ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വോട്ടുചോർച്ചയെക്കുറിച്ച് പത്രസമ്മേളനത്തിൽ ഒരക്ഷരം മിണ്ടിയില്ല
കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് മോസ്കോ എന്നറിയപ്പെടുന്ന മടിക്കൈ പ്രദേശത്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും, ശക്തി പ്രാപിച്ചുവരുന്ന ജാതിരാഷ്ട്രീയത്തിന്റെ ഉള്ളറകൾ ഉദാഹരണ തെളിവുകൾ സഹിതം പുറത്തുവിട്ട ലേറ്റസ്റ്റിനെതിരെ മടിക്കൈ സിപിഎം ഇന്നലെ നടത്തിയ പത്രസമ്മേളനം പാർട്ടി അണികളുടെ കണ്ണിൽ പൊടിയിടാനുള്ള ചാണക്യ സൂത്രം .
മടിക്കൈ പ്രദേശത്ത് പാർട്ടിയിൽ പിടിമുറുക്കി വരുന്ന ജാതി വക്താക്കളെക്കുറിച്ച് പത്രസമ്മേളനത്തിൽ സംബന്ധിച്ച മാധ്യമപ്രവർത്തകർക്ക് നൽകിയ പത്രക്കുറിപ്പിൽ കാര്യമായി ഒന്നും പറയുന്നില്ല.
മാത്രമല്ല, ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ, മടിക്കൈ പഞ്ചായത്തിലെ കാലിച്ചാംപൊതി വാർഡ് 15-ൽ ഒരു ബൂത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കെ. പി. സതീഷ്ചന്ദ്രന്റെ ഇലക്ട്രോണിക്സ് യന്ത്രത്തിൽ ന്യായമായും വീഴേണ്ടിയിരുന്ന 136 വോട്ടുകൾ താമരയിൽ വീണതിനെക്കുറിച്ചും ഒന്നും പറയുന്നില്ല.
മടിക്കൈ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ സി. പ്രഭാകരനാണ് ലേറ്റസ്റ്റ് വാർത്തകൾക്ക് മറുപടി പറയാൻ പത്രസമ്മേളനം വിളിച്ചു ചേർത്തതെങ്കിലും, പത്രലേഖകർക്ക് വിതരണം ചെയ്ത പത്രക്കുറിപ്പിനടിയിൽ സി. പ്രഭാകരൻ സിപിഎം ജില്ലാക്കമ്മറ്റി എന്നാണ് അച്ചടിച്ചു കാണുന്നത്.
അപ്പോൾ, അഞ്ചു ലോക്കൽ കമ്മറ്റികളും 1100 പാർട്ടി അംഗങ്ങളുമുണ്ടെന്ന് അവകാശപ്പെടുന്ന മടിക്കൈ പ്രദേശത്തിന്റെ കാര്യങ്ങൾ മാധ്യമങ്ങളോടു പറയാൻ പത്രസമ്മേളനം വിളിച്ചു ചേർത്തത് പാർട്ടി ജില്ലാ കമ്മറ്റിയാണോയെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്.
പി. ബേബി, സി. പ്രഭാകരൻ, പി. ബാലൻ, എം. രാജൻ, ബങ്കളം വി. പ്രകാശൻ എന്നിവർ പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. മൂന്ന് പേജുകൾ വരുന്നതും ഡിടിപി ചെയ്തതുമായ പത്രക്കുറിപ്പ് മാധ്യമപ്രവർത്തകർക്ക് വിതരണം ചെയ്തിരുന്നു.
ഈ പത്രക്കുറിപ്പിൽ ഏറിയ കൂറും മടിക്കൈയിൽ റോഡുകളും പാലങ്ങളും, പഞ്ചായത്തിൽ 4 ഹയർസെക്കൻഡറി സ്കൂളുകളും പോയ 70 വർഷത്തെ വികസനമെന്ന് അവകാശപ്പെടുകയാണ്. പോയ 70 വർഷക്കാലം കേരളത്തിലെ ഒട്ടുമുക്കാൽ ഗ്രാമപഞ്ചായത്തുകളിലും ജനകീയാസൂത്രണം വഴി ഉണ്ടായിട്ടുള്ള വികസനം മാത്രമാണ് മടിക്കൈ പഞ്ചായത്തിലുമുണ്ടായിട്ടുള്ളത്. പ്രദേശത്തുള്ള രണ്ട് പാലങ്ങൾ ഗ്രാമപഞ്ചായത്തിന്റെ പരിശ്രമത്തിൽപ്പെട്ടതല്ല.
