ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് ആധിപത്യ പ്രദേശമായ മടിക്കൈ സിപിഎമ്മിൽ ഇതിനകം പടർന്നുപിടിച്ച ജാതിവൈറസ് വാർത്തകൾ ലേറ്റസ്റ്റ് വായനക്കാരിലുണ്ടാക്കിയ പ്രതികരണം ലേറ്റസ്റ്റിന്റെ നാലു പതിറ്റാണ്ടുകാലത്തെ ചരിത്രത്തിലാദ്യം.
ജാതിരാഷ്ട്രീയം മടിക്കൈയിൽ ഇല്ലെന്ന് പത്ര സമ്മേളനം വിളിച്ചു ചേർത്ത് മടിക്കൈയിലെ നാലു കമ്മ്യൂണിസ്റ്റ് പ്രവർത്തകർ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വെളിപ്പെടുത്തിയെങ്കിലും, ദേശാഭിമാനിയും, ലേറ്റസ്റ്റുമൊഴികെയുള്ള ഇതര മാധ്യമങ്ങളൊന്നും ഈ പത്ര സമ്മേളനം അത്ര കാര്യമാക്കിയിരുന്നില്ല.
മടിക്കൈ പഞ്ചായത്ത് മുൻ അധ്യക്ഷ പി. ബേബി, സിപിഎം ജില്ലാ കമ്മിറ്റിയംഗവും, മടിക്കൈ ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷനുമായ സി. പ്രഭാകരൻ, ബങ്കളം ലേക്കൽ സിക്രട്ടറി വി. പ്രകാശൻ, മറ്റൊരു എൽസിയംഗം പി. ബാലൻ എന്നിവരാണ് മടിക്കൈ ലേറ്റസ്റ്റ് വാർത്തകൾക്കെതിരെ കാഞ്ഞങ്ങാട്ട് പത്ര സമ്മേളനം വിളിച്ചു ചേർത്തത്.
പത്രസമ്മേളനത്തിന് ശേഷവും, മടിക്കൈ ജാതി രാഷ്ട്രീയ വാർത്തകൾ തെളിവുകളുടെ ബലത്തിൽ നിരത്തിയപ്പോൾ, ലേറ്റസ്റ്റ് വാർത്തകൾ സമൂഹമാധ്യമങ്ങളിലും നാലാൾ കൂടുന്നിടത്തും, ചർച്ച ചെയ്യരുതെന്ന നവോത്ഥാനകാലത്തിനുമപ്പുറത്തുള്ള പ്രാകൃത നിർദ്ദേശം ഇപ്പോൾ അണികൾക്ക് നൽകിയിരിക്കയാണ് മടിക്കൈ പാർട്ടി.
ഈ നിർദ്ദേശം അണികൾ പരസ്യമായി അംഗീകരിച്ചുവെങ്കിലും, രഹസ്യമായി ഫേസ്ബുക്കിലും, വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ചർച്ച ചെയ്യുന്നുണ്ട്.
തുണികൊണ്ട് മൂടി വെച്ച അവയവത്തിന്റെ അകം പൊരുൾ അറിയാനുള്ള ത്വരയും, മൂടിവെച്ചത് എന്തായാലും അതിന്റെ സൗന്ദര്യം നുകരാനുള്ള താൽപ്പര്യവുമാണ് മടിക്കൈ യുവതലമുറയിൽ വാക്കാലുള്ള ഈ പാർട്ടി നിർദ്ദേശം ഇപ്പോഴുണ്ടായിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇടക്കിടെ കേരള ജനതയെ ഓർമ്മിപ്പിക്കുന്ന നവോത്ഥാന കാലത്തെ അസ്പൃശ്യതയ്ക്കെതിരെ (തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽപ്പെട്ടാലും, ദോഷമുള്ളോർ) ശബ്ദിക്കുമ്പോഴും, നവോത്ഥാന കാലത്ത് പണിയെടുത്ത നാലണ കൂലിക്ക്, നായർ തറവാട്ടു മുറ്റങ്ങളിൽ ചുമലിലിട്ട തോർത്തുമുണ്ട് അരയിൽ മാറ്റിക്കെട്ടി, പാളത്തൊപ്പിയിൽ കഞ്ഞിവെള്ളം കുടിച്ച കർഷകത്തൊഴിലാളിയായ തീയ്യൻ ഇന്ന് 21-ാം നൂറ്റാണ്ടിൽ മരണപ്പെട്ടപ്പോൾ, ശവദാഹത്തിന് ശ്മശാനത്തിൽ മൂടുന്ന ഇരുമ്പുമറ നൽകാനാവില്ലെന്ന് ശഠിച്ച മടിക്കൈയിലെ നായർ-വാണിയ സംഘടനകളുടെ തീരുമാനം ലേറ്റസ്റ്റ് കെട്ടിച്ചമച്ച കഥയല്ലെന്ന് മടിക്കൈയ്ക്ക് പുറത്തുള്ളവർക്ക് കൂടി കക്ഷിരാഷ്ട്രീയ ഭേദമന്യേ ബോധ്യപ്പെട്ട സംഗതിയാണ്.
