ത ഭക്ഷണത്തിന് ഭ്രഷ്ട് കൽപ്പിച്ച് മണിയാണി വിഭാഗ
ക്കാരായ ക്ഷേത്ര സ്ഥാനികർ ഇറങ്ങിപ്പോയ സംഭവവും മടിക്കൈയിൽ പടരാൻ തുടങ്ങിയ ജാതി ഭ്രാന്തിന്റെ ഭാഗം തന്നെയാണ്.