അത് മടിക്കൈ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചുപോയ എംഎൽഏമാരുടെ സംഭാവനയാണെന്ന് പോലും പത്രസമ്മേളനത്തിൽ സംബന്ധിച്ച പ്രാദേശിക സിപിഎം നേതാക്കൾ വിസ്മരിച്ചു കളഞ്ഞു. ഗ്രാമപഞ്ചായത്തിന് വർഷംതോറും സർക്കാരിൽ നിന്ന് ലഭ്യമായിട്ടുള്ള പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള വികസനത്തിനപ്പുറം യാതൊരു സ്വപ്ന പദ്ധതിയും മടിക്കൈയിൽ നാളിതുവരെ ഉണ്ടായിട്ടില്ല.
മടിക്കൈയിൽ മാംസ സംസ്ക്കരണഫാക്ടറി അനുവദിച്ചിട്ട് വർഷം ഒന്നു കഴിഞ്ഞിട്ടും ഫാക്ടറി ആരംഭിക്കാനാവശ്യമായ നടപടികൾ മുട്ടിൽ ഇഴയുകയാണ്.
അഞ്ചു ലോക്കൽ കമ്മറ്റികളുണ്ടെന്ന് അവകാശപ്പെടുന്ന മടിക്കൈയിൽ ആകെയുള്ളത് ഒരു പൊതുശ്മശാനമാണ്. ഈ ശ്മശാനമാകട്ടെ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും തെക്കുകിഴക്കുഭാഗത്ത് നീലേശ്വരം നഗരസഭയുടെ അതിർത്തിയിൽ എരിക്കുളത്താണ്.
പഞ്ചായത്തിന്റെ വടക്കേയറ്റത്ത് കാലിച്ചാംപൊതി പ്രദേശത്ത് ഒരാൾ മരിച്ചാൽ മൃതദേഹം ദഹിപ്പിക്കാൻ ചുരുങ്ങിയത് 4 കിലോമീറ്റർ അകലെയുള്ള പൊതു ശ്മശാനത്തിൽ കൊണ്ടുപോകണം. പൊതുശ്മശാനമില്ലാത്തതുമൂലം നായർ, വാണിയ, ജാതിക്കാർ മൃതദേഹം ദഹിപ്പിക്കാൻ സ്വന്തം ജാതിയുടെ പേരിലുള്ള ഇരുമ്പുമറയും, ദഹിപ്പിക്കൽ സാമഗ്രികളുമുണ്ടാക്കിവെച്ചു.
ഈ സാമഗ്രികൾ മറ്റുജാതിക്കാരുടെ ശവദാഹത്തിന് നൽകാതെ വന്ന സംഭവം മടിക്കൈയിൽ ജാതീയത പാരമ്യത്തിലെത്തി നിൽക്കുന്നതിനുള്ള മകുടോദഹരണം തന്നെയാണ്.
70 വർഷത്തെ വികസനം ചൂണ്ടിക്കാണിക്കുന്ന ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ പതിനഞ്ചു വർഷക്കാലം പ്രസിഡണ്ട് പദവിയിലിരുന്ന നാലു മുൻ പ്രസിഡണ്ടുമാർ ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ സംബന്ധിച്ചിരുന്നു.
പി. ബേബി, എം. രാജൻ, ബി. ബാലൻ, ബങ്കളം വി. പ്രകാശൻ, സി. പ്രഭാകരൻ എന്നിവരാണ് പത്രസമ്മേളനത്തിൽ സന്നിഹിതരായവർ.
ലേറ്റസ്റ്റിനെ ടോയ്്ലറ്റ് പത്രമെന്നും, മഞ്ഞപ്പത്രമെന്നും ട്രോളുകളിൽ വിളിച്ചാക്ഷേപിച്ചവർ എന്തിന് അത്തരമൊരു പത്രം പുറത്തുവിട്ട സത്യങ്ങൾക്കെതിരെ പത്രസമ്മേളനം വിളിച്ചുവെന്നത് മർമ്മപ്രധാനമായ ചോദ്യം തന്നെയാണ്.