രണ്ടുവർഷം മുമ്പ് മടിക്കൈയിൽ താമര വിരിയുന്നുവെന്ന ശീർഷകത്തിൽ ലേറ്റസ്റ്റ് മടിക്കൈയുടെ പുലികളുറങ്ങുന്ന രാഷ്ട്രീയ മാളങ്ങളിലിറങ്ങി ശേഖരിച്ച് പുറത്തു വിട്ട വാർത്താപരമ്പരയ്ക്കെതിരെയും, ലേറ്റസ്റ്റ് കെട്ടിച്ചമച്ച കഥയാണ് മടിക്കൈയിലെ താമരയെന്ന് കള്ളം പറഞ്ഞ് ലേറ്റസ്റ്റിനെ അധിക്ഷേപിച്ചു കൊണ്ട് മടിക്കൈ പാർട്ടി അന്ന് പത്ര സമ്മേളനം നടത്തിയിരുന്നു.
അന്ന് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ പാർലിമെന്റംഗവും, മുൻ എംഎൽഏ, കെ.പി. സതീഷ്ചന്ദ്രൻ പാർട്ടി ജില്ലാ സിക്രട്ടറിയുമായിരുന്നു.
വർഷം 2 പിന്നിട്ടപ്പോൾ, ഏറ്റവുമൊടുവിലിതാ രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് മണ്ഡലത്തിൽ 48,488 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയം കൊയ്ത കാസർകോട്ടെ മടിക്കൈ കാലിച്ചാംപൊതി വാർഡിൽ, ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ 136 വോട്ടുകൾ അതിസുന്ദരമായി രവീശതന്ത്രി കുണ്ടാറിന്റെ സ്വന്തം താമരയ്ക്ക് വീണത്.
ഒരു വാർഡിൽ മാത്രമാണ് 136 വോട്ടുകൾ താമരയ്ക്ക് നൽകി പാർട്ടി അംഗങ്ങൾ ബാലറ്റ് പത്രികയിലൂടെ അതിശക്തമായി പാർട്ടി പ്രാദേശിക നേതൃത്വത്തോടുള്ള അവരുടെ പ്രതിഷേധം ഉറപ്പാക്കി കാണിച്ചു കൊടുത്തത്.
ഈ വോട്ടു മറിയലിനെക്കുറിച്ചും, പി. ബേബിയുടെയും മടിക്കൈ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, സാംസ്കാരിക പ്രവർത്തകനുമായ ശശീന്ദ്രൻ മടിക്കൈയുടെയും നേതൃത്വത്തിലുള്ള മടിക്കൈ പാർട്ടി ഇപ്പോഴും ഒന്നും മിണ്ടുന്നില്ല.
മടിക്കൈ പാർട്ടി അണികൾക്ക് പാർട്ടിയോട് പ്രശ്നങ്ങളില്ല. മടിക്കൈ ഗ്രാമത്തെ ഒരു നൂറാണ്ട് പിന്നോട്ടു നയിക്കുന്ന മടിക്കൈയിലെ പ്രദേശിക നോതൃത്വത്തോടും അവരിൽ ചിലരുടെയെങ്കിലും അഴിമതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര-ജില്ലാ നേതൃത്വങ്ങളോടുമാണ് പ്രതിഷേധം കനത്തു വരുന്നത്.