ബ്ലേഡ് സുനിൽ കേസിൽ അന്വേഷണം വഴിമുട്ടി

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പ് മുൻ നിർത്തി അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവൻ സ്ഥലം മാറ്റിയതോടെ നീലേശ്വരം- ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ബ്ലേഡിടപാട് കേസിന്റെ അന്വേഷണം വഴിമുട്ടി. നീലേശ്വരത്ത് രജിസ്റ്റർ ചെയ്ത കേസിൽ എസ്ഐ, കെ. പി. സതീഷും ഹോസ്ദുർഗ്ഗിൽ മറ്റൊരു കേസിൽ എസ്ഐ, ബാലകൃഷ്ണനുമാണ് അന്വേഷണം നടത്തിയിരുന്നത്. ബ്ലേഡിടപാടുകാരൻ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ സുനിൽ കടവത്താണ് ഇരു കേസുകളിലും പ്രതി.

ബന്ധുക്കളുടെയും പ്രതിയുടെ മടിക്കൈയിലുള്ള വീട്ടിലും റെയ്ഡ് നടത്തിയ പോലീസ് പലരിൽ നിന്നും ഈടായി വാങ്ങി സൂക്ഷിച്ചിരുന്ന ആധാരമുൾപ്പെടെയുള്ള രേഖകൾ പിടികൂടിയിരുന്നു.  പോലീസ് അന്വേഷണം ശക്തമാക്കിയതോടെ മുങ്ങിയ സുനിലിനെ പിടികൂടാൻ , സുനിലിന്റെ വീട്ടു പരിസരത്തുൾപ്പെടെ രഹസ്യ പോലീസിനെ നിയോഗിച്ചെങ്കിലും, കണ്ടെത്താനായില്ല. പ്രതിയെ കുടുക്കാൻ എസ്ഐ, കെ.പി. സതീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് അദ്ദേഹം സ്ഥലം മാറ്റിപ്പോയത്. പുതുതായി ചുമതലയേറ്റ ഹോസ്ദുർഗ്ഗ്- നീലേശ്വരം എസ്ഐമാർ കേസുകളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും എങ്ങുമെത്താത്ത അവസ്ഥയാണ്.

പ്രതിയെ പിടികൂടാനുള്ള പോലീസിന്റെ ശ്രമത്തിന് വേഗത കുറഞ്ഞു. കഴുത്തറുക്കുന്ന രീതിയിലാണ് സുനിൽ ഇടപാടുകാരിൽ നിന്നും പലിശ ഈടാക്കിയിരുന്നത്. സുനിലിന്റെ വീട്ടിൽ നിന്നും പിടികൂടിയ ആധാരമുടമകളിൽ നിന്നും മൊഴിയെടുക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് സ്റ്റേഷനിൽ നേരിട്ട് ലഭിച്ച പരാതികളിലും സുനിലിനെതിരെ കൂടുതൽ കേസുകൾ ഉൾപ്പെടെ നടപടികൾ സ്വീകരിക്കേണ്ടതായിട്ടുണ്ടെങ്കിലും ഒന്നും നടന്നില്ല.

LatestDaily

Read Previous

അടച്ചിട്ട അതിർത്തികൾ

Read Next

മന്ത്രി ഇ.ചന്ദ്രശേഖരന്റെ മൂന്നാമങ്കം സിപിഐയിൽ പ്രതിഷേധം കടുത്തു