സുനിൽ ജില്ല വിട്ടു ബ്ലേഡിൽ കുടുങ്ങിയ മൂന്ന് പേരിൽ നിന്നും പോലീസ് മൊഴിയെടുത്തു

കാഞ്ഞങ്ങാട്: പോലീസ് അന്വേഷണം ശക്തമാക്കിയതോടെ, കൊള്ളപ്പലിശ ഇടപാട് കേസ്സിലെ പ്രതി മടിക്കൈ കണ്ടംകുട്ടിച്ചാലിലെ കടവത്ത് സുനിൽകുമാർ 45, കാസർകോട് ജില്ല വിട്ടു. നീലേശ്വരം- ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ റജിസ്റ്റർ ചെയ്തതോടെയാണ് സുനിൽകുമാർ കാസർകോട് വിട്ടത്.

പ്രതി ജില്ല വിട്ടതായി പോലീസ് ഉറപ്പാക്കിയിട്ടുണ്ട്. സുനിലിന്റെ പേരിലുള്ള മൊബൈൽ ഫോണുകൾ മുഴുവൻ സ്വിച്ച് ഓഫിലാണ്. പ്രതിയുടെ സെൽഫോണുകൾ നിരീക്ഷണത്തിലാണെന്ന് മനസ്സിലാക്കിയ സുനിൽകുമാർ സ്വന്തം പേരിലുള്ള എല്ലാ ഫോണുകളും സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റ ഉത്തരവെത്തിയ സാഹചര്യത്തിൽ സുനിലിന്റെ അറസ്റ്റ് നീളുമെന്നാണ് സൂചന.

സുനിലിനെ പിടികൂടാൻ പോലീസ് അന്വേഷണം ശക്തമാക്കിയെങ്കിലും, രാഷ്ട്രീയ സംരക്ഷണമുള്ള പ്രതി ഒളിത്താവളത്തിലേക്ക് കടക്കുകയായിരുന്നു. പ്രതി കോടതി വഴി മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ഇതിനിടയിൽ സുനിൽകുമാറിനോട് ബ്ലേഡിടപാട് വഴി വൻതുക കടം വാങ്ങിയ മൂന്ന് പേരിൽ നിന്നും നീലേശ്വരം പോലീസ്് മൊഴിയെടുത്തു.

സുനിൽകുമാറിന്റെ വീട് റെയ്ഡ് ചെയ്തപ്പോൾ, ലഭിച്ച ആധാരങ്ങളുടെ ഉടമകളിൽ നിന്നുമാണ് പോലീസ് മൊഴിയെടുത്തത്. പോലീസിന് നൽകിയ മൊഴിയിൽ മൂന്ന് പേരും സുനിൽകുമാറിൽ നിന്നും ബ്ലേഡ് പലിശയ്ക്ക് കടം വാങ്ങിയതായി വ്യക്തമാക്കിയിട്ടുണ്ട്.  മൊഴി നൽകിയ മൂന്ന് പേരെ നീലേശ്വരം പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ സാക്ഷികളാക്കാനാണ് പോലീസ് തീരുമാനം.

Read Previous

മടിക്കൈയിൽ പത്തോളം ബ്ലേഡുകൾ

Read Next

നിയമസഭാ തെരഞ്ഞെടുപ്പ്: പോലീസിൽ കൂട്ട സ്ഥലം മാറ്റം പി. കെ. മണി ